വിഴിഞ്ഞത്തെത്തിയ മുഖ്യമന്ത്രിക്കുനേരെ പ്രതിഷേധം
തിരുവനന്തപുരം: ഓഖി ദുരിതബാധിത പ്രദേശങ്ങളിലൊന്നായ വിഴിഞ്ഞം സന്ദര്‍ശിക്കുന്നതിനിടെ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം. പിണറായി വിജയൻ എത്താന്‍ വൈകിയെന്നാരോപിച്ചായിരുന്നു മൽസ്യത്തൊഴിലാളികളുടെ പ്രതിഷേധം. മൂന്നുമിനിറ്റോളം മുഖ്യമന്ത്രിയുടെ വാഹനം പ്രതിഷേധക്കാർ തടഞ്ഞു. മുഖ്യമന്ത്രിയുടെ വാഹനത്തിനു പുറത്തടിച്ചാണ് മൽസ്യത്തൊഴിലാളികൾ രോഷപ്രകടനം നടത്തിയത്.
തുടര്‍ന്ന് കനത്ത പൊലീസ് വലയത്തിലാണ് മുഖ്യമന്ത്രിയെ പുറത്തിറക്കിയത്. മുഖ്യമന്ത്രിയെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതിനിടെ പോലീസും നാട്ടുകാരും തമ്മില്‍ ഉന്തും തള്ളും ഉണ്ടായി. പ്രതിഷേധം കണക്കിലെടുത്ത് പൂന്തുറയിലേക്കുള്ള മുഖ്യമന്ത്രിയുടെ യാത്ര റദ്ദാക്കി.
റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനും ജില്ലാ കലക്ടർ കെ. വാസുകിയും മുഖ്യമന്ത്രിയുടെ സംഘത്തിനൊപ്പമുണ്ടായിരുന്നു. ഇവരുടെ കാറുകളും മൽസ്യത്തൊഴിലാളികള്‍ തടഞ്ഞു. വിഴിഞ്ഞത്ത് രക്ഷാപ്രവര്‍ത്തനം വിലയിരുത്താനും ദുരിത ബാധിതരെ നേരിട്ട് കാണാനുമെത്തിയതാണ് മുഖ്യമന്ത്രി. അദ്ദേഹത്തെ നേരിട്ട് കണ്ട് പരാതി അറിയിക്കാനായി നിരവധി പേരാണ് എത്തിയത്. ഇന്ന് മാത്രം ഏഴ് പേരാണ് ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് മരിച്ചത്. ഇനിയും 92 പേരെ കണ്ടെത്താനുണ്ട്.