വിമാനത്തിന്റെ എമർജൻസി ഡോർ വഴി ഇറങ്ങിയോടി, 24കാരിയെ പിന്തുടർന്ന് പിടികൂടി, ഇനി കരിമ്പട്ടികയിൽ
റൺവേയിലൂടെ ഓടിയ ഇവരെ സെക്യൂരിറ്റി ജീവനക്കാർ പിടികൂടി.
കാലിഫോർണിയ: കാലിഫോർണിയയിൽ വിമാനം (Aeroplane) പറന്നുപൊങ്ങുന്നതിനിടെ എമർജൻസി എക്സിറ്റ് (Emergency Exit) വഴി രക്ഷപ്പെടാൻ ശ്രമിച്ചതിന് യുവതിയെ അറസ്റ്റ് (Arrest) ചെയ്തു. 24 കാരിയെയാണ് ബഫലോ നയാഗ്ര അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച, വിമാനം ബഫലോ നയാഗ്ര ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് ചിക്കാഗോ ഒ'ഹെയർ ഇന്റർനാഷണൽ എയർപോർട്ടിലേക്ക് പോകേണ്ടതായിരുന്നു. എന്നാൽ സംഭവം നടന്നയുടൻ വിമാനം ഗേറ്റിലേക്ക് മടങ്ങേണ്ടി വന്നു.
അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്ന പ്രകാരം വിമാനം ജെറ്റ് ബ്രിഡ്ജിൽ എത്തുന്നതിന് മുമ്പ്, 24 കാരിയായ യുവതി ബോർഡിംഗ് ഡോർ തുറന്ന് എമർജൻസി സ്ലൈഡ് വിന്യസിച്ചു. തുടർന്ന് അവർ സ്ലൈഡ് ഉപയോഗിച്ച് വിമാനത്തിൽ നിന്ന് റൺവേയിലേക്ക് ഇറങ്ങി. രക്ഷപ്പെടാൻ ശ്രമിക്കുന്നതിന് മുമ്പ് ഇവർ വിമാനത്തിലെ ജീവനക്കാരോട് ദേഷ്യപ്പട്ടിരുന്നു. റൺവേയിലൂടെ ഓടിയ ഇവരെ സെക്യൂരിറ്റി ജീവനക്കാർ പിടികൂടി.
ഇവർക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. യുവതിയെ കരിമ്പട്ടികയിൽപ്പെടുത്തി വിമാനയാത്രയ്ക്ക് വിലക്കേർപ്പെടുത്തിയതായും വിമാന അധികൃതർ പ്രസ്താവനയിൽ പറഞ്ഞു. സംഭവസമയത്ത് 65 യാത്രക്കാരും നാല് ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സംഭവത്തെത്തുടർന്ന്, വിമാനം യാത്ര മാറ്റി വയ്ക്കുകയും യാത്രക്കാരെയ മറ്റൊരു വിമാനത്തിൽ മാറ്റുകയും ചെയ്തതായി അമേരിക്കൻ എയർലൈൻസ് പറഞ്ഞു.