പോളിഷ് താരം ഒളിംപിക് മെഡല്‍ വിറ്റു; കാരണം കേട്ടാല്‍ ഈ നന്‍മയ്ക്ക് മുന്നില്‍ ആരും നമിക്കും
വാഴ്സോ: പോളിഷ് ഡിസ്കസ് ത്രോ താരം പിയോറ്റ് മലക്കോവ്സ്കി തനിക്ക് ലഭിച്ച ഒളിംപിക് വെള്ളി മെഡല്‍ ലേലത്തില്‍ വിറ്റു. മെഡലിന്റെ മൂല്യമറിയാതെ വെറുതെ വിറ്റു തുലയ്ക്കുകയയിരുന്നില്ല പിയോറ്റ്. കണ്ണില്‍ ക്യാന്‍സര്‍ ബാധിച്ച മൂന്നു വയസുകാരന്റ ചികിത്സയ്ക്ക് പണം കണ്ടെത്തുന്നതിനായാണ് പിയോറ്റ് മെഡല്‍ ലേലത്തില്‍ വിറ്റത്. ഒലേക് എന്ന മൂന്നു വയസുകാരന്റെ അമ്മയാണ് മകന്റെ ചികിത്സയ്ക്ക് സാമ്പത്തിക സഹായം തേടി പിയോറ്റിന് കത്തെഴുതിയത്.
രണ്ടുവര്‍ഷമായി ഒലേക് കണ്ണിലെ ക്യാന്‍സറിന് ചികിത്സയിലാണ്. ന്യൂയോര്‍ക്കില്‍ കൊണ്ടുപോയി ചികിത്സിച്ചാല്‍ രോഗം മാറുമെന്നാണ് ഒലേക്കിന്റെ അമ്മയുടെ പ്രതീക്ഷ. റിയോയില്‍ താന്‍ സ്വര്‍ണത്തിനായാണ് പോരാടിയതെന്നും എന്നാല്‍ ഇപ്പോള്‍ ഇതിലും മൂല്യമുള്ള മറ്റൊരു കാര്യത്തിനാണ് തന്റെ പോരാട്ടമെന്നും പിയോറ്റ് ഫേസ്ബുക്കില്‍ കുറിച്ചു.
നിങ്ങളെന്നെ സഹായിച്ചായല്‍ ഞാന്‍ നേടിയ വെള്ളി മെഡലിന് സ്വര്‍ണത്തേക്കാള്‍ മൂല്യമുണ്ടാവുമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ വ്യക്തമാക്കി. അല്‍പ്പസമയത്തിനുശേഷം മെഡല്‍ വിറ്റതായുി പിയോറ്റ് ഫേസ്ബുക്കിലൂടെ അറിയിക്കുകയും ചെയ്തു.