ഓണക്കാലം 'വണ്‍ഡേ പിക്നിക്ക്' കാലം, നഷ്ടപ്രതാപം വീണ്ടെടുക്കാന്‍ രണ്ടും കല്‍പ്പിച്ച് ടൂറിസം മേഖല
സംസ്ഥാനത്ത് കൊല്ലം, തൃശ്ശൂര്‍ ജില്ലകള്‍ ഒഴികെ ബാക്കി എല്ലായിടത്തും സഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായി. ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ എത്തിയത് എറണാകുളം ജില്ലയിലാണ്.
ഓണക്കാലമെന്നത് വണ്‍ഡേ പിക്കിനിക്കുകളുടെ കാലമാണ്. ഓണം അവധിക്ക് കുട്ടികള്‍ക്ക് ക്ലാസുകളില്ലാത്തതിനാല്‍ മിക്ക കുടുംബങ്ങളും ചെറിയ യാത്രകള്‍ നടത്താറുണ്ട്. മിക്കവയും വണ്‍ഡേ പിക്കിനിക്കുകളോ, രണ്ടോ മൂന്നോ ദിവസം നീണ്ടുനില്‍ക്കുന്ന ചെറിയ യാത്രകളോ ആയിരിക്കും. ഇത്തരം യാത്രകളെ കേരളത്തിലെയും സമീപ സംസ്ഥാനങ്ങളിലെയും ടൂറിസം മേഖല വലിയ പ്രതീക്ഷയോടെയാണ് കാണുന്നത്.
എന്നാല്‍, കഴിഞ്ഞ വര്‍ഷം ഉണ്ടായ മഹാപ്രളയം എല്ലാ കണക്കുകൂട്ടലും തെറ്റിച്ചു. ഇതോടെ ഓണക്കാലത്തിനൊപ്പം വിനോദ സഞ്ചാര മേഖലയുടെ പ്രതീക്ഷകളും കൂടിയാണ് ഇല്ലാതായത്.
ആഭ്യന്തര വിനോദ സഞ്ചാരികള്‍ക്കൊപ്പം വിദേശ വിനോദ സഞ്ചാരികളും അധികമായി ഓണക്കാലത്ത് സംസ്ഥാനത്ത് എത്താറുണ്ട്. കഴിഞ്ഞ ഓണക്കാലത്ത് വിദേശ വിനോദ സഞ്ചാരികള്‍ ഏതാണ്ട് പൂര്‍ണമായും കേരളത്തില്‍ നിന്ന് മാറി നിന്നിരുന്നു. പ്രളയത്തെ തുടര്‍ന്ന് കഴിഞ്ഞ ഓണക്കാലത്ത് വിദേശികളുടെ നിരവധി ബുക്കിങുകളാണ് സംസ്ഥാനത്തെ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്ക് നഷ്ടമായത്. ഇതിലൂടെ വ്യവസായത്തിനും സംസ്ഥാന സമ്പദ്‍വ്യവസ്ഥയ്ക്കും ഉണ്ടായ നഷ്ടം ഭീമമായിരുന്നു.
ഇതിനാല്‍ വരാനിരിക്കുന്ന ഓണക്കാലത്ത് വിനോദ സഞ്ചാര മേഖല വന്‍ തിരിച്ചുവരവ് പ്രതീക്ഷിക്കുന്നു. അതിന്‍റെ സൂചനകളും അടുത്തകാലത്തായി മേഖലയില്‍ കാണുന്നുണ്ട്. നിപ്പയും പ്രളയവും മൂലം കഴിഞ്ഞ വര്‍ഷം നേരിട്ട തകര്‍ച്ചയില്‍ നിന്ന് മുന്നേറാന്‍ കേരള ടൂറിസത്തിന് കഴിഞ്ഞതിന്‍റെ സൂചനകളാണ് സഞ്ചാരികളുടെ എണ്ണത്തിലുണ്ടായ വര്‍ധന. കഴിഞ്ഞ ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ കേരളത്തില്‍ എത്തിയ ആഭ്യന്തര, വിദേശ വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ 14.81 ശതമാനത്തിന്‍റെ വര്‍ധനയുണ്ടായി.
ആഭ്യന്തര വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ മാത്രം 15.05 ശതമാനത്തിന്‍റെ വര്‍ധന സംസ്ഥാനം നേടിയെടുത്തു. കഴിഞ്ഞ വര്‍ഷത്തെ ഇതേകാലയളവില്‍ 41.4 ലക്ഷം വിനോദ സഞ്ചാരികള്‍ കേരളത്തില്‍ സാന്നിധ്യം അറിയിച്ചപ്പോള്‍ ഈ വര്‍ഷം അത് 47.7 ലക്ഷമായി ഉയര്‍ന്നു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ വിദേശ വിനോദ സഞ്ചാരികളുടെ എണ്ണം 1.67 ലക്ഷമായിരുന്നെങ്കില്‍ ഈ വര്‍ഷം സഞ്ചാരികളുടെ എണ്ണം 1.82 ലക്ഷമായി ഉയര്‍ന്നു. വര്‍ധന 8.74 ശതമാനത്തിന്‍റേതാണ്. 10 മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ ഈ വര്‍ധനയുണ്ടായത്.
ആഭ്യന്തര, വിദേശ വിനോദ സഞ്ചാരികളെ സംയുക്തമായി പരിഗണിച്ചാല്‍ മുന്‍ വര്‍ഷത്തെക്കാള്‍ 6,39,271 പേര്‍ ഈ വര്‍ഷം അധികമായി എത്തി. സംസ്ഥാനത്ത് കൊല്ലം, തൃശ്ശൂര്‍ ജില്ലകള്‍ ഒഴികെ ബാക്കി എല്ലായിടത്തും സഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായി. ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ എത്തിയത് എറണാകുളം ജില്ലയിലാണ്. രണ്ടാം സ്ഥാനത്ത് ഇടുക്കിയും.