കൊല്ലവര്‍ഷം.. മലയാളത്തിന്റെ സ്വന്തം കലണ്ടര്‍
കേരളത്തിന്റെ തനതു കാലഗണനാരീതിയാണു കൊല്ലവർഷം അഥവാ മലയാള വർഷം. എ.ഡി. 825-ൽ ആണ് കൊല്ലവർഷത്തിന്റെ തുടക്കം. ഭാരതത്തിലെ മറ്റു ദേശക്കാര്‍ സൗരവർഷത്തെയും ചാന്ദ്രമാസത്തെയും അടിസ്ഥാനമാക്കി കാലത്തെ നിർണ്ണയിക്കുന്ന പഞ്ചാംഗങ്ങള്‍ ഉണ്ടാക്കിയപ്പോൾ വേണാട്ടിലെ രാജാവായിരുന്ന ഉദയ മാർത്താണ്ഡ വർമ്മയാണ് കൊല്ലവർഷം തുടങ്ങിയത് എന്നു കരുതുന്നു.
കൊല്ലവര്‍ഷാരംഭത്തെക്കുറിച്ച് നിരവധി വാദങ്ങളുണ്ട്. അക്കാലത്തെ ഒരു പ്രധാന വാണിജ്യകേന്ദ്രമായിരുന്നു കൊല്ലം. ഇവിടേക്കു ഒഴുകിയെത്തിയ കച്ചവടക്കാർ അവർക്ക് പരിചിതമായിരുന്ന സപ്തർഷിവർഷവും ഇവിടെ പ്രചാരത്തിലിരുന്ന കാലഗണനാരീതികളും ചേർത്ത് ഉപയോഗിക്കുവാൻ തുടങ്ങി. പക്ഷേ അത് ഏറെ ബുദ്ധിമുട്ടുണ്ടായിരുന്ന കാര്യമായിരുന്നു. സപ്തർഷിവർഷത്തിന്‍റെ കൃത്യത ഇല്ലായ്മയും തദ്ദേശീയ കാലഗണനാരീതികളുടെ മാസവിഭജനരീതികളും തമ്മിലുള്ള വ്യത്യാസം ഏറെ ബുദ്ധിമുട്ടുണ്ടാക്കി.
അതുകൊണ്ട് വേണാട്ടരചനായിരുന്ന ഉദയമാര്‍ത്താണ്ഡന്‍റെ നേതൃത്വത്തില്‍ സൗരവർഷത്തെയും സൗരമാസത്തെയും കൂട്ടിയിണക്കി എഡി 825 ല്‍ കൊല്ലവര്‍ഷത്തിനു രൂപം കൊടുത്തുവെന്നാണ് കരുതുന്നത്. ഓരോ നൂറുവർഷം കൂടുമ്പോഴും വീണ്ടും ഒന്നു മുതൽ ആരംഭിക്കുന്ന രീതിയായിരുന്നു സപ്തർഷിവർഷത്തിനുണ്ടായിരുന്നത്. ക്രിസ്തുവിനു മുമ്പു 76-ൽ തുടങ്ങിയ സപ്തർഷിവർഷം അതിന്റെ നൂറുവീതമുള്ള പത്താമത്തെ ചക്രം ആരംഭിച്ചത് ക്രിസ്തുവിനു പിമ്പ് 825-ൽ ആണ്. ആ സമയം നോക്കിയാണ് പുതിയ സമ്പ്രദായത്തിനു തുടക്കം കുറിച്ചതെന്നാണ് കരുതുന്നത്. വളരെയധികം ജ്യോതിശാസ്ത്രജ്ഞന്മാരുടെ സഹായത്തോടെ സൂര്യഗതിയും ജ്യോതി ചക്രസംവിധാനവും ഗണനം നടത്തിയായിരുന്നു അത്. അഞ്ചു സ്വരൂപങ്ങളിലെ രാജാക്കന്മാരും പത്മനാഭസ്വാമി ക്ഷേത്ര പുരോഹിതനും മറ്റു മാടമ്പികളും ഒത്തുചേർന്ന് ക്ഷേത്രത്തിലെ വിശേഷങ്ങളുടെ ഒരു കലണ്ടർ രൂപപ്പെടുത്തി.
എന്നാല്‍ കൊല്ലം നഗരം സ്ഥാപിച്ചതിന്റെ ഓർമ്മയ്ക്കാണു് കൊല്ലവർഷം ആരംഭിച്ചതെന്നും ചിലരും രാജ്യതലസ്ഥാനം കൊല്ലത്തേക്കു മാറ്റിയപ്പോഴാണ് കൊല്ലവർഷം തുടങ്ങിയതെന്ന് മറ്റു ചിലരും അഭിപ്രായപ്പെടുന്നു. ഹെർമ്മൻ ഗുണ്ടർട്ട് പറയുന്നത് തുറമുഖ പട്ടണമായിരുന്ന കൊല്ലത്ത് പുതിയ ഒരു ശിവക്ഷേത്രം സ്ഥാപിച്ചതിനോട് അനുബന്ധിച്ചാണ് കൊല്ല വർഷം ആരംഭിച്ചത് എന്നാണ്. തദ്ദേശീയവും മതപരവുമായിരുന്നതിനാൽ മറ്റു രാജ്യക്കാർക്ക് കൊല്ലവർഷം ആദ്യകാലങ്ങളിൽ സ്വീകാര്യമായിരുന്നില്ലെന്നും, പക്ഷെ കൊല്ലം വളരെ പ്രധാന്യമുള്ളൊരു തുറമുഖമായി ഉയർന്നു വന്നപ്പോള്‍ മറ്റു രാജ്യങ്ങളും കൊല്ല വർഷം സ്വീകരിക്കുകയായിരുന്നുവെന്നും ഇബ്ൻ ബത്തൂത്ത വാദിക്കുന്നു.
ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കർക്കടകം എന്നിങ്ങനെ 28 മുതൽ 32 വരെ ദിവസങ്ങൾ ഉണ്ടാകാവുന്ന പന്ത്രണ്ട് മാസങ്ങളായാണ് കൊല്ലവർഷത്തെ തിരിച്ചിരിക്കുന്നത്. സൗരരാശികളുടെ പേരുകളാണിവ. ഓരോ മാസത്തിലും സൂര്യൻ അതത് രാശിയിൽ പ്രവേശിച്ച് സഞ്ചരിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണു് ഇതു്. തുടക്കകാലത്ത് മേടമാസത്തിലായിരുന്നു വർഷാരംഭം.ഇന്നത് ചിങ്ങമാസത്തിലാണ്. ഗ്രിഗോറിയൻ കാലഗണനാരീതി ആണ് പൊതുവേ ഇന്ന് കേരളത്തിൽ പിന്തുടരുന്നതെങ്കിലും ഹിന്ദുക്കൾ സുപ്രധാനകാര്യങ്ങൾക്കു് ഇപ്പോഴും കൊല്ലവർഷത്തെ അടിസ്ഥാനമാക്കിയാണു് നാളുകൾ നിശ്ചയിക്കുന്നതു്.