മാഗ്നസ് കാൾസനെ അട്ടിമറിച്ച് ഇന്ത്യന്‍ കൗമാരതാരം ഗുകേഷ്; പ്രഗ്നാനന്ദയെയും മറികടന്ന് ചരിത്രനേട്ടം
കഴിഞ്ഞ ദിവസം ഇന്ത്യൻ താരം 19കാരനായ അർജുൻ എരിഗിയാസിയോടും കാൾസൻ തോറ്റിരുന്നു. മാഗ്നസ് കാൾസനെ തോൽപ്പിച്ചതിൽ സന്തോഷമുണ്ടെങ്കിലും മത്സരം പ്രതീക്ഷിച്ചത് പോലെ നന്നായില്ലെന്നായിരുന്നു ഗുകേഷിന്‍റെ പ്രതികരണം.
ചെന്നൈ: ലോകചാംപ്യൻ മാഗ്നസ് കാൾസനെ അട്ടിമറിച്ച് ഇന്ത്യയുടെ കൗമാര താരം ഡി.ഗുകേഷ്. മാഗ്നസ് കാൾസനെ തോൽപ്പിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടവും ജയത്തോടെ ഗുകേഷ് സ്വന്തമാക്കി.എയിംചെസ് റാപ്പിഡ് ഓൺലൈൻ ടൂർണമെന്‍റിന്‍റെ ഒൻപതാം റൗണ്ടിലാണ് കാൾസന് ഇന്ത്യന്‍ താരത്തിന് മുന്നില്‍ അടിതെറ്റിയത്.29 നീക്കങ്ങൾക്കൊടുവിലാണ് വെള്ളക്കരുക്കളുമായി കളിച്ച ഗുകേഷിന്‍റെ ത്രസിപ്പിക്കുന്ന ജയം.
16 വയസ്സും നാലു മാസവും 20 ദിവസവും പ്രായമുള്ള ഗുകേഷ് കാൾസനെ തോൽപ്പിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടവും ഇന്നത്തെ ജയത്തോടെ സ്വന്തമാക്കി.16 വയസ്സും 6 മാസവും പ്രായമുള്ളപ്പോൾ കാൾസനെ വീഴ്ത്തിയ ഇന്ത്യയുടെ ആര്‍ പ്രഗ്നാനന്ദയുടെ റെക്കോർഡാണ് ഗുകേഷ് ഇന്നത്തെ ജയത്തോടെ മറികടന്നത്.
കഴിഞ്ഞ ദിവസം ഇന്ത്യൻ താരം 19കാരനായ അർജുൻ എരിഗിയാസിയോടും കാൾസൻ തോറ്റിരുന്നു. മാഗ്നസ് കാൾസനെ തോൽപ്പിച്ചതിൽ സന്തോഷമുണ്ടെങ്കിലും മത്സരം പ്രതീക്ഷിച്ചത് പോലെ നന്നായില്ലെന്നായിരുന്നു ഗുകേഷിന്‍റെ പ്രതികരണം. കാള്‍സണുമായുള്ള മത്സരത്തിന് മുമ്പ് എന്തെങ്കിലും പ്രത്യേക തയാറെടുപ്പുകളുണ്ടായിരുന്നോ എന്ന ചോദ്യത്തിന് ഓരോ എതിരാളിക്കെതിരെയും എങ്ങനെ കളിക്കണമെന്നതിനെക്കുറിച്ച് കോച്ച് വിഷ്ണു പ്രസന്നയുമായി ചേര്‍ന്ന് പ്രത്യേക തന്ത്രം ആവിഷ്കരിച്ചുവെന്നും കാള്‍സണെതിരെയും അതുണ്ടായിരുന്നുവെന്നും ഗുകേഷ് പറഞ്ഞു.
ഫാഗർനെസ് ഗ്രാന്റ് മാസ്റ്റർ ഓപ്പൺ ചെസ് ചാമ്പ്യൻഷിപ്പ്: പ്രഗ്നാനന്ദയെ മറികടന്ന് നാരായണന് കിരീടം
എളുപ്പത്തിൽ ജയിക്കാനുള്ള ശ്രമം നടത്തിയപ്പോൾ ഗുകേഷിന്‍റെ തന്ത്രം മനസിലാക്കാനായില്ലെന്നായിരുന്നു തോല്‍വിക്കുശേഷം മാഗ്നസ് കാൾസന്‍റെ പ്രതികരണം. ടൂര്‍ണമെന്‍റ് 12 റൗണ്ടുകൾ പിന്നിട്ടപ്പോൾ ഗുകേഷ് മൂന്നാം സ്ഥാനത്തും അർജുൻ നാലാം സ്ഥാനത്തും കാൾസൻ അഞ്ചാം സ്ഥാനത്തുമാണ്. കാൾസനെയും അർജുനെയും മുൻലോകചാംപ്യൻ വിശ്വനാഥൻ ആനന്ദ് അഭിനന്ദിച്ചു.
കഴിഞ്ഞ മാസം അമേരിക്കയിലെ മിയാമിയില്‍ നടന്ന എഫ് ടി എക്സ് ക്രിപ്റ്റോ കപ്പ് ഇന്‍റര്‍നാഷണല്‍ ചെസ് ചാമ്പ്യന്‍ഷിപ്പിലാണ് പ്രഗ്നാനന്ദ അവസാനം കാള്‍സണെ അട്ടിമറിച്ചത്.