കണ്ണുകള്‍ ഐശ്വര്യ റായുടേത് പോലെ ആവണമെങ്കില്‍ ചെയ്യേണ്ടത്... മഹാരാഷ്ട്ര മന്ത്രിയുടെ പ്രസംഗത്തെച്ചൊല്ലി വിവാദം
ഐശ്വര്യ റായ് മംഗലാപുരത്ത് കടലിന് അടുത്തുള്ള പ്രദേശത്ത് താമസിച്ചിരുന്നുവെന്നും എല്ലാ ദിവസവും മീന്‍ കഴിക്കുമായിരുന്നുവെന്നും മന്ത്രിയുടെ പ്രസംഗത്തില്‍ പറയുന്നു.
മുബൈ: ഐശ്വര്യ റായുടേത് പോലുള്ള കണ്ണുകളും മിനുസമുള്ള ചര്‍മവും ലഭിക്കാന്‍ എന്ത് ചെയ്യണമെന്ന് വിവരിക്കുന്ന മഹാരാഷ്ട്ര മന്ത്രിയുടെ പ്രസംഗം വിവാദമാവുന്നു. ദിവസവും മീന്‍ കഴിക്കുന്നവര്‍ക്ക് ലഭിക്കുന്ന നേട്ടങ്ങള്‍ വിവരിക്കവെയായിരുന്നു മന്ത്രിയുടെ വിവാദ പരാമര്‍ശങ്ങള്‍. പ്രസംഗവും അതിനെ തുടര്‍ന്നുള്ള കമന്റുകളും സോഷ്യല്‍ മീഡിയയിലും വൈറലായി.
മഹാരാഷ്ട്രയിലെ ആദിവാസി വകുപ്പ് മന്ത്രി വിജയകുമാര്‍ ഗവിത് നോര്‍ത്ത് മഹാരാഷ്ട്രയിലെ നന്ദുര്‍ബര്‍ ജില്ലയില്‍ നടന്ന ഒരു പൊതുപരിപാടിയില്‍ അടുത്തിടെ പങ്കെടുത്തിരുന്നു. ഇവിടെ നടത്തിയ പ്രസംഗത്തിന്റെ വീഡിയോ ക്ലിപ്പാണ് പ്രചരിക്കുന്നത്. "ദിനേനയെന്നോണം മീന്‍ കഴിക്കുന്നവര്‍ക്ക് മിനുസമാര്‍ന്ന ചര്‍മം ലഭിക്കുന്നതിന് പുറമെ അവരുടെ കണ്ണുകള്‍ തിളക്കമാര്‍ന്നതാവുകയും ചെയ്യും. ആരെങ്കിലും നിങ്ങളെ നോക്കിയാല്‍ അവര്‍ നിങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടും" - മന്ത്രി പറഞ്ഞു.
"ഐശ്വര്യ റായിയെക്കുറിച്ച് ഞാന്‍ നിങ്ങളോട് പറഞ്ഞോ? അവര്‍ മംഗലാപുരത്ത് കടല്‍ തീരത്തിന് സമീപത്തുള്ള സ്ഥലത്താണ് താമസിച്ചിരുന്നത്. അവര്‍ ദിവസവും മീന്‍ കഴിക്കുമായിരുന്നു. നിങ്ങള്‍ അവരുടെ കണ്ണുകള്‍ കണ്ടിട്ടില്ലേ? നിങ്ങള്‍ക്കും അവരുടേത് പോലുള്ള കണ്ണുകള്‍ ലഭിക്കും". മന്ത്രി പ്രസംഗത്തില്‍ തുടര്‍ന്നു. 68 വയസുകാരനായ മന്ത്രിയുടെ മകള്‍ ഹിന ഗവിത് ഇപ്പോള്‍ ബിജെപിയുടെ ലോക്സഭാ അംഗമാണ്.
മന്ത്രിയുടെ പരാമര്‍ശങ്ങള്‍ വലിയ വിമര്‍സനങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. ഇത്തരം ബാലിശമായ പരാമര്‍ശങ്ങള്‍ നടത്താതെ മന്ത്രി ആദിവാസികള്‍ നേരിടുന്ന പ്രശ്നങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ് എന്‍സിപി എംഎല്‍എ അമോല്‍ മിത്കരി പറഞ്ഞു. എന്നാല്‍ ദിവസവും മീന്‍ കഴിക്കുന്ന തന്റെ കണ്ണുകള്‍ അങ്ങനെ ആവേണ്ടതാണെന്നും ഇക്കാര്യത്തില്‍ എന്തെങ്കിലും ഗവേഷണം നടന്നിട്ടുണ്ടോയെന്ന് മന്ത്രിയോട് ചോദിക്കാമെന്നുമായിരുന്നു ബിജെപി എംഎല്‍എ നിതേഷ് റാണ പ്രതികരിച്ചത്.