'വാ ടീച്ചറേ, ക്ലാസിലേക്ക് വാ', സ്ഥലം മാറിപ്പോയ അധ്യാപികയെ പിടിച്ച് വലിച്ച് കുട്ടികൾ, വികാരനിർഭരം ഈ കൂടിക്കാഴ്ച
'തോൽപ്പിച്ചു കളയുന്ന ചില സ്നേഹങ്ങൾ'- വൈറലായി വീഡിയോ
തിരുവനന്തപുരം: കുട്ടികളുടെ മനസ്സില്‍ അധ്യാപകര്‍ക്കുള്ള സ്ഥാനം വളരെ വലുതാണ്. അക്ഷര വെളിച്ചം പകര്‍ന്നു നല്‍കിയും സ്നേഹിച്ചും നേര്‍വഴി നടത്തുന്ന അധ്യാപകര്‍ക്ക് കുട്ടികളുടെ മനസ്സില്‍ എന്നും ഇടമുണ്ട്. അത്തരമൊരു സ്നേഹത്തിന്‍റെ മനസ്സു നിറയ്ക്കുന്ന ദൃശ്യം വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പങ്കുവെച്ചു.
മലപ്പുറത്ത് പെരിന്തല്‍മണ്ണയിലെ താഴേക്കോട് ജിഎംഎൽപിഎസിൽ നിന്നുള്ള കാഴ്ചയാണ് മന്ത്രി ഫേസ് ബുക്കില്‍ പങ്കുവെച്ചത്- "കുട്ടികൾ എത്ര നിഷ്കളങ്കമായാണ് സ്നേഹിക്കുന്നത്. സ്ഥലംമാറിപ്പോയ ടീച്ചർ സ്കൂളിൽ വീണ്ടുമെത്തിയപ്പോൾ അവരവരുടെ ക്‌ളാസുകളിലേയ്ക്ക് ടീച്ചറെ കൊണ്ടുപോകാൻ നിർബന്ധിക്കുന്ന കുട്ടികൾ" എന്ന കുറിപ്പോടെയാണ് മന്ത്രി ദൃശ്യം പങ്കുവെച്ചത്.
എന്‍ പി നിസ എന്ന അധ്യാപികയെയാണ് കുട്ടികള്‍ സ്നേഹം കൊണ്ട് വീര്‍പ്പുമുട്ടിച്ചത്. സംഭവത്തെ കുറിച്ച് നിസ ടീച്ചര്‍ പറഞ്ഞതിങ്ങനെ- "കുട്ടികളെ പോലെ നിഷ്കളങ്കരും സ്നേഹമുള്ളവരും വേറെ ആരുണ്ട്! കഴിഞ്ഞാഴ്ച ട്രാന്‍സ്ഫര്‍ ആയിപ്പോന്ന പഴേ സ്കൂളിലേക്ക് ഇന്ന് ലാസ്റ്റ് പേ സര്‍ട്ടിഫിക്കറ്റ് വാങ്ങാൻ പോയി. കുട്ടികൾ കരുതി ഞാൻ തിരിച്ചു വന്നു എന്ന്. കഴിഞ്ഞ വർഷത്തെ കുട്ടികൾ അവരുടെ ക്‌ളാസിലേക്കും ഈ വർഷത്തെ കുട്ടികൾ അവരുടെ ക്‌ളാസിലേക്കും വരാൻ പറഞ്ഞു പിടിവലിയായി. തോൽപ്പിച്ചു കളയുന്ന ചില സ്നേഹങ്ങൾ".
മന്ത്രി വി ശിവന്‍കുട്ടി പങ്കുവെച്ച വീഡിയോ
'സാറ് പോണ്ട', കുഞ്ഞബ്ദുള്ള മാസ്റ്ററെ പൊതിഞ്ഞ് വിതുമ്പിക്കരഞ്ഞ് കുട്ടികള്‍
നേരത്തെ കോഴിക്കോട് നിന്നും സമാനമായ ദൃശ്യം പുറത്തുവന്നിരുന്നു. സ്കൂളിൽ നിന്നും സ്ഥലം മാറി പോകുന്ന പ്രിയ അധ്യാപകന്‍റെ ചുറ്റും കൂടി 'സാറ് പോണ്ട വിടൂല്ല' എന്ന് കുട്ടികൾ കേണപേക്ഷിക്കുന്ന ദൃശ്യമാണ് പുറത്തുവന്നത്. കല്ലാച്ചി ഗവ. യുപി സ്കൂളില്‍ നിന്നുള്ള ഈ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകൻ സ്കൂൾ വിട്ടു പോകുന്നത് കുട്ടികൾക്ക് സഹിക്കാനാകുമായിരുന്നില്ല. കുട്ടികളുടെ കണ്ണീർ തുടച്ച് കൊണ്ട് ഞാൻ നാളെ ഉറപ്പായും വരുമെന്ന് പറഞ്ഞ് ഓരോരുത്തരെയും കുഞ്ഞബ്ദുള്ള മാസ്റ്റർ സമാധാനിപ്പിച്ചു. ഇതോടെയാണ് കുട്ടികൾ പിന്മാറിയത്.