ലോകകപ്പ് ഫുട്ബോള്‍ ; ഇന്ന് സ്വീഡനും സ്വിറ്റ്സർലാന്‍റും ഏറ്റുമുട്ടും
- വമ്പന്മാരെ വീഴ്ത്താന്‍ കെല്പ്പുണ്ടെന്ന് സ്വീഡന്‍ തെളിയിച്ചു കഴിഞ്ഞു.
ലോകകപ്പില്‍ ഇന്നത്തെ ആദ്യ പ്രീ ക്വാർട്ടറില്‍ സ്വീഡനും സ്വിറ്റ്സർലാന്‍റും ഏറ്റുമുട്ടും. രാത്രി 7.30 ന് സെന്‍റ് പീറ്റേഴ്സ് ബർഗ്ഗിലാണ് മത്സരം 1954 ന് ശേഷം സ്വിറ്റ്സർലാന്‍റ് ക്വാർട്ടർ കണ്ടിട്ടില്ല. 24 വര്‍ഷമായി സ്വീഡന്‍ ലോക പോരാട്ടത്തില്‍ അവസാന എട്ടിലെത്തിയിട്ട്. വര്‍ഷങ്ങളുടെ കാത്തിരിപ്പിന് അറുതി വരുത്താന്‍ യൂറോപ്യന്‍ ടീമുകൾ മുഖാമുഖം വരുമ്പോൾ റാങ്കിംഗിന്‍റെ മുന്തൂക്കം ആറാമതുള്ള സ്വിറ്റ്സര്‍ലാന്‍റിനാണ്.
ഇന്നത്തെ രണ്ടാമത്തെ പ്രീക്വാർട്ടർ മത്സരത്തിൽ ഇംഗ്ലണ്ട് കൊളംബിയയെ നേരിടും. രാത്രി 11.30നാണ് മത്സരം. ഗോൾഡൻ ബൂട്ടിനായുള്ള പോരാട്ടത്തിൽ മുന്നിലുള്ള ഹാരി കെയ്ൻ ഇന്നും വലകുലുക്കിയാൽ ഇംഗ്ലണ്ടിന് ഗുണമാകും. പരിക്കാണ് കൊളംബിയയുടെ പ്രധാന ആശങ്ക. ഹാമിഷ് റോഡ്രിഗസിന് ഇന്നത്തെ മത്സരം നഷ്ടമാകുമെന്നാണ് സൂചന.
ഷാക്കിരി നയിക്കുന്ന മുന്നേറ്റം ലോകകപ്പില്‍ എല്ലാ മത്സരത്തിലും സ്കോര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ വമ്പന്മാരെ വീഴ്ത്താന്‍ കെല്പ്പുണ്ടെന്ന് സ്വീഡന്‍ തെളിയിച്ചു കഴിഞ്ഞു. യോഗ്യതാ ഘട്ടത്തില്‍ ഇറ്റലിയേയും നെതര്‍ലാന്‍റിനെയും വീഴ്ത്തിയെത്തിയ സ്വീഡന്‍ ജര്‍മ്മനി ഉൾപ്പെട്ട ഗ്രൂപ്പില്‍ നിന്നാണ് ഒന്നാം സ്ഥാനക്കാരായി മുന്നേറിയത്.
രണ്ടാം സ്ഥാനക്കാരായി പ്രീക്വാര്‍ട്ടറിലെത്തിയ സ്വിറ്റസര്‍ലാന്‍റ് ആകട്ടെ ഒരു മത്സരം പോലും തോറ്റിട്ടില്ല. സസ്പെന്‍ഷനിലായ സെബാസ്റ്റ്യന്‍ ലാര്‍സന്‍റെ സേവനം സ്വീഡന് നഷ്ടമാകും. സ്റ്റീഫന്‍ ലിഷ്റ്റ്സ്നീര്‍ , ഫാബിയന്‍ ഷാര്‍ എന്നിവര്‍ സ്വിസ് ടീമിലും ഉണ്ടാവില്ല.
ഇരു ടീമുകളും ഇതുവരെ 28 തവണ മുഖാമുഖം വന്നെങ്കിലും ഒരു പ്രമുഖ ടൂര്‍ണമെന്‍റില്‍ പരസ്പരം മത്സരിക്കുന്നത് ഇത് ആദ്യം. 11 തവണ സ്വിറ്റ്സര്‍ലാന്‍റ് വിജയിച്ചപ്പോൾ 10 മത്സരത്തില്‍ സ്വീഡനൊപ്പമായിരുന്നു ജയം. 16 വര്‍ഷത്തിന് ശേഷമാണ് സ്വീഡനും സ്വിറ്റസര്‍ലാന്‍റും പരസ്പരം ഏറ്റുമുട്ടുന്നത്.