Asian Champions Trophy Hockey : ഫൈനല്‍ തേടി ഇന്ത്യ ഇന്ന് ജപ്പാനെതിരെ
ഗ്രൂപ്പ് ഘട്ടത്തിൽ ജപ്പാനെ ഇന്ത്യ മറുപടിയില്ലാത്ത ആറ് ഗോളിന് തകര്‍ത്തിരുന്നു
ധാക്ക: ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയിൽ (Asian Champions Trophy Hockey) ഫൈനല്‍ തേടി ഇന്ത്യ (Indian Hockey Team) ഇന്നിറങ്ങും. സെമിയിൽ ഏഷ്യന്‍ ഗെയിംസ് ജേതാക്കളായ ജപ്പാന്‍ ആണ് എതിരാളികള്‍. ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിൽ ഇന്ത്യന്‍ സമയം വൈകീട്ട് 5.30നാണ് മത്സരം. ഗ്രൂപ്പ് ഘട്ടത്തിൽ ജപ്പാനെ ഇന്ത്യ മറുപടിയില്ലാത്ത ആറ് ഗോളിന് തകര്‍ത്തിരുന്നു. പാകിസ്ഥാനും ദക്ഷിണ കൊറിയയും തമ്മിൽ ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കാണ് ആദ്യ സെമി.
ടൂര്‍ണമെന്‍റിലെ ആദ്യ മത്സരത്തില്‍ ദക്ഷിണ കൊറിയയോട് 2-2ന്‍റെ സമനില വഴങ്ങിയ ഇന്ത്യ തുടര്‍കളികളില്‍ ബംഗ്ലാദേശ്(9-0), പാകിസ്ഥാന്‍(3-1), ജപ്പാന്‍(6-0) ടീമുകളെ പരാജയപ്പെടുത്തി.
ടൂര്‍ണമെന്‍റിലെ ഏറ്റവും വാശിയേറിയ പോരാട്ടത്തില്‍ ബന്ധവൈരികളായ പാക്കിസ്ഥാനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് നിലവിലെ ചാമ്പ്യന്‍മാരായ ഇന്ത്യ സെമി ഉറപ്പിച്ചത്. രണ്ട് ഗോള്‍ നേടിയ ഹര്‍മന്‍പ്രീത് സിംഗിന്‍റെ മികവിലായിരുന്നു ഇന്ത്യയുടെ മുന്നേറ്റം. ആകാശ് ദീപ് സിംഗ് ഇന്ത്യയുടെ മൂന്നാം ഗോള്‍ നേടി. ജുനൈദ് മന്‍സൂര്‍ പാക്കിസ്ഥാന്‍റെ ആശ്വാസ ഗോള്‍ നേടി. 2018ല്‍ മോശം കാലാവസ്ഥ കാരണം ഫൈനല്‍ ഉപേക്ഷിച്ചപ്പോള്‍ ഇന്ത്യയെയും പാക്കിസ്ഥാനെയും സംയുക്ത ജേതാക്കളായി പ്രഖ്യാപിച്ചിരുന്നു.
റൗണ്ട്-റോബിന്‍ ഘട്ടത്തിലെ അവസാന മത്സരത്തില്‍ ജപ്പാനെ എതിരില്ലാത്ത ആറ് ഗോളിന് തകര്‍ത്തതിന്‍റെ മേല്‍ക്കൈ ഇന്ത്യക്കുണ്ട്. ഹര്‍മന്‍പ്രീത് സിംഗ് ഇരട്ട ഗോള്‍ സ്വന്തമാക്കിയപ്പോള്‍ ദില്‍പ്രീത് സിംഗ്, ജരംന്‍പ്രീത് സിംഗ്, സുമിത്, ഷംസര്‍ സിംഗ് എന്നിവരാണ് മറ്റ് സ്‌കോറര്‍മാര്‍. ടൂര്‍ണമെന്‍റില്‍ ആറ് തവണ ലക്ഷ്യം കണ്ട് ഗോള്‍വേട്ടയില്‍ ഹര്‍മന്‍പ്രീതാണ് മുന്നില്‍. രണ്ടാമത് നില്‍ക്കുന്ന ദില്‍പ്രീതിന് നാല് ഗോളുണ്ട്.
South Africa vs India : ഔദ്യോഗിക തീരുമാനമെത്തി; ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനം കാണികളില്ലാതെ