'നീരജിന്‍റെ നേട്ടത്തില്‍ സന്തോഷം', അഭിനന്ദനവുമായി അഞ്ജു ബോബി ജോര്‍ജ്

 2003 ല്‍ അജ്ഞു ബോബി ജോര്‍ജിന്‍റെ വെങ്കലത്തിന് ശേഷം ഇന്ത്യയുടെ ആദ്യ മെഡലാണ് നീരജ് ചോപ്രയിലൂടെ ഇന്ത്യയിലേക്ക് എത്തിയിരിക്കുന്നത്. 
 

Anju Bobby George congratulate  Neeraj Chopra

തിരുവനന്തപുരം: ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍(World Athletics Championship 2022) വെള്ളി നേട്ടം സ്വന്തമാക്കിയ നീരജ് ചോപ്രയെ(Neeraj Chopra) അഭിനന്ദിച്ച് അഞ്ജു ബോബി ജോര്‍ജ്(Anju Bobby George). 'നീരജിന്‍റെ നേട്ടത്തില്‍ വളരെ സന്തോഷം. അത്‌ലറ്റിക്‌സില്‍ ഒരു ലോക മെഡലിന് വേണ്ടി കഴിഞ്ഞ 19 വര്‍ഷമായി കാത്തിരിക്കുകയായിരുന്നു. അത് നീരജിലൂടെ സാധിച്ചതില്‍ വളരെ സന്തോഷം. മെഡലുമായി തിരിച്ചെത്തുന്ന നീരജ് ചോപ്രയെ സ്വീകരിക്കാന്‍ താനുണ്ടാവും' എന്നും അഞ്ജു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 2003ലെ അഞ്ജു ബോബി ജോര്‍ജിന്‍റെ വെങ്കലത്തിന് ശേഷം ലോക മീറ്റില്‍ ഇന്ത്യയുടെ ആദ്യ മെഡലാണ് നീരജ് ചോപ്രയിലൂടെ രാജ്യത്തെത്തുന്നത്. 

പുരുഷന്‍മാരുടെ ജാവലിന്‍ ത്രോയില്‍ നീരജ് ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ വെള്ളിയാണ് നേടിയത്. ഗ്രാനഡയുടെ ലോക ചാമ്പ്യന്‍ ആന്‍ഡേഴ്സണ്‍ പീറ്റേഴ്സ് സ്വര്‍ണം നിലനിര്‍ത്തി. നേരത്തെ യോഗ്യതാ റൗണ്ടിൽ 88.39 മീറ്റർ ദൂരത്തോടെ രണ്ടാം സ്ഥാനക്കാരനായായിരുന്നു നീരജ് ചോപ്ര ഫൈനലിന് യോഗ്യത നേടിയത്. 2003ലെ പാരീസ് ചാമ്പ്യൻഷിപ്പില്‍ അഞ്ജു ബോബി ജോര്‍ജ് വെങ്കല മെഡൽ നേടിയതിന് ശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ താരം ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ മെഡലണിയുന്നത്. അതേസമയം 4x400 മീറ്റര്‍ റിലേയില്‍ ഇന്ത്യന്‍ പുരുഷ ടീം ഹിറ്റ്‌സില്‍ പുറത്തായി. 

നീരജ് രാജാവായ ടോക്കിയോ

ഒളിംപിക്‌സ് ചരിത്രത്തില്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡില്‍ ഇന്ത്യയുടെ ആദ്യ മെഡലാണ് ജാവലിനില്‍ നീരജ് ചോപ്ര സ്വര്‍ണത്തിലൂടെ സ്വന്തമാക്കിയത്. ടോക്കിയോയില്‍ 87.58 ദൂരം താണ്ടിയായിരുന്നു നീരജിന്‍റെ സ്വര്‍ണ നേട്ടം. ആദ്യ ശ്രമത്തില്‍ 87.03 മീറ്റര്‍ ദൂരം എറിഞ്ഞ് ഒന്നാമതെത്തിയ നീരജ് രണ്ടാം ശ്രമത്തില്‍ 87.58 മീറ്റര്‍ ദൂരം പിന്നിട്ട് സ്ഥാനം നിലനിര്‍ത്തി. മൂന്നാം ശ്രമത്തില്‍ 76.79 മീറ്ററെ താണ്ടിയുള്ളൂവെങ്കിലും അവസാന റൗണ്ടിലേക്ക് ഒന്നാമനായി തന്നെ നീരജ് യോഗ്യത നേടി. അവസാന മൂന്ന് റൗണ്ടിലെ നീരജിന്‍റെ നാലാമത്തെയും അഞ്ചാമത്തെയും ശ്രമങ്ങള്‍ ഫൗളായെങ്കിലും പിന്നീടാരും നീരജിനെ വെല്ലുന്ന ത്രോ പുറത്തെടുത്തിരുന്നില്ല.

Latest Videos
Follow Us:
Download App:
  • android
  • ios