ആൺസിംഹത്തിന്റെ പേര് 'അക്ബർ', പെൺസിംഹത്തിന്റെ പേര് 'സീത', ഒരുമിച്ച് പാർപ്പിക്കുന്നതിനെതിരെ വിഎച്ച്പി
അക്ബർ എന്ന് പേരുള്ള ആൺസിംഹത്തെയും സീത എന്ന പെൺസിംഹത്തെയും ഒന്നിച്ച് പാർപ്പിക്കരുതെന്ന വിചിത്ര ഹർജിയുമായി വിഎച്ച്പി
കൊൽക്കത്ത: വിചിത്ര ഹർജിയുമായി വിശ്വ ഹിന്ദു പരിഷത്ത് കൊൽക്കത്ത ഹൈക്കോടതിയിൽ. അക്ബർ എന്ന് പേരുള്ള ആൺസിംഹത്തെയും സീത എന്ന പെൺസിംഹത്തെയും ഒന്നിച്ച് പാർപ്പിക്കരുതെന്നാണ് വിചിത്ര ഹർജി ആവശ്യപ്പെടുന്നത്. ഇവയെ സിലിഗുഡി സഫാരി പാർക്കിൽ ഒന്നിച്ച പാർപ്പിക്കാൻ പാടില്ലെന്നും ഹർജി ആവശ്യപ്പെടുന്നു. വനം വകുപ്പ് നടപടി ഹിന്ദുമതത്തെ അപമാനിക്കുന്നുവെന്നാണ് വിശ്വ ഹിന്ദു പരിഷത്ത് ആരോപിക്കുന്നത്.
കേസ് ഈ മാസം 20ന് പരിഗണിക്കും. വിശ്വ ഹിന്ദു പരിഷത്തിന്റെ ബംഗാൾ ഘടകത്തിന്റേതാണ് ഹർജി. കൊൽക്കത്ത ഹൈക്കോടതിയുടെ ജൽപൈഗുരി ബെഞ്ചിന് മുന്നിലാണ് വിചിത്ര ഹർജി എത്തിയത്. ഫെബ്രുവരി 16നാണ് ജസ്റ്റിസ് സോഗത ഭട്ടാചാര്യയ്ക്ക് മുന്നിലേക്ക് വിഎച്ച്പി ഹർജിയുമായി എത്തിയത്. അടുത്തിടെയാണ് ത്രിപുരയിലെ സെപാഹിജാല പാർക്കിൽ നിന്നാണ് സിംഹങ്ങളെ ഇവിടേക്ക് എത്തിച്ചത്.
പാർക്കിലെ മൃഗങ്ങളെ പേരുകൾ മാറ്റാറില്ലെന്നാണ് സഫാരി പാർക്ക് അധികൃതർ പറയുന്നത്. സംസ്ഥാന വനംവകുപ്പിനേയും ബംഗാൾ സഫാരി പാർക്കിനേയും എതിർ കക്ഷികളാക്കിയാണ് വിശ്വ ഹിന്ദു പരിഷത്തിന്റെ ഹർജി. പാർക്കിലെത്തുന്നതിന് മുൻപ് തന്നെ സിംഹങ്ങൾക്ക് പേരുണ്ടെന്നാണ് ബംഗാൾ വനംവകുപ്പ് വിശദമാക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം