ലോകകപ്പ് പോരാട്ടങ്ങള്‍ കനക്കുന്നു; നാളെ ഫ്രാൻസ് ബെൽജിയത്തെ നേരിടും
- 1998ൽ ഫ്രാൻസ് ആദ്യമായി കിരീടം നേടുമ്പോൾ നായകൻ ദിദിയർ ദെഷാംപ്സ്. ഇന്ന് പരിശീലകന്‍റെ റോളിൽ തന്ത്രങ്ങൾ മെനയുന്ന ദെഷാംപ്സ്, ചരിത്രം ആവർത്തിക്കുന്നത് കാണാൻ കാത്തിരിക്കുകയാണ്.
ലോകകപ്പിൽ സെമിഫൈനൽ പോരാട്ടങ്ങൾക്ക് നാളെ തുടക്കം. ആദ്യ മത്സരത്തിൽ ഫ്രാൻസ് ബെൽജിയത്തെ നേരിടും. ബുധനാഴ്ച രണ്ടാമത്തെ സെമിഫൈനലിൽ ഇംഗ്ലണ്ടിന് ക്രൊയേഷ്യ ആണ് എതിരാളികൾ. ലോകകപ്പിൽ അവസാന രണ്ടിലെത്താൻ യൂറോപ്പിന്‍റെ പോര്. മുൻ ചാംപ്യൻമാരായ ഇംഗ്ലണ്ടിനും ഫ്രാൻസിനും ഇതിലും വലിയൊരു അവസരമില്ല. ബെൽജിയത്തിന്‍റെയും ക്രൊയേഷ്യയുടെയും സുവർണതലമുറയ്ക്ക് ഏറ്റവും മികച്ചത് നൽകാനുള്ള സമയം.
1998ൽ ഫ്രാൻസ് ആദ്യമായി കിരീടം നേടുമ്പോൾ നായകൻ ദിദിയർ ദെഷാംപ്സ്. ഇന്ന് പരിശീലകന്‍റെ റോളിൽ തന്ത്രങ്ങൾ മെനയുന്ന ദെഷാംപ്സ്, ചരിത്രം ആവർത്തിക്കുന്നത് കാണാൻ കാത്തിരിക്കുകയാണ്. ഓരോ പൊസിഷനിലും ഒന്നിലേറെ മികച്ച താരങ്ങളെ നൽകാനുള്ള പ്രതിഭാ സമ്പത്ത് തന്നെ ഫ്രഞ്ച് പടയുടെ കരുത്ത്. മെസിയെ നാട്ടിലേക്ക് പറഞ്ഞയച്ചതിന്‍റെ വീര്യം വേറെയും.
പ്രതിരോധവും മധ്യനിരയും ആക്രമണവുമെല്ലാം സുശക്തം. ദെഷാംപ്സ് അഴിച്ചുവിട്ട കൈലിയൻ എംബപ്പെയെ ആര് പിടിച്ചുകെട്ടുമെന്നതാവും ബെൽജിയത്തിന്‍റെ ആശങ്ക. സുന്ദരഫുട്ബോളിലൂടെ റഷ്യൻ ലോകകപ്പിന്‍റെ മുഖച്ഛായ മാറ്റിയ ടീമാണ് ബെൽജിയം. ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ സൂപ്പർ താരങ്ങൾ തന്നെ ടീമിന്‍റെ കരുത്ത്. പ്രതിരോധത്തിലെ പിഴവുകൾ മായ്ക്കാൻ ആക്രമണം ശക്തമാക്കുകയാകും കോച്ച് റോബർട്ടോ മാർട്ടിനെസിന്‍റെ തന്ത്രം.
ഹസാർഡ് ലുക്കാക്കു, മെർട്ടൻസ്, ഡിബ്രുയിൻ സംഘത്തെ പ്രതിരോധിക്കാൻ ഫ്രാൻസ് അടവുകളെല്ലാം പുറത്തെടുക്കേണ്ടി വരും. ചാഡ്ലിവ, ബാറ്റ്ഷുയി,ഫെല്ലെയ്നി തുടങ്ങി ഗോളുകൾ നേടുന്ന പകരക്കാരുടെ നിര തന്നെ ശക്തം. ജയം ബെൽജിയത്തിനെങ്കിൽ ചുവന്ന ചെകുത്താന്മാർക്ക് ചരിത്രനേട്ടം. 1986 -ലെ നാലാം സ്ഥാനം ഇതുവരെ അവരുടെ മികച്ച പ്രകടനം. ഫ്രാൻസ് ജയിച്ചാൽ മൂന്നാം ഫൈനൽ.
കിരീടമുറപ്പിച്ചവരെപ്പോലെയാണ് ഇംഗ്ലണ്ട്. ലുഷ്നിക്കിയിൽ ബുധനാഴ്ച അവരുടെ എതിരാളികൾ അത്ഭുത ടീമായ ക്രൊയേഷ്യ. 1966-ന് ശേഷം കപ്പുയർത്താനൊരുങ്ങുന്ന ഇംഗ്ലണ്ട് നിരക്ക് ടൂർണമെന്‍റിലെ മികച്ച മധ്യനിരയുമായെത്തുന്ന ക്രൊയേഷ്യൻ വീര്യത്തെ മറികടക്കണം. 1998 ഫ്രാൻസ് ലോകകപ്പിൽ മൂന്നാം സ്ഥാനക്കാരാണ് ക്രൊയേഷ്യ. ഫൈനൽ അവരുടെ വലിയ സ്വപ്നം. ക്രൊയേഷ്യയും ബെൽജിയവും കടന്നാൽ ലോകകിരീടത്തിന് പുതിയ അവകാശികളെ കാണാം ജൂലൈ പതിനഞ്ചിന്. നാലിൽ ആരായാലും ഈ നൂറ്റാണ്ടിലെ പുതിയ ചാമ്പ്യനാവും അത്.