മേരി കോം, പി വി സിന്ധു, മീരാഭായ് ചാനു, ശിവ കേശവൻ എന്നിവർ ഐഒഎ അത്‌ലറ്റ്‌സ് കമ്മീഷനിൽ
ഒളിംപിക്സിലെ ഇന്ത്യയുടെ ആദ്യ വ്യക്തിഗത സ്വർണ്ണ മെഡൽ ജേതാവ് അഭിനവ് ബിന്ദ്രയും മുൻ ഇന്ത്യയും ഹോക്കി ടീം ക്യാപ്റ്റൻ സർദാർ സിംഗും യഥാക്രമം ഇന്‍റനാഷണൽ ഒളിമ്പിക് കമ്മിറ്റിയുടെയും ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യയുടെയും അനുബന്ധ സമിതിയിലെ അംഗങ്ങൾ എന്ന നിലയിൽ 12 അംഗ അത്‌ല്റ്റ്സ് കമ്മീഷനില്‍ അംഗങ്ങളാകും. ഇരുവർക്കും വോട്ടവകാശം ഉണ്ടായിരിക്കും.
ദില്ലി: ഒളിംപ്യന്‍മാരായ എം സി മേരി കോം, പി വി സിന്ധു, ശിവ കേശവൻ എന്നിവരുൾപ്പെടെ 10 പ്രമുഖ കായികതാരങ്ങൾ ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍റെ(ഐഒഎ) അത്‌ലറ്റ്‌സ് കമ്മീഷൻ അംഗങ്ങളായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. മീരാഭായ് ചാനു, ഗഗൻ നാരംഗ്, അചന്ത ശരത് കമാൽ, റാണി രാംപാൽ, ഭവാനി ദേവി, ബജ്‌റംഗ് ലാൽ, ഓം പ്രകാശ് എന്നിവരാണ് ഉന്നത സമിതിയിലെ മറ്റ് ഏഴ് അംഗങ്ങൾ.
അത്‌ലറ്റ്‌സ് കമ്മീഷനിലേക്ക് 10 പേര്‍ മാത്രമാണ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. എതിര്‍ സ്ഥാനാര്‍ത്ഥികള്‍ ഇല്ലാതിരുന്നതിനാല്‍ നാമനിര്‍ദേശ പത്രിക നല്‍കിയവരെല്ലാം അത്‌ലറ്റസ് കമ്മീഷന്‍ അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടതായി റിട്ടേണിംഗ് ഓഫീസർ ഉമേഷ് സിൻഹ അറിയിച്ചു.
ഒളിംപിക്സിലെ ഇന്ത്യയുടെ ആദ്യ വ്യക്തിഗത സ്വർണ്ണ മെഡൽ ജേതാവ് അഭിനവ് ബിന്ദ്രയും മുൻ ഇന്ത്യയും ഹോക്കി ടീം ക്യാപ്റ്റൻ സർദാർ സിംഗും യഥാക്രമം ഇന്‍റനാഷണൽ ഒളിമ്പിക് കമ്മിറ്റിയുടെയും ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യയുടെയും അനുബന്ധ സമിതിയിലെ അംഗങ്ങൾ എന്ന നിലയിൽ 12 അംഗ അത്‌ല്റ്റ്സ് കമ്മീഷനില്‍ അംഗങ്ങളാകും. ഇരുവർക്കും വോട്ടവകാശം ഉണ്ടായിരിക്കും.
ബിന്ദ്രയെ 2018-ൽ ഐഒസി അത്‌ലറ്റ്‌സ് കമ്മീഷൻ അംഗമായി എട്ട് വർഷത്തേക്ക് നിയമിച്ചപ്പോൾ സർദാറിനെ 2019-ൽ നാല് വർഷത്തേക്ക് ഒസിഎ അത്‌ലറ്റ്‌സ് കമ്മിറ്റി അംഗമാക്കിയിരുന്നു. നവംബർ 10 ന് അംഗീകരിച്ച ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്‍റെ പുതിയ ഭരണഘടന പ്രകാരം, അത്‌ലറ്റ്‌സ് കമ്മീഷനിൽ സ്ത്രീകള്‍ക്കും പുരുഷന്മാർക്കും തുല്യ പ്രാതിനിധ്യം ഉണ്ടായിരിക്കണം. ഈ മാര്‍ഗരേഖ പ്രകാരമാണ് ഇപ്പോഴത്തെ കമ്മീഷന്‍ രൂപീകരണം. ഐഒഎയുടെ ചരിത്രത്തിലെ ആദ്യത്തെ സമ്പൂർണ അത്‌ലറ്റ്‌സ് കമ്മീഷനാണിതെന്ന് ആറ് ശീതകാല ഒളിമ്പിക്‌സുകളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുള്ള ശിവ കേശവൻ, പറഞ്ഞു.
സുപ്രീം കോടതിയുടെ ഉത്തരവനുസരിച്ച് അത്‌ലറ്റ്സ് കമ്മീഷനിലെ രണ്ട് അംഗങ്ങൾ (ഒരു പുരുഷനും ഒരു സ്ത്രീയും) ഡിസംബർ 10 ന് തെരഞ്ഞെടുക്കപ്പെടുന്ന ഐഒഎയുടെ എക്‌സിക്യൂട്ടീവ് കൗൺസിലിലും അംഗമാകും.