All England Open 2022:ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍:വനിതാ ഡബിള്‍സില്‍ മലയാളിതാരം ട്രീസ ജോളിക്ക് ചരിത്രനേട്ടം
ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ വനിതാ ഡബിൾസ് സെമിയിലെത്തുന്ന ആദ്യ ഇന്ത്യൻ ജോഡിയാണ് ട്രീസയും ഗായത്രിയും. ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ മുന്‍ ചാമ്പ്യനും ഇന്ത്യന്‍ ബാഡ്മിന്‍റണ്‍ ടീം പരിശീലകനുമായ പി ഗോപീചന്ദിന്‍റെ മകളാണ് 19കാരിയായ ഗായത്രി. 18കാരിയായ ട്രീസയും ഗായത്രിയും കഴിഞ്ഞവര്‍ഷമാണ് സഖ്യമായി കളിക്കാന്‍ തുടങ്ങിയത്.
ബര്‍മിംഗ്ഹാം: ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്‍റന്‍(All England Championship)വനിതാ ഡബിള്‍സില്‍ മലയാളിതാരം ട്രീസ ജോളിക്ക് ചരിത്രനേട്ടം. ഗായത്രി ഗോപിചന്ദിനൊപ്പം(Gayatri Gopichand-Treesa Jolly) വനിതാ ഡബിള്‍സില്‍ ഇന്ത്യന്‍ സഖ്യം സെമിഫൈനലിൽ കടന്നു. രണ്ടാം സീഡായ കൊറിയയുടെ ലീ സോഹി-ഷിന്‍ സെങ്ച്വന്‍ സഖ്യത്തെ ഒന്നിനെതിരെ രണ്ട് ഗെയിമുകളില്‍ തോൽപിച്ചാണ് ട്രീസയും ഗായത്രിയും സെമിയിലേക്ക് മുന്നേറിയത്.
ആദ്യ ഗെയിം നഷ്ടമായ ശേഷമായിരുന്നു ഇന്ത്യന്‍ സഖ്യത്തിന്‍റെ അട്ടിമറിജയം. സ്കോർ: 14-21, 22-20, 21-15. ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ വനിതാ ഡബിൾസ് സെമിയിലെത്തുന്ന ആദ്യ ഇന്ത്യൻ ജോഡിയാണ് ട്രീസയും ഗായത്രിയും. ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ മുന്‍ ചാമ്പ്യനും ഇന്ത്യന്‍ ബാഡ്മിന്‍റണ്‍ ടീം പരിശീലകനുമായ പി ഗോപീചന്ദിന്‍റെ മകളാണ് 19കാരിയായ ഗായത്രി. 18കാരിയായ ട്രീസയും ഗായത്രിയും കഴിഞ്ഞവര്‍ഷമാണ് സഖ്യമായി കളിക്കാന്‍ തുടങ്ങിയത്. നേരത്തെ സിംഗിള്‍സിലും ഗായത്രി കളിച്ചിരുന്നെങ്കിലും പിന്നീട് ഡബിള്‍സിലേക്ക് മാറുകയായിരുന്നു.
അരങ്ങേറ്റ സീസണില്‍ കഴിഞ്ഞ വര്‍ഷം യൂബര്‍ കപ്പില്‍ തന്നെ ഇരുവരും മികവ് കാട്ടി വരവറിയിച്ചിരുന്നു. ഈവര്‍ഷം ഒഡീഷയില്‍ നടന്ന സൂപ്പര്‍ 100ല്‍ കിരീടം നേടിയ ഇരുവരും ജയനുവരിയില്‍ നടന്ന സയ്യിദ് മോദി ട്രോഫിയില്‍ റണ്ണേഴ്സ് അപ്പുമായിരുന്നു. കഴിഞ്ഞ ആഴ്ച ജര്‍മന്‍ ഓപ്പണില്‍ മത്സരിക്കുന്നതിനിടെയാണ് ഏറെ വൈകി ഓള്‍ ഇംഗ്ലണ്ട് ഓപ്പണില്‍ പങ്കെടുക്കാന്‍ ഇരുവര്‍ക്കും ക്ഷണം ലഭിച്ചത്.
ഓള്‍ ഇംഗ്ലണ്ട് ഓപ്പണിലെ രണ്ടാം റൗണ്ടില്‍ ഇന്‍ഡോനഷ്യയുടെ ഒളിംപിക് ചാമ്പ്യന്‍ അപ്രിയാണി രഹായുവും ഗ്രേസിയ പോളി സഖ്യത്തെ ഗായത്രി-ട്രീസ സഖ്യം മറികടന്നിരുന്നു. രണ്ടാം റൗണ്ടില്‍ രഹായു സഖ്യം പിന്‍മാറിയതിനെത്തുടര്‍ന്നായിരുന്നു ഇന്ത്യന്‍ സഖ്യത്തിന്‍റെ മുന്നേറ്റം. നേരത്തെ പുരുഷ സിംഗിള്‍സ് ക്വാര്‍ട്ടറില്‍ വാക്കോവര്‍ ലഭിച്ച ലക്ഷ്യാ സെന്നും(Lakshya Sen) പുരുഷ സിംഗിള്‍സില്‍ സെമിയിലേക്ക് മുന്നേറിയിരുന്നു.
ക്വാര്‍ട്ടറില്‍ ലക്ഷ്യയുടെ എതിരാളിയായിരുന്ന ചൈനയുടെ ലു ഗുവാങ് സു മത്സരത്തില്‍ നിന്ന് പിന്‍മാറിയതോടെയാണ് ലക്ഷ്യ സെമിയിലെത്തിയത്. നിലവിലെ ചാമ്പ്യന്‍ മലേഷ്യയുടെ ലീ സി ജിയ-മുന്‍ ലോക ഒന്നാം നമ്പര്‍ താരം ജപ്പാന്‍റെ കെന്‍റോ മൊമോട്ട ക്വാര്‍ട്ടര്‍ പോരാട്ടത്തിലെ വിജയിയെയാണ് ലക്ഷ്യ സെമിയില്‍ നേരിടുക.
ഓള്‍ ഇംഗ്ലണ്ട് ഓപ്പണില്‍ ഇന്ത്യയുടെ അവേശേഷിക്കുന്ന പ്രതീക്ഷയാണ് ലക്ഷ്യ സെന്നും ഗായത്രി-ട്രീസ സഖ്യവും. സിംഗിള്‍സില്‍ ഇന്ത്യന്‍ പ്രതീക്ഷകളായിരുന്ന സൈന നെഹ്‌വാള്‍, പി വി സിന്ധു, കിഡംബി ശ്രീകാന്ത് എന്നിവര്‍ നേരത്തെ പ്രീ ക്വാര്‍ട്ടറില്‍ പുറത്തായിരുന്നു. ഇന്ന് നടന്ന പുരുഷ വിഭാഗം ഡബിള്‍സ് ക്വാര്‍ട്ടറില്‍ ഇന്ത്യയുടെ സാത്വിക് സായ്‌രാജ്-ചിരാഗ് ഷെട്ടി സഖ്യം ലോക ഒന്നാം നമ്പര്‍ ജോഡിയായ ഇന്‍ഡോനേഷ്യയുടെ കെവിന്‍ സുകാമുല്‍ജോ-മാര്‍ക്കസ് ഗിഡിയോണ്‍ സഖ്യത്തോട് നേരിട്ടുള്ള ഗെയിമുകളില്‍ പൊരുതി തോറ്റിരുന്നു. ആദ്യ ഗെയിമില്‍ 20-15ന് മുന്നിലെത്തിയശേഷമാണ് ഇന്ത്യന്‍ സഖ്യം ഗെയിം കൈവിട്ടത്.