അമ്മയുടെ ഫോട്ടോ സ്റ്റേജിൽ കണ്ടില്ല; പ്രതിഷേധിച്ച് വേദി വിട്ടിറങ്ങി യശോധര രാജ സിന്ധ്യ
ഗ്വാളിയോറിന്റെ രാജമാതാ എന്ന് അറിയപ്പെട്ടിരുന്ന രാഷ്ട്രീയ വ്യക്തിത്വമായിരുന്നു വിജയരാജ സിന്ധ്യ. വേദിയിൽ ദീന ദയാൽ ഉപാധ്യായ, ശ്യാമപ്രസാദ് മുഖർജി, അടൽ ബിഹാരി വാജ്പേയീ, കുഷാബാ താക്കറേ എന്നിവരുടെ ഛായാചിത്രങ്ങൾ വച്ചിട്ടുണ്ടായിരുന്നു.
ഭോപ്പാൽ: ബിജെപി നേതാക്കളും പാർട്ടി ഘടകങ്ങളും പങ്കെടുത്ത വേദിയിൽ നിന്നും പ്രതിഷേധ വാക്കൗട്ട് നടത്തി സ്പോർട്സ് മന്ത്രി യശോധര രാജ സിന്ധ്യ. അമ്മ വിജയരാജസിന്ധ്യയുടെ ചിത്രം വേദിയിൽ വച്ചില്ല എന്ന കാരണത്താലാണ് മന്ത്രി വേദിയിൽ നിന്നും ഇറങ്ങിപ്പോയത്. വേദിയിൽ കയറിയപ്പോൾ മുതൽ യശോധര രാജ സിന്ധ്യ അസ്വസ്ഥയായിരുന്നു.
ബിജെപിയുടെ സ്ഥാപകനേതാക്കളിലൊരാളായ വിജയരാജ സിന്ധ്യയുടെ ചിത്രം എന്തുകൊണ്ടാണ് വേദിയിൽ ഇല്ലാത്തതെന്ന് ഇവർ ചോദ്യമുന്നയിച്ചിരുന്നു. ഗ്വാളിയോറിന്റെ രാജമാതാ എന്ന് അറിയപ്പെട്ടിരുന്ന രാഷ്ട്രീയ വ്യക്തിത്വമായിരുന്നു വിജയരാജ സിന്ധ്യ. വേദിയിൽ ദീന ദയാൽ ഉപാധ്യായ, ശ്യാമപ്രസാദ് മുഖർജി, അടൽ ബിഹാരി വാജ്പേയീ, കുഷാബാ താക്കറേ എന്നിവരുടെ ഛായാചിത്രങ്ങൾ വച്ചിട്ടുണ്ടായിരുന്നു. ചടങ്ങിൽ എത്തിച്ചേർന്നിരുന്ന ബിജെപി നേതാക്കൾ മന്ത്രിയെ സമാധാനിപ്പിക്കാൻ ശ്രമിച്ചെങ്കിലും വഴങ്ങാതെ വേദിയിൽ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു.
തങ്ങളുടെ ഭാഗത്ത് നിന്ന് സംഭവിച്ച പിഴവാണെന്ന് ബിജെപി വക്താവ് സമ്മതിച്ച് വിജയരാജ സിന്ധ്യയുടെ ഛായാചിത്രം വേദിയിൽ വച്ചെങ്കിലും തിരികെ വേദിയിലേക്ക് കയറി വരാൻ യശോധര രാജ സിന്ധ്യ തയ്യാറായില്ല. ഈ മാസം 25 ന് ഭോപ്പാലിൽ സംഘടിപ്പിക്കുന്ന കാര്യകർത്ത് മഹാകുംഭ് എന്ന പരിപാടിയുടെ തയ്യാറെടുപ്പുകൾക്ക് വേണ്ടിയുള്ള യോഗമായിരുന്നു ഇത്. ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപി പ്രസിഡന്റ് അമിത് ഷായും പങ്കെടുക്കും. ദീനദയാൽ ഉപാധ്യായയുടെ ചരമവാർഷിക ദിനമാണ് സെപ്റ്റംബർ 25. മുൻ സംസ്ഥാന ബിജെപി പ്രസിഡന്റ് നന്ദകുമാർ ചൗഹാന് വേദിയിൽ ഇടം കൊടുത്തില്ല എന്ന ആരോപണവും ഈ ചടങ്ങിൽ ഉയർന്നു വന്നിരുന്നു.