പാർക്ക് ചെയ്യുമ്പോൾ ഡോർ അടയ്ക്കേണ്ടേ? ആദ്യം അടച്ചു പിന്നെ പൊളിച്ചു; വൈറലായി കുറുമ്പ്...
തട്ടുമ്പോള്‍ വനംവകുപ്പിന്‍റെ വാഹനം അടിമുടി ഇളകുന്നുണ്ട്. മറുവശത്തേക്ക് മറിയുന്നതിന് മുന്‍പ് കാട്ടാന കുറുമ്പ് അവസാനിപ്പിച്ചത് മൂലം വാഹനത്തിന് ഗുരുതരമായ കേടുപാടുകള്‍ ഇല്ലെന്നാണ് വിവരം
ദില്ലി: വാച്ച് ടവറിന് താഴെ നിര്‍ത്തിയിട്ട വനംവകുപ്പിന്‍റെ വാഹനത്തിന്‍റെ ഡോറുകള്‍ അടച്ച് ചെറിയൊരു തട്ടുംകൊടുത്ത് കാട്ടാന. നാലു ഡോറുകളും തുറന്ന നിലയിലുള്ള വാഹനത്തിന് അരികിലേക്ക് എത്തുന്ന കാട്ടാന വലതുവശത്തെ രണ്ട് ഡോറുകളും തുമ്പി കൈ ഉപയോഗിച്ച് അടയ്ക്കുന്നതും പിന്നീട് പിന്നിലെ ഡോറിനോട് ചേര്‍ന്ന് രണ്ട് തട്ട് കൊടുത്ത ശേഷം പിന്‍ തിരിഞ്ഞ് വാലും ചുരുട്ടി ഓടി മറയുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ഐഎഫ്എസ് ഉദ്യോഗസ്ഥനായ പ്രവീണ്‍ കാസ്വാനാണ് ട്വിറ്ററില്‍ വീഡിയോ പങ്കുവച്ചിരിക്കുന്നത്.
കാട്ടാനയുടെ കുറുമ്പ് എന്ന രീതിക്കാണ് വീഡിയോയ്ക്ക് ലഭിക്കുന്ന പ്രതികരണങ്ങളില്‍ ഏറിയ പങ്കും. കാട്ടാന തട്ടുമ്പോള്‍ വനംവകുപ്പിന്‍റെ വാഹനം അടിമുടി ഇളകുന്നുണ്ട്. മറുവശത്തേക്ക് മറിയുന്നതിന് മുന്‍പ് കാട്ടാന കുറുമ്പ് അവസാനിപ്പിച്ചത് മൂലം വാഹനത്തിന് ഗുരുതരമായ കേടുപാടുകള്‍ ഇല്ലെന്നാണ് വിവരം. കാട്ടാനയുടെ തമാശ, ജീവനക്കാര്‍ ടവറിലായത് ഭാഗ്യം. കാട്ടിലെ ജീവിതം ഇങ്ങനെയാണ് എന്ന കുറിപ്പോടെയാണ് പ്രവീണ്‍ കാസ്വാന്‍ വീഡിയ പങ്കുവച്ചിരിക്കുന്നത്.
സമാനമായ മറ്റൊരു സംഭവത്തില്‍ അട്ടപ്പാടിയില്‍ റോഡിലെത്തിയ കാറിന് നേരെ ഒറ്റയാന്റെ പരാക്രമം നേരിട്ടത് ഇന്നലെ രാത്രിയാണ്. മൂന്ന് തവണ യാത്രക്കാരെ അടക്കം ഒറ്റയാന്‍ കാറ് കൊമ്പില്‍ കോര്‍ത്തെടുത്തെങ്കിലും തലനാരിഴയ്ക്ക് വലിയ ദുരന്തമാണ് വഴിമാറിയത്. പരപ്പൻത്തറയിൽ നിന്ന് ചീരക്കടവിലേക്ക് പോയ കുടുംബത്തിന് നേരെയാണ് ഒറ്റയാന്റെ ആക്രമണമുണ്ടായത്.
80 വയസുള്ള വയോധിക മയിലാത്തയും പേരക്കുട്ടികളും, ബന്ധുക്കളുമായിരുന്നു കാറിലുണ്ടായിരുന്നത്. കുട്ടികളടക്കമുള്ളവർ ബഹളം വെച്ചതോടെയാണ് കാട്ടാന പിന്മാറിയത്. മോശം റോഡായതിനാല്‍ കാട്ടാന മുന്നിലെത്തിയപ്പോള്‍ വാഹനം വേറെ ഭാഗത്തേക്ക് മാറ്റാനുള്ള സാഹചര്യം പോലുമില്ലാതിരുന്നതാണ് കുടുംബത്തെ മരണത്തെ മുഖാമുഖം കാണുന്ന അവസ്ഥയിലെത്തിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം