6 വയസുകാരി സുദീപയുടെ സചിത്ര സ്കൂൾ ഡയറി വൈറലാണ്! കാരണങ്ങള്‍ ഒരുപാടുണ്ട്!
ഒരു വർഷം കൊണ്ട് മലയാളം പഠിച്ച് അമ്മയുമായി ചേർന്ന് മനോഹരമായി ഡയറി എഴുതി. അവളുടെ എഴുത്തിനൊപ്പം അമ്മയുടെ വരയും. ക്ലാസ് ടീച്ചറാണ് ഡയറി സമൂഹമാധ്യമത്തിൽ പങ്കുവെച്ചത്.
പാലക്കാട്: അട്ടപ്പാടി കാരറ ഗവ യുപി സ്കൂളിലെ രണ്ടാം ക്ലാസുകാരി സുദീപയുടെ സചിത്ര സ്കൂൾ ഡയറി വൈറൽ. മലയാളം മാതൃഭാഷയല്ലാതിരുന്നിട്ടും ആറാം വയസ്സിൽ തന്നെ മലയാളത്തെ തൻ്റെ കുഞ്ഞിക്കെയ്യിൽ ഒതുക്കി മെരുക്കിയ കൊച്ചു മിടുക്കിയാണ് സുദീപ. സുദീപയുടെ ഡയറി കണ്ട മന്ത്രി വി. ശിവൻകുട്ടിയും അഭിനന്ദനവുമായി രംഗത്തെത്തി.
കാരറയിലെ മുഡുഗ വിഭാഗത്തിൽപെട്ട സുധീഷ് രാജിന്റെയും ദീപയുടേയും മൂത്ത മകളാണ് ആറു വയസുകാരി സുദീപ. ഒന്നാം ക്ലാസിൽ എത്തുന്നതു വരെ സംസാരിച്ചു ശീലിച്ചത് മഡുക ഭാഷ. എന്നിട്ടും ഒരു വർഷം കൊണ്ട് മലയാളം പഠിച്ച് അമ്മയുമായി ചേർന്ന് മനോഹരമായി ഡയറി എഴുതി. അവളുടെ എഴുത്തിനൊപ്പം അമ്മയുടെ വരയും. ക്ലാസ് ടീച്ചറാണ് ഡയറി സമൂഹമാധ്യമത്തിൽ പങ്കുവെച്ചത്. മന്ത്രിയപ്പൂപ്പന്റെ അഭിനന്ദനമെത്തിയതോടെ സന്തോഷത്തിലാണ് ഈ കൊച്ചുമിടുക്കി.
സുദീപ അവളുടെ ഓരോ ദിവസവും വടിവൊത്ത മലയാളത്തിൽ ഡയറിയിൽ കുറിച്ചിടും. മൂന്നു വയസുകാരൻ അനിയൻ സുദീപിന്റെ കുസൃതിയും അച്ഛൻ കോയമ്പത്തൂരിലേക്ക് ജോലിക്ക് പോകുമ്പോഴുള്ള സങ്കടവും സ്കൂളിലെ അനുഭവങ്ങളുമെല്ലാം. കഴിഞ്ഞ അധ്യയന വർഷം മുതലാണ് സ്കൂളിൽ വിദ്യാർത്ഥികൾക്ക് അക്ഷരങ്ങളുമായി കൂട്ടുകൂടാൻ സചിത്ര നോട്ടും സംയുക്ത ഡയറി എഴുത്തും തുടങ്ങിയത്.