സ്‌പെല്ലിംഗ് ബീ പോരാട്ടം: റെക്കോര്‍ഡിട്ട് ആഫ്രിക്കന്‍ വംശജയായ പെണ്‍കുട്ടി, ഇന്ത്യന്‍ കുത്തകയ്‌ക്ക് വിരാമം
പ്രശസ്‌തമായ സ്‌ക്രിപ്പ്‌സ് നാഷണല്‍ സ്‌പെല്ലിംഗ് ബീ മത്സരത്തില്‍ 12 വര്‍ഷം നീണ്ട ഇന്ത്യന്‍ കുത്തക തകര്‍ത്ത് ആഫ്രിക്കന്‍ വംശജയായ 14 വയസുകാരി. സ്‌പെല്ലിംഗ് ബീയില്‍ മാത്രമല്ല, ബാസ്‌ക്കറ്റ്‌ബോളിലും ഈ പെണ്‍കുട്ടി സൂപ്പര്‍താരം.
ഫ്ലോറിഡ: അമേരിക്കയിലെ പ്രശസ്‌തമായ 'സ്‌ക്രിപ്പ്‌സ് നാഷണല്‍ സ്‌പെല്ലിംഗ് ബീ' മത്സരത്തില്‍ ചരിത്രം കുറിച്ച് 14 വയസുകാരി സൈല അവാന്‍റ് ഗാര്‍ഡ്. മത്സരത്തില്‍ വിജയിയാകുന്ന ആദ്യ ആഫ്രിക്കന്‍-അമേരിക്കന്‍ എന്ന നേട്ടം സൈല പേരിലാക്കി. മത്സരവേദിയില്‍ 12 വര്‍ഷം നീണ്ട ഇന്ത്യന്‍ കുത്തക അവസാനിപ്പിക്കുകയും ചെയ്തു ലൂസിയാനയില്‍ നിന്നുള്ള ഈ പെണ്‍കുട്ടി.
വിധികര്‍ത്താക്കള്‍ പറയുന്ന വാക്കുകളുടെ അക്ഷരങ്ങള്‍ കൃത്യമായി പറയുന്ന മത്സരമാണ് സ്‌പെല്ലിംഗ് ബീ എന്നറിയപ്പെടുന്നത്. അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ പ്രചാരമുള്ള സ്‌പെല്ലിംഗ് ബീ പോരാട്ടങ്ങളിലൊന്നാണ് 'സ്‌ക്രിപ്പ്‌സ് നാഷണല്‍ സ്‌പെല്ലിംഗ് ബീ' മത്സരം. ടെലിവിഷന്‍ ചാനലുകള്‍ തല്‍സമയം സംപ്രേഷണം ചെയ്യുന്ന ഫൈനലില്‍ ഇക്കുറി 11 വിദ്യാര്‍ഥികള്‍ പങ്കെടുത്തു. ഫ്ലോറിഡയിലെ ഇഎസ്‌പിഎന്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സിലായിരുന്നു ഫൈനല്‍.
കലാശപ്പോരില്‍ ഏറ്റുമുട്ടിയവരില്‍ ഒന്‍പത് പേരും ഇന്ത്യന്‍ വംശജരായിരുന്നു. കാലിഫോര്‍ണിയയില്‍ നിന്നുള്ള ഇന്ത്യന്‍ വംശജ ചൈത്ര തുമ്മലയെ തോല്‍പിച്ചാണ് സൈല അവാന്‍റ് ഗാര്‍ഡ് വിജയിയായത്. 50,000 ഡോളറാണ് സൈലക്ക് ലഭിച്ച സമ്മാനത്തുക. സ്‌ക്രിപ്പ്‌സ് നാഷണല്‍ സ്‌പെല്ലിംഗ് ബീയില്‍ 1998ലാണ് ഇതിന് മുമ്പ് ഒരു ആഫ്രിക്കന്‍ വിജയിയുണ്ടായത്. 2008 മുതല്‍ ഇന്ത്യക്കാരുടെ കുത്തകയായിരുന്നു മത്സരം.
വാക്കുകള്‍ കൊണ്ടുള്ള പോരാട്ടത്തില്‍ മാത്രമല്ല, ബാസ്‌ക്കറ്റ്‌ബോളിലും സൂപ്പര്‍താരമായി ഇതിനകം പേരെടുത്തുകഴിഞ്ഞു ഈ പതിനാലുകാരി. ഒരേസമയം ആറ് ബാസ്‌ക്കറ്റ്‌ബോളുകള്‍ കൊണ്ടുള്ള ജഗ്ഗിൾസ് കൊണ്ട് പ്രശസ്തയാണ് സൈല. മൂന്ന് ഗിന്നസ് ലോക റെക്കോര്‍ഡുകള്‍ സൈല അവാന്‍റ് ഗാര്‍ഡ് സ്വന്തമാക്കിയിട്ടുണ്ട്. മികച്ച ബാസ്‌ക്കറ്റ്‌ബോള്‍ താരമായ സൈലയുടെ ആഗ്രഹം ഭാവിയില്‍ വിഖ്യാതമായ എന്‍ബിഎയില്‍ കളിക്കണമെന്നതാണ്.
ബാസ്‌ക്കറ്റ്‌ബോളാണ് തന്‍റെ പ്രിയ മത്സരമെന്നും സ്‌പെല്ലിംഗ് ബീ പോരാട്ടങ്ങള്‍ ചെറിയ വിനോദം മാത്രമാണെന്നും സൈല അവാന്‍റ് ഗാര്‍ഡ് പറയുന്നു. രണ്ട് വര്‍ഷം മുമ്പ് മാത്രമാണ് സൈല സ്‌പെല്ലിംഗ് ബീയില്‍ മത്സരിക്കാന്‍ ആരംഭിച്ചത്.
നിങ്ങളറിഞ്ഞോ! ഒളിമ്പിക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക
മെസി, നക്ഷത്രം രോഹിണി; ഭാഗ്യസൂക്തവും പുഷ്പാഞ്ജലിയും' വിജയത്തിനായി ആരാധകരുടെ വഴിപാടുകള്‍
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona