പ്രൈം വോളി ലീഗ്: ചെന്നൈ ബ്ലിറ്റ്‌സിനെ തകർത്ത് അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സ് ഒന്നാമത്
സീസണിൽ അഹമ്മദാബാദിന്‍റെ തുടർച്ചയായ മൂന്നാം ജയമാണിത്. അഹമ്മദാബാദിന്‍റെ നന്ദഗോപാല്‍ സുബ്രഹ്മണ്യം പ്ലെയര്‍ ഓഫ് ദി മാച്ച് ആയി തെരഞ്ഞെടുക്കപ്പെട്ടു.
ഹൈദരാബാദ്: പ്രൈം വോളിബോള്‍ ലീഗിൽ അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സിന് തകര്‍പ്പന്‍ ജയം. ചെന്നൈ ബ്ലിറ്റ്‌സിനെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്തു. സീസണിൽ അഹമ്മദാബാദിന്‍റെ തുടർച്ചയായ മൂന്നാം ജയമാണിത്. സ്‌കോര്‍: 15-11, 15-13, 15-10, 15-9, 15-12. അഹമ്മദാബാദിന്‍റെ നന്ദഗോപാല്‍ സുബ്രഹ്മണ്യം പ്ലെയര്‍ ഓഫ് ദി മാച്ച് ആയി തെരഞ്ഞെടുക്കപ്പെട്ടു.
അഖിന്‍ ജി എസിന്‍റെ തകര്‍പ്പന്‍ ആക്രമണങ്ങളിലൂടെ ചെന്നൈ ബ്ലിറ്റ്‌സാണ് മത്സരത്തില്‍ ആദ്യം മുന്‍തൂക്കം നേടിയത്. എന്നാല്‍ മിഡില്‍ ബ്ലോക്കര്‍ എല്‍ എം മനോജ് ശക്തമായ ബ്ലോക്കുകള്‍ തീര്‍ത്ത് അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സിനെ ഒപ്പമെത്തിച്ചു. ഡാനിയല്‍ മൊതാസെദിയുടെ കടുപ്പമേറിയ സ്‌പൈക്കുകള്‍ ചെന്നൈയെ ശ്വാസം മുട്ടിച്ചു.
കളി മധ്യനിരയുടെ പോരാട്ടമായി മാറിയതോടെ അഖിന്‍റെ പ്രകടനം ബ്ലിറ്റ്‌സിന് നിര്‍ണായകമായി. ജോബിന്‍ വര്‍ഗീസിനെ ഇടതുവശത്തേക്ക് മാറ്റാനുള്ള ചെന്നൈയുടെ തന്ത്രം വിജയിച്ചെങ്കിലും മനോജും നന്ദഗോപാലും സ്ഥിരതയാര്‍ന്ന ബ്ലോക്കുകളുമായി അഹമ്മദാബാദിനെ മുന്നോട്ട് നയിച്ചു. എന്നാല്‍ അംഗമുത്തുവി സന്തോഷിന്റെയും സ്‌പൈക്ക് പിഴവുകള്‍ അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സിന്റെ പോയിന്റുകള്‍ ചോര്‍ത്തി.
മോയോയും റെനാറ്റോയും നിരന്തരം പന്തിന്‍റെ ദിശമാറ്റാന്‍ തുടങ്ങിയതോടെ ചെന്നൈ ബ്ലിറ്റ്‌സ് കളിയിലേക്ക് തിരിച്ചുവരുമെന്ന് തോന്നിച്ചു. എന്നാല്‍ ക്യാപ്റ്റന്‍ മുത്തുസാമി അപ്പാവു - അംഗമുത്തു സഖ്യം ചെന്നൈയുടെ നീക്കത്തിന് തടയിട്ടതോടെ കളി നിയന്ത്രണം വീണ്ടും ഡിഫന്‍ഡേഴ്‌സിന്റെ കൈകളിലായി.
മുത്തുസാമി മധ്യഭാഗത്ത് അറ്റാക്കേഴ്‌സിനായി നിരന്തരം പന്തെത്തിച്ചു നല്‍കി. ഉയര്‍ന്നുപൊങ്ങിയുള്ള ഡാനിയലിന്‍റെ സാനിധ്യവും ചെന്നൈക്ക് ആശങ്ക സൃഷ്ടിച്ചു. അഖിന്‍ മധ്യഭാഗത്ത് ടീമിന്‍റെ തിരിച്ചുവരവിനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും സഹതാരങ്ങളില്‍ നിന്ന് കാര്യമായ പിന്തുണ ലഭിച്ചില്ല.
5 - 0ന് ജയിച്ച് ഒന്നാം സ്ഥാനത്തേക്ക് കയറാനുള്ള അവസരം മുതലെടുത്ത് ഡിഫന്‍ഡേഴ്‌സ് കുതിച്ചു. നന്ദഗോപാല്‍ മികവുറ്റ പ്രകടനം തുടര്‍ന്നു, താരത്തിന്റെ ശക്തമായ സെര്‍വുകള്‍ക്ക് ചെന്നൈയുടെ കോര്‍ട്ടില്‍ നിന്ന് മറുപടിയുണ്ടായില്ല. മത്സരം തൂത്തുവാരിയ അഹമ്മദാബാദ് നിര്‍ണായകമായ മൂന്ന് പോയിന്‍റും സ്വന്തമാക്കി.
തിങ്കളാഴ്ച്ച രണ്ട് മത്സരങ്ങള്‍ നടക്കും. വൈകിട്ട് 7ന് നടക്കുന്ന ആദ്യ മത്സരത്തില്‍ കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്‌സ് മുംബൈ മിറ്റിയോര്‍സിനെ നേരിടും. രാത്രി 9.30ന് നടക്കുന്ന മത്സരത്തില്‍ തുടര്‍ച്ചയായ നാലാം വിജയം ലക്ഷ്യമിട്ട് അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സും കാലിക്കറ്റ് ഹീറോസും ഏറ്റുമുട്ടും.