'പൂർണമായ കീഴടങ്ങൽ', 70ാം വയസിൽ ജ്ഞാനസ്നാനം സ്വീകരിച്ച് ഹൾക്ക് ഹോഗന്‍
ജീവിതത്തിലെ ഏറ്റവും വലിയ ദിനം, യേശുക്രിസ്തുവിന് മുന്നിൽ പൂർണമായി കീഴടങ്ങുന്നുവെന്നാണ് വീഡിയോ ദൃശ്യങ്ങൾ പങ്കുവച്ച് ഹൾക്ക് കുറിക്കുന്നത്
ഫ്ലോറിഡ: 70ാം വയസിൽ ജ്ഞാനസ്നാനം സ്വീകരിച്ചതായി ഡബ്ല്യു ഡബ്ല്യു ഇ താരവും മുന്‍ ഹെവിവെയ്റ്റ് ചാമ്പ്യനുമായ ഹൾക്ക് ഹോഗന്‍. ബുധനാഴ്ച സമൂഹമാധ്യമങ്ങളിലെ കുറിപ്പിലൂടെയാണ് ജീവിതത്തിലെ ഏറ്റവും പുതിയ മാറ്റത്തേക്കുറിച്ച് ഹൾക്ക് ഹോഗന്‍ വിശദമാക്കിയത്. ജീവിതത്തിലെ ഏറ്റവും വലിയ ദിനം, യേശുക്രിസ്തുവിന് മുന്നിൽ പൂർണമായി കീഴടങ്ങുന്നുവെന്നാണ് വീഡിയോ ദൃശ്യങ്ങൾ പങ്കുവച്ച് ഹൾക്ക് കുറിക്കുന്നത്. ആശങ്കകളില്ല, വിദ്വേഷമില്ല, മുന്‍ധാരണകളില്ല സ്നേഹം മാത്രം എന്നും കുറിപ്പിൽ ഹോഗന്‍ വിശദമാക്കുന്നു.
ഹൾക്ക് ഹോഗന്റെ ഭാര്യ സ്കൈ ഡെയിലി ഹോഗനും താരത്തിനൊപ്പം ജ്ഞാനസ്നാനം സ്വീകരിച്ചു. ഫ്ലോറിഡയിലെ ഇന്ത്യന്‍ റോക്ക്സ് ബാപ്റ്റിസ്റ്റ് ദേവാലയത്തിൽ വച്ചായിരുന്നു ചടങ്ങുകൾ നടന്നത്. വെള്ള നിറത്തിലെ വസ്ത്രങ്ങളും വെള്ളി നിറത്തിലെ കുരിശുമാണ് ഹോഗന് ചടങ്ങിൽ ധരിച്ചത്. നേരത്തെയും ക്രിസ്തീയ വിശ്വാസത്തേക്കുറിച്ച് പൊതു ഇടങ്ങളിൽ ഹോഗന്‍ സംസാരിച്ചിരുന്നു. 14ാം വയസിൽ ക്രിസ്തുവിനെ രക്ഷകനായി അംഗീകരിച്ചിരുന്നുവെന്ന് ഹോഗന്‍ നേരത്തെ പ്രതികരിച്ചിരുന്നു.
ഈ വർഷം ജനുവരിയിൽ ശസ്ത്രക്രിയയ്ക്ക് പിന്നാലെ മുന്‍ ഹെവിവെയ്റ്റ് ചാമ്പ്യനായ ഹള്‍ക്ക് ഹോഗന് അരയ്ക്ക് കീഴ്പ്പോട്ടുള്ള ചലനശേഷി നഷ്ടമായതായി റെസ്ലിംഗ് താരം കുര്‍ട്ട് ആംഗിള്‍ വിശദമാക്കിയിരുന്നു. അരയ്ക്ക് താഴേയ്ക്കുള്ള ഞരമ്പുകളില്‍ അടുത്തിടെ നടന്ന ശസ്ത്രക്രിയയില്‍ പൊട്ടലുണ്ടായെന്നും നിലവില്‍ ഹള്‍ക്ക് ഹോഗന് അരയ്ക്ക് താഴേയ്ക്കുള്ള ചലനങ്ങള്‍ തിരിച്ചറിയാന്‍ സാധിക്കാത്ത അവസ്ഥയിലാണെന്നുമാണ് കുര്‍ട്ട് വിശദമാക്കിയത്.ഡബ്ല്യു ഡബ്ല്യു ഇ റെസ്ലിംഗ് താരമായിരുന്ന ഹള്‍ക്ക് ഹോഗന്‍റെ യഥാര്‍ത്ഥ പേര് ടെറി ജീന്‍ ബോള്ളീ എന്നാണ്. 1982ലാണ് ഹള്‍ക്ക് ഹോഗന്‍ ഹെവി വെയ്റ്റ്ലിഫ്റ്റിംഗ് രംഗത്തേക്ക് എത്തുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം