ടോക്കിയോ ഒളിമ്പിക്സില്‍ ഇന്ത്യന്‍ കുതിപ്പിന് 26 അംഗ അത്‍ലറ്റിക്സ് സംഘം തയാര്‍
ടീമില്‍ നിന്ന് മികച്ച പ്രകടനമാണ് പ്രതീക്ഷിക്കുന്നതെന്ന് എഎഫ്ഐ പ്രസിഡന്‍റ് അദിസി ജെ സുമാരിവാല പറഞ്ഞു. ശാരീരികമായും മാനസികമായും ഒളിമ്പിക്സിനായി മികച്ച തയാറെടുപ്പാണ് സംഘം നടത്തിയിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
ദില്ലി: ടോക്കിയോ ഒളിമ്പിക്സിനുള്ള 26 അംഗ അത്‍ലറ്റിക്സ് സംഘത്തെ ഇന്ത്യന്‍ അത്‍ലറ്റിക്സ് ഫെഡറേഷന്‍ പ്രഖ്യാപിച്ചു. ടീമില്‍ നിന്ന് മികച്ച പ്രകടനമാണ് പ്രതീക്ഷിക്കുന്നതെന്ന് എഎഫ്ഐ പ്രസിഡന്‍റ് അദിസി ജെ സുമാരിവാല പറഞ്ഞു. ശാരീരികമായും മാനസികമായും ഒളിമ്പിക്സിനായി മികച്ച തയാറെടുപ്പാണ് സംഘം നടത്തിയിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
സ്ക്വാഡ് ഇങ്ങനെ:
പുരുഷന്മാര്‍: അവിനാഷ് സേബിള്‍ (3000 മീറ്റര്‍ സ്റ്റീപ്പിള്‍ചേസ്), എം പി ജാബിര്‍ (400 മീറ്റര്‍ ഹര്‍ഡില്‍സ്), എം ശ്രീശങ്കര്‍ (ലോംഗ് ജംപ്), തേജീന്ദര്‍ സിംഗ് തൂര്‍ (ഷോട്ട് പുട്ട്), നീരജ് ചോപ്ര, ശിവ്‍പാല്‍ സിംഗ് ( ജാവലിന്‍ ത്രോ), കെ ടി ഇര്‍ഫാന്‍, സന്ദീപ് കുമാര്‍, രാഹുല്‍ രോഹില്ല (20 കി. മി. നടത്തം), ഗുര്‍പ്രീത് സിംഗ് (50 കി. മി. നടത്തം), 4x400 മീറ്റര്‍ റിലേ - അമോജ് ജേക്കബ്, അരോക്കിയ രാജീവ്, മുഹമ്മദ് അനസ്, നാഗനാഥന്‍ പാണ്ടി, നോഹ നിര്‍മല്‍ ടോം; 4x400 മീറ്റര്‍ മിക്സഡ് റിലേ - സാര്‍ഥക് ഭാംഭ്രി, അലക്സ് ആന്‍റണി
വനിതകള്‍: ദ്യുതി ചന്ദ് (100, 200 മീറ്റര്‍), കമല്‍പ്രീത് കൗര്‍, സീമ ആന്‍റില്‍ പുനിയ (ഡിസ്കസ് ത്രോ), അന്നു റാണി (ജാവലിന്‍ത്രോ), ഭാവ്‍നാ ജാട്ട്, പ്രിയങ്ക ഗോസ്വാമി (20 കി. മി. നടത്തം), 4x400 മീറ്റര്‍ മിക്സ്ഡ് റിലേ - രേവതി വീരമണി, ശുഭ വെങ്കിടേശന്‍, ധനലക്ഷ്മി ശേഖര്‍.
പതാക വഹിക്കുക മേരി കോമും മന്‍പ്രീത് സിംഗും
ടോക്കിയോ ഒളിമ്പിക്സിന്‍റെ ഉദ്ഘാടന ചടങ്ങിലെ മാര്‍ച്ച് പാസ്റ്റില്‍ ബോക്സിംഗ് താരം മേരി കോമും ഹോക്കി ടീം നായകന്‍ മന്‍പ്രീത് സിംഗും ഇന്ത്യന്‍ പതാക വഹിക്കും. സമാപന ചടങ്ങില്‍ ഗുസ്തി താരം ബജ്റംഗ് പൂനിയ ആകും ഇന്ത്യന്‍ പതാക വഹിക്കുകയെന്ന് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
കായികതാരങ്ങളും സപ്പോര്‍ട്ട് സ്റ്റാഫും ഒഫീഷ്യല്‍സും അടക്കം 201 പേരടങ്ങുന്ന ഇന്ത്യന്‍ സംഘമായിരിക്കും ടോക്കിയോ ഒളിമ്പിക്സിനായി പോവുക. ഇതില്‍ 126 കായിത താരങ്ങളും 75 പേര്‍ സപ്പോര്‍ട്ട് സ്റ്റാഫ് അടക്കമുള്ള ഒഫീഷ്യല്‍സുമായിരിക്കും. 56 ശതമാനം പുരുഷന്‍മാരും 44 ശതമാനം വനിതകളുമാണ് ഇന്ത്യന്‍ സംഘത്തിലുള്ളത്.