ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍: ചരിത്രം കുറിച്ച് ലക്ഷ്യ സെന്‍ ക്വാര്‍ട്ടറില്‍; പ്രണോയ് പുറത്ത്
ലോക റാങ്കിംഗില്‍ 28-ാം സ്ഥാനക്കാരനായ ലക്ഷ്യ സെന്‍ ആദ്യ റൗണ്ടില്‍ പതിനെട്ടാം റാങ്കുകാരനായ കന്‍റഫോണ്‍ വാംഗ്ചറോയനെ അട്ടിമറിച്ചാണ് പ്രീ ക്വാര്‍ട്ടറിലെത്തിയത്.
ലണ്ടന്‍: ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ചരിത്രനേട്ടവുമായി ഇന്ത്യന്‍ കൗമാര താരം ലക്ഷ്യ സെന്‍ ക്വാര്‍ട്ടറിലെത്തി. ഫ്രാന്‍സിന്‍റെ തോമസ് റൗക്സലിനെ നേരിട്ടുള്ള ഗെയിമുകളില്‍ കീഴടക്കിയാണ് ഓള്‍ ഇംഗ്ലണ്ട് ഓപ്പണില്‍ ക്വാര്‍ട്ടറിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ താരമായി 19കാരനായ ലക്ഷ്യ സെന്‍ റെക്കോര്‍ഡിട്ടത്. സ്കോര്‍ 21-18, 21-17.
ലോക റാങ്കിംഗില്‍ 28-ാം സ്ഥാനക്കാരനായ ലക്ഷ്യ സെന്‍ ആദ്യ റൗണ്ടില്‍ പതിനെട്ടാം റാങ്കുകാരനായ കന്‍റഫോണ്‍ വാംഗ്ചറോയനെ അട്ടിമറിച്ചാണ് പ്രീ ക്വാര്‍ട്ടറിലെത്തിയത്. മുന്‍ യൂത്ത് ഒളിംപിക് ചാമ്പ്യന്‍ കൂടിയാണ് ലക്ഷ്യ സെന്‍. വെള്ളിയാഴ്ച നടക്കുന്ന ക്വാര്‍ട്ടറില്‍ മാര്‍ക്ക് കാള്‍ജൗ-നാട്ട് ഗ്യുയന്‍ മത്സര വിജയിയെയാണ് ലക്ഷ്യ സെന്‍ ക്വാര്‍ട്ടറില്‍ നേരിടുക.
അതേസമയം, മറ്റൊരു മത്സരത്തില്‍ മലയാളി താരം എച്ച് എസ് പ്രണോയ് ലോക ഒന്നാം നമ്പര്‍ താരം കെന്‍റോ മൊമോട്ടയോട് നേരിട്ടുള്ള ഗെയിമുകളില്‍ തോറ്റ് പുറത്തായി. സ്കോര്‍ 21-15, 21-14. മിക്സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ സാത്വിക്സായ്‌രാജ്-ചിരാഗ് ഷെട്ടി സഖ്യവും പ്രീ ക്വാര്‍ട്ടറില്‍ പുറത്തായിരുന്നു. ഇന്നലെ പുരുഷ വിഭാഗം സിംഗിള്‍സില്‍ ഇന്ത്യയുടെ കെ ശ്രീകാന്തും പി കശ്യപും ആദ്യ റൗണ്ടില്‍ പുറത്തായിരുന്നു.