തൊപ്പി ഈസ് കമിംഗ്! സ്കൂൾ വിട്ട പോലെ ഒഴുകിയെത്തി കുട്ടികൾ, നാട്ടുകാർ ഇളകി; പിന്നെ നടന്നത്...
ഗതാഗത തടസം സൃഷടിച്ചതിന് കടയുടമക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കഴിഞ്ഞ ജൂണിലും സമാന സംഭവം മലപ്പുറം വളാഞ്ചേരിയിൽ നടന്നിരുന്നു.
മലപ്പുറം: ഗെയിമറും വ്ളോഗറുമായ 'തൊപ്പി' എന്ന കണ്ണൂർ സ്വദേശി മുഹമ്മദ് നിഹാദ് ഉദ്ഘാടനത്തിനായി എത്തുന്നത് അറിഞ്ഞതോടെ രോഷാകുലരായി നാട്ടുകാർ. മലപ്പുറം ഒതുക്കുങ്ങലിലെ 'ഓകസ്മൗണ്ട് മെൻസ് സ്‌റ്റോർ' എന്ന തുണിക്കട ഉദ്ഘാടനം ചെയ്യാനാണ് ഇന്നലെ 'തൊപ്പി' എത്താൻ ഉദ്ദേശിച്ചിരുന്നത്. എന്നാൽ ഇതറിഞ്ഞ നാട്ടുകാർ തൊപ്പിയെ നാട്ടിലേക്ക് എത്തിക്കില്ലെന്ന് വാശിയിലായി. നാട്ടുകാർ സംഘടിച്ചെത്തി ബഹളമായതോടെ കോട്ടക്കയ്ൽ പൊലീസും സ്ഥലത്തെത്തി.
സംഘാടകരുമായി സംസാരിച്ച പൊലീസ് ഇത്രയും ആളുകളെ ഉൾക്കൊള്ളാൻ കഴിയുന്ന സ്ഥലമല്ലാത്തതിനാൽ 'തൊപ്പി'യെ എത്തിക്കാൻ പ്രായോഗികമല്ലെന്ന് അറിയിക്കുകയായിരുന്നു. നാട്ടുകാരും പൊലീസും എതിരായതോടെ അവസാനം 'തൊപ്പി'യെ എത്തിക്കില്ലെന്ന് സംഘാടകരും അറിയിച്ചു. ഇതോടെ വളരെ പ്രതീക്ഷയോടെ എത്തിയ 'ആരാധകർ' നിരാശയോടെ മടങ്ങുകയായിരുന്നു. കുട്ടികളായിരുന്നു അധികവും എത്തിയത്.
എന്നാൽ, ഗതാഗത തടസം സൃഷടിച്ചതിന് കടയുടമക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കഴിഞ്ഞ ജൂണിലും സമാന സംഭവം മലപ്പുറം വളാഞ്ചേരിയിൽ നടന്നിരുന്നു. വളാഞ്ചേരി കരിങ്കല്ലത്താണിയിലെ ഒരു വസ്ത്രശാലയുടെ ഉദ്ഘാടനത്തിന് 'തൊപ്പി' എത്തിയത്. വൻ ജനക്കൂട്ടമാണ് ഇയാളെ കാണാനായി തടിച്ചുകൂടിയത്. അശ്ലീല പദപ്രയോഗം നടത്തിയതിനും ഗതാഗത തടസ്സമുണ്ടാക്കിയതിനും അന്ന് മുഹമ്മദ് നിഹാദിനെതിരെ കേസെടുത്തിരുന്നു.
ഈ കേസില്‍ എറണാകുളം എടത്തലയില്‍ സുഹൃത്തിന്‍റെ വീട്ടിലെത്തിയാണ് നിഹാദിനെ പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് നിഹാദിനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. സാമൂഹ്യ മാധ്യമങ്ങളില്‍ അശ്ലീലം പ്രചരിപ്പിച്ചതിന് കണ്ണപുരം പൊലീസും, കമ്പി വേലി നിര്‍മ്മിച്ച് നല്‍കുന്നയാളെ അശ്ലീലം പറഞ്ഞ് നവമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചതിന് ശ്രീകണ്ഠപുരം പൊലീസും മുമ്പ് തൊപ്പിക്കെതിരെ കേസെടുത്തിട്ടുണ്ട്.