All England Open 2022: ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍: ലക്ഷ്യ സെന്നിന് ക്വാര്‍ട്ടറില്‍ വാക്കോവര്‍, സെമിയില്‍
നേരത്തെ പ്രീക്വാര്‍ട്ടറില്‍ ലോക മൂന്നാം നമ്പര്‍ താരം ഡെന്‍മാര്‍ക്കിന്‍റെ ആന്‍ഡേഴ്സ് അന്‍റോണ്‍സനെ നേരിട്ടുള്ള ഗെയിമുകളില്‍ വീഴ്ത്തിയാണ് ഇരുപതുകാരനായ ലക്ഷ്യ സെന്‍ ക്വാര്‍ട്ടറിലെത്തിയത്.
ലണ്ടന്‍: ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പില്‍(All England Championship) പുരുഷ വിഭാഗത്തില്‍ ഇന്ത്യയുടെ ലക്ഷ്യ സെന്‍(Lakshya Sen) സെമിയിലെത്തി. ക്വാര്‍ട്ടറില്‍ വാക്കോവര്‍ ലഭിച്ചതോടെയാണ് ഇന്ത്യന്‍ താരം സെമിയിലേക്ക് മുന്നേറിയത്. ക്വാര്‍ട്ടറില്‍ ലക്ഷ്യയുടെ എതിരാളിയായിരുന്ന ചൈനയുടെ ലു ഗുവാങ് സു മത്സരത്തില്‍ നിന്ന് പിന്‍മാറിയതോടെയാണ് ലക്ഷ്യ സെമിയിലെത്തിയത്. നിലവിലെ ചാമ്പ്യന്‍ മലേഷ്യയുടെ ലീ സി ജിയ-മുന്‍ ലോക ഒന്നാം നമ്പര്‍ താരം ജപ്പാന്‍റെ കെന്‍റോ മൊമോട്ട ക്വാര്‍ട്ടര്‍ പോരാട്ടത്തിലെ വിജയിയെയാണ് ലക്ഷ്യ സെമിയില്‍ നേരിടുക.
നേരത്തെ പ്രീക്വാര്‍ട്ടറില്‍ ലോക മൂന്നാം നമ്പര്‍ താരം ഡെന്‍മാര്‍ക്കിന്‍റെ ആന്‍ഡേഴ്സ് അന്‍റോണ്‍സനെ നേരിട്ടുള്ള ഗെയിമുകളില്‍ വീഴ്ത്തിയാണ് ഇരുപതുകാരനായ ലക്ഷ്യ സെന്‍ ക്വാര്‍ട്ടറിലെത്തിയത്.ലോക ബാഡ്മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ രണ്ട് തവണ(2109, 2021) ചാമ്പ്യനായിട്ടുളള താരമാണ് അന്‍റോണ്‍സന്‍. രാജ്യാന്തര ടൂര്‍ണമെന്‍റില്‍ ആദ്യാമായാണ് ലക്ഷ്യ സെന്‍ അന്‍റോണ്‍സെന്നിനെ നേരിട്ടത്.
ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ സിംഗിള്‍സില്‍ ഇന്ത്യയുടെ അവേശേഷിക്കുന്ന ഏക പ്രതീക്ഷയാണ് ലക്ഷ്യ സെന്‍. ഇന്ത്യന്‍ പ്രതീക്ഷകളായിരുന്ന സൈന നെഹ്‌വാള്‍, പി വി സിന്ധു, കിഡംബി ശ്രീകാന്ത് എന്നിവര്‍ നേരത്തെ പ്രീ ക്വാര്‍ട്ടറില്‍ പുറത്തായിരുന്നു. ഇന്ന് നടന്ന പുരുഷ വിഭാഗം ഡബിള്‍സ് ക്വാര്‍ട്ടറില്‍ ഇന്ത്യയുടെ സാത്വിക് സായ്‌രാജ്-ചിരാഗ് ഷെട്ടി സഖ്യം ലോക ഒന്നാം നമ്പര്‍ ജോഡിയായ ഇന്‍ഡോനേഷ്യയുടെ കെവിന്‍ സുകാമുല്‍ജോ-മാര്‍ക്കസ് ഗിഡിയോണ്‍ സഖ്യത്തോട് നേരിട്ടുള്ള ഗെയിമുകളില്‍ പൊരുതി തോറ്റിരുന്നു. ആദ്യ ഗെയിമില്‍ 20-15ന് മുന്നിലെത്തിയശേഷമാണ് ഇന്ത്യന്‍ സഖ്യം ഗെയിം കൈവിട്ടത്.