മഞ്ഞ നിറമുള്ള ആമ! അത്യപൂർവ്വമായ ആമയെ കണ്ടെത്തിയത് ഒഡീഷയിൽ; ട്വിറ്ററിൽ വൈറലായി വീഡിയോ
ആമയുടെ കണ്ണുകൾക്ക് പിങ്ക് നിറമാണെന്നും ഈ നിറവ്യത്യാസം ആൽബിനിസത്തിന്റെ ഫലമാണെന്നും അദ്ദേഹം പറഞ്ഞു.
ഒഡീഷ: സാധാരണ ആമകളുടെ നിറം കറുപ്പാണ്. തോടിന് കറുപ്പ് നിറമുള്ള ആമകളെയേ എല്ലാവരും കണ്ടിട്ടുള്ളു. എന്നാൽ മഞ്ഞ നിറമുള്ള ആമകളുമുണ്ടെന്ന് ഒഡീഷയിലെ ബാലസോർ ജില്ലയിലെ ജനങ്ങൾ പറയും. കഴിഞ്ഞ ദിവസമാണ് മഞ്ഞ നിറത്തിലുള്ള ആമയെ ഇവിടെ നിന്നും കണ്ടെത്തിയത്. വളരെ വിരളമായ കാഴ്ചയാണിതെന്ന് മുതിർന്ന വനംവകുപ്പ് ഉദ്യോഗസ്ഥർ സാക്ഷ്യപ്പെടുത്തുന്നു.
'ആമയുടെ തോടുൾപ്പെടെ ശരീരം മുഴുവൻ മഞ്ഞനിറമാണ്. ഇത്തരമൊന്നിനെ ഇതിന് മുമ്പ് ഞാൻ കണ്ടിട്ടേയില്ല.' വനംവകുപ്പ് വാർഡനായ ഭാനുമിത്ര ആചാര്യ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. ബാലസോർ ജില്ലയിലെ സുജാൻപൂർ ഗ്രാമത്തിൽ നിന്നാണ് കഴിഞ്ഞ ദിവസം ഗ്രാമവാസികൾ ഈ ആമയെ രക്ഷപ്പെടുത്തിയത്. അപ്പോൾ തന്നെ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയും ആമയെ അവർക്ക് കൈമാറുകയും ചെയ്തു.
'മിക്കവാറും ആൽബിനോ എന്ന പ്രതിഭാസമായിരിക്കും ഇത്. ഒരു മനുഷ്യന്റെയോ മൃഗത്തിന്റെയോ ത്വക്കിലോ മുടിയിലോ വർണകത്തിന്റെ കുറവ് മൂലം ഉണ്ടാകുന്ന നിറവ്യത്യാസമാണ് ആൽബിനോ. വർഷങ്ങൾക്ക് മുമ്പ് സിന്ധിലെ നാട്ടുകാർ ഇത്തരം ഒരു വ്യതിയാനം കണ്ടെത്തിയിട്ടുണ്ട്.' ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദ ആമയുടെ ചിത്രത്തിനൊപ്പം ട്വിറ്ററിൽ കുറിച്ചു. ആമ വെള്ളത്തിൽ നീന്തുന്ന വീഡിയോയും ഇദ്ദേഹം പങ്കുവച്ചിട്ടുണ്ട്. ആമയുടെ കണ്ണുകൾക്ക് പിങ്ക് നിറമാണെന്നും ഈ നിറവ്യത്യാസം ആൽബിനിസത്തിന്റെ ഫലമാണെന്നും അദ്ദേഹം പറഞ്ഞു.