Australian Open : വീരോചിതം നദാലിന്റെ തിരിച്ചുവരവ്! ചരിത്രനേട്ടം; ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ മെദ്‌വദേവ് വീണു
ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ (Australian Open) ഫൈനലില്‍ റഷ്യന്‍ താരം ഡാനില്‍ മെദ്‌വദേവിനെ (Daniil Medvedev) ത്രില്ലര്‍ പോരില്‍ തോല്‍പ്പിച്ചാണ് നദാല്‍ ചരിത്രത്തിന്റെ നെറുകയിലെത്തിയത്. നദാലിന് 21 ഗ്രാന്‍ഡ്സ്ലാം കിരീടങ്ങളുണ്ട്.
മെല്‍ബണ്‍: പുരുഷ ടെന്നിസില്‍ ചരിത്രനേട്ടം സ്വന്തമാക്കി സ്പാനിഷ് താരം റാഫേല്‍ നദാല്‍ (Rafael Nadal). ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ്സ്ലാം കിരീടങ്ങളെന്ന നേട്ടം നദാലിന്റെ അക്കൗണ്ടിലായി. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ (Australian Open) ഫൈനലില്‍ റഷ്യന്‍ താരം ഡാനില്‍ മെദ്‌വദേവിനെ (Daniil Medvedev) ത്രില്ലര്‍ പോരില്‍ തോല്‍പ്പിച്ചാണ് നദാല്‍ ചരിത്രത്തിന്റെ നെറുകയിലെത്തിയത്. നദാലിന് 21 ഗ്രാന്‍ഡ്സ്ലാം കിരീടങ്ങളുണ്ട്. 20 ഗ്രാന്‍ഡ്സ്ലാം വീതം നേടിയ റോജര്‍ ഫെഡറര്‍, നൊവാക് ജോക്കോവിച്ച് എന്നിവരെയാണ് നദാല്‍ മറികടന്നത്.
മെദ്‌വദേവ് അനായാസം കിരീടം നേടുമെന്നിരിക്കെയായിരുന്നു നദാലിന്റെ തിരിച്ചുവരവ്. ആദ്യ രണ്ട് സെറ്റും മെദ്‌വദേവ് നേടിയിരുന്നു. 6-2 7-6 എന്ന സ്‌കോറിനായിരുന്നു മെദ്‌വദേവ് സെറ്റെടുത്തത്. എന്നാല്‍ നിര്‍ണായകമായ മൂന്നാം സെറ്റില്‍ നദാല്‍ ഗംഭീര തിരിച്ചുവരവ് നടത്തി. 6-4ന് മൂന്നാം സെറ്റ് സ്വന്തമാക്കിയ നദാല്‍ നാലാം ഇതേ സ്‌കോറിന് കൈക്കലാക്കി. എന്നാല്‍ അഞ്ചാം സെറ്റില്‍ തുടക്കത്തില്‍ തന്നെ മെദ്‌വദേവിന് കാലിടറി. നദാല്‍ സെര്‍വ് ബ്രേക്ക് ചെയ്തു.
എന്നാല്‍ അവസാന നിമിഷം റഷ്യന്‍ താരത്തിന്റെ തിരിച്ചുവരവ്. നദാല്‍ ചാംപ്യന്‍ഷിപ്പിന് വേണ്ടി സെര്‍വ് ചെയ്യുമ്പോള്‍ മെദ്‌വദേവ് ബ്രേക്ക് ചെയ്തു. അവസാന സെറ്റില്‍ 5-5. എന്നാല്‍ മെദ്‌വദേവിനെ വീണ്ടും ബ്രേക്ക് ചെയ്ത് സ്‌കോര്‍ 6-5ലേക്ക് ഉയര്‍ത്തി. സ്വന്തം സെര്‍വില്‍ നദാല്‍ ഒരു പിഴവും വരുത്തിയില്ല. 7-5ന് സെറ്റ് സ്വന്തം.
ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ നദാലിന്റെ രണ്ടാമത്തെ മാത്രം കിരീടമാണിത്. 2009ലാണ് നദാല്‍ അവസനായി ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ നേടയിത്. വിംബിള്‍ഡണ്‍ രണ്ട് തവണയും സ്വന്തമാക്കി. യുഎസ് ഓപ്പണില്‍ നാല് തവണ കിരീടത്തില്‍ മുത്തമിട്ടു. ബാക്കി 13 തവണയും ഫ്രഞ്ച് ഓപ്പണിലായിരുന്നു നദാലിന്റെ കിരീടനേട്ടം. മെദ്‌വദേവാവകട്ടെ തുടര്‍ച്ചയായ രണ്ടാം തവണയാണ് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍ തോല്‍ക്കുന്നത്. കഴിഞ്ഞ തവണ നൊവാക് ജോക്കോവിച്ചിനോടും പരാജയപ്പെട്ടു.