ഹോക്കി ലോകകപ്പ്: വെയ്‌ല്‍സിനെതിരെ ഇന്ത്യക്ക് ജയം; ക്വാര്‍ട്ടറിലെത്താന്‍ കാത്തിരിക്കണം
കഴിഞ്ഞ മത്സരത്തില്‍ സ്‌പെയിനെ ഇംഗ്ലണ്ട് 4-0ന് തറപറ്റിച്ചതാണ് ഇന്ത്യക്ക് തിരിച്ചടിയായത്
ഭുവനേശ്വര്‍: പുരുഷ ഹോക്കി ലോകകപ്പിൽ ക്വാര്‍ട്ടര്‍ ഫൈനലിലെത്താന്‍ ഇന്ത്യന്‍ ടീം കാത്തിരിക്കണം. വെയ്‌ല്‍സിനെതിരായ ജീവന്‍മരണ പോരാട്ടത്തില്‍ വിജയിച്ച് നേരിട്ട് യോഗ്യത നേടാന്‍ 8-0ന്‍റെ ജയം അനിവാര്യമായിരുന്ന ഇന്ത്യന്‍ ടീം 4-2ന് മത്സരം അവസാനിപ്പിച്ചു. ഇന്ത്യക്കായി ഷാംഷെര്‍ സിംഗും(21) ആകാശ്‌ദീക് സിംഗും(32, 45) ഹര്‍മന്‍പ്രീത് സിംഗും(59) ഗോളുകള്‍ നേടി. ഫല്‍ലോങ് ഗാരെതും ഡ്രാപെര്‍ ജേക്കബും വെയ്‌ല്‍സിനായി ഗോള്‍ മടക്കി. വെയ്‌ല്‍സിനോട് ജയിച്ചെങ്കിലും പൂള്‍ ഡിയില്‍ ഇന്ത്യ രണ്ടാമതായാണ് ഫിനിഷ് ചെയ്‌തത്.
കഴിഞ്ഞ മത്സരത്തില്‍ സ്‌പെയിനെ ഇംഗ്ലണ്ട് 4-0ന് തറപറ്റിച്ചതാണ് ഇന്ത്യക്ക് തിരിച്ചടിയായത്. ഇംഗ്ലണ്ടിനായി 10-ാം മിനുറ്റില്‍ റോപര്‍ ഫില്ലും 21-ാം മിനുറ്റില്‍ കോന്‍ഡന്‍ ഡേവിഡും 50-ാം മിനുറ്റില്‍ ബാന്‍ഡുറാക്ക് നിക്കോളസും 51-ാം മിനുറ്റില്‍ അന്‍സെല്‍ ലയാമും ഗോളുകള്‍ നേടി. ഫില്ലിന്‍റെ ഒഴികെയുള്ള എല്ലാ ഗോളുകളും ഫീല്‍ഡ് ഗോളുകളായിരുന്നു. ജയത്തോടെ ഗ്രൂപ്പ് ചാമ്പ്യന്‍മാരായി ഇംഗ്ലണ്ട് ഹോക്കി ടീം നേരിട്ട് ക്വാര്‍ട്ടര്‍ ഫൈനലിലെത്തി.
India Starting XI: Surender, Manpreet, Mandeep, Harmanpreet, Srejeesh (GK), Shamsher, Varun, Akashdeep, Rohidas, Vivek Sagar, Sukhjeet
Wales Starting XI: Kyriakides Daniel, Draper Jacob, Prosser Lewis, Shipperley Rupert, Carson James, Kelly Stephen, Bradshaw Rhys, Furlong Gareth, Hawker Luke, Reynolds-Cotterill Toby
ഗ്രൂപ്പിൽ മുന്നിലെത്തിയ ഇംഗ്ലണ്ട് ടീം നേരിട്ട് ക്വാർട്ടർ ഫൈനലില്‍ ഇടംപിടിച്ചപ്പോള്‍ രണ്ടും മൂന്നും സ്ഥാനത്തുള്ള ടീമുകൾ ക്രോസ് ഓവർ മത്സരത്തിലൂടെ യോഗ്യത ഉറപ്പാക്കണം. സ്പെയിനിനെ ആദ്യ മത്സരത്തിൽ തോൽപ്പിച്ച ഇന്ത്യ നേരത്തെ കരുത്തരായ ഇംഗ്ലണ്ടിനോട് സമനില വഴങ്ങിയിരുന്നു. രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്‌ത ഇന്ത്യക്ക് ക്രോസ് ഓവര്‍ മത്സരത്തില്‍ ന്യൂസിലന്‍ഡാണ് എതിരാളികള്‍.