All England Championship: നിലവിലെ ചാമ്പ്യനെ അട്ടിമറിച്ചു; ചരിത്രനേട്ടവുമായി ലക്ഷ്യ സെന്‍ ഫൈനലില്‍

പ്രകാശ് നാഥിനും(1947), പ്രകാശ് പദുക്കോണിനും(1980, 1981) പുല്ലേല ഗോപീചന്ദിനുശേഷം(2001) ഓള്‍ ഇംഗ്ലണ്ട് ഓപ്പണില്‍ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ പുരുഷ താരവും ഓള്‍ ഇംഗ്ലണ്ട് ഓപ്പണില്‍ ഫൈനല്‍ കളിക്കുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരവുമാണ് 20കാരനായ ലക്ഷ്യ സെന്‍.

All England Championship: Lakshya Sen Defeats Lee Zii Jia, Reaches Final

ലണ്ടന്‍: ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പില്‍(All England Championship) പുരുഷ വിഭാഗത്തില്‍ ഇന്ത്യയുടെ ലക്ഷ്യ സെന്‍(Lakshya Sen) ഫൈനലിലെത്തി. നിലവിലെ ചാമ്പ്യന്‍ മലേഷ്യയുടെ ലീ സിയ ജിയയെ ഒന്നിനെതിരെ രണ്ട് ഗെയിമുകളില്‍ അട്ടിമറിച്ചാണ് ലക്ഷ്യ സെന്‍ ഫൈനലിലെത്തിയത്. സ്കോര്‍ 13 12-21 21-19.

പ്രകാശ് നാഥിനും(1947), പ്രകാശ് പദുക്കോണിനും(1980, 1981) പുല്ലേല ഗോപീചന്ദിനുശേഷം(2001) ഓള്‍ ഇംഗ്ലണ്ട് ഓപ്പണില്‍ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ പുരുഷ താരവും ഓള്‍ ഇംഗ്ലണ്ട് ഓപ്പണില്‍ ഫൈനല്‍ കളിക്കുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരവുമാണ് 20കാരനായ ലക്ഷ്യ സെന്‍. ഇതില്‍ പ്രകാശ് പദുക്കോണും ഗോപീചന്ദും മാത്രമാണ് കിരീടം നേടിയവര്‍. 2015ല്‍ വനിതാ സിംഗിള്‍സില്‍ സൈനാ നെഹ്‌വാള്‍ ഫൈനലിലെത്തിയെങ്കിലും സ്പെയിനിന്‍റെ കരോലീന മാരിനോട് തോറ്റു. 21 വര്‍ഷത്തിനുശേഷം ഓള്‍ ഇംഗ്ലണ്ട് ഓപ്പണില്‍ ഫൈനല്‍ കളിക്കുന്ന ആദ്യ പുരുഷ താരമെന്ന റെക്കോര്‍ഡും ലക്ഷ്യ ഇന്ന് നേടി.

ആദ്യ ഗെയിമില്‍ തുടക്കം മുതല്‍ ആധിപത്യം പുലര്‍ത്തിയ ലക്ഷ്യ സെന്‍ 21-13ന് ഗെയിം സ്വന്തമാക്കി നല്ല തുടക്കമിട്ടു. എന്നാല്‍ രണ്ടാം ഗെയിമില്‍ തിരിച്ചടിച്ച ലീ സീ 12-21ന് ഗെയിം സ്വന്തമാക്കി. നിര്‍ണായക മൂന്നാം ഗെയിമില്‍ തുടക്കത്തില്‍ ലീ ലീഡെടുത്തെങ്കിലും തിരിച്ചടിച്ച ലക്ഷ്യ 16-12ന് നിര്‍ണായക ലീഡുമായി തിരിച്ചുവന്നു. പിന്നീട് ലീ ശക്തമായി തിരിച്ചടിച്ചെങ്കിലുും 21-19 ഗെയിമും മത്സരവും സ്വന്തമാക്കി ലക്ഷ്യ ഫൈനലിലേക്ക് മുന്നേറി. ഞായറാഴ്ചയാണ് ഫൈനല്‍.

കഴിഞ്ഞ ലോക ബാഡ്മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം നേടിയശേഷം മികച്ച ഫോമിലുള്ള ലക്ഷ്യ സെന്‍ ജനുവരിയില്‍ നടന്ന സൂപ്പര്‍ 500ല്‍ കിരീടം നേടിയിരുന്നു. കഴിഞ്ഞ ആഴ്ച നടന്ന ജര്‍മന്‍ ഓപ്പണില്‍ ലക്ഷ്യ സെന്‍ റണ്ണേഴ്സ് അപ്പായിരുന്നു.

ക്വാര്‍ട്ടറില്‍ ലക്ഷ്യ സെന്നിന് വാക്കോവര്‍ ലഭിച്ചച്ചിരുന്നു. ക്വാര്‍ട്ടറില്‍ ലക്ഷ്യയുടെ എതിരാളിയായിരുന്ന ചൈനയുടെ ലു ഗുവാങ് സു മത്സരത്തില്‍ നിന്ന് പിന്‍മാറിയതോടെയാണ് ലക്ഷ്യ മത്സരിക്കാതെ തന്നെ നേരിട്ട് സെമിയിലെത്തിയത്. നേരത്തെ പ്രീക്വാര്‍ട്ടറില്‍ ലോക മൂന്നാം നമ്പര്‍ താരം ഡെന്‍മാര്‍ക്കിന്‍റെ ആന്‍ഡേഴ്സ് അന്‍റോണ്‍സനെ  നേരിട്ടുള്ള ഗെയിമുകളില്‍ വീഴ്ത്തിയാണ് ഇരുപതുകാരനായ ലക്ഷ്യ സെന്‍ ക്വാര്‍ട്ടറിലെത്തിയത്.ലോക ബാഡ്മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ രണ്ട് തവണ(2109, 2021) ചാമ്പ്യനായിട്ടുളള താരമാണ് അന്‍റോണ്‍സന്‍.

ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ സിംഗിള്‍സില്‍ ഇന്ത്യയുടെ അവേശേഷിക്കുന്ന ഏക പ്രതീക്ഷയാണ് ലക്ഷ്യ സെന്‍. ഇന്ത്യന്‍ പ്രതീക്ഷകളായിരുന്ന സൈന നെഹ്‌വാള്‍, പി വി സിന്ധു, കിഡംബി ശ്രീകാന്ത് എന്നിവര്‍ നേരത്തെ പ്രീ ക്വാര്‍ട്ടറില്‍ പുറത്തായിരുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios