പതുങ്ങി നിന്ന കള്ളൻ കത്തികൊണ്ടാക്രമിച്ചു, സധൈര്യം പോരാടി വീട്ടമ്മ; ഒടുവിൽ കള്ളനെ ചെറുത്ത് തോൽപ്പിച്ചു
വെമുലവാഡ സ്വദേശിയായ പിള്ളി ശ്രീലത എന്ന സ്ത്രീയാണ് ധൈര്യപൂർവം കള്ളനെ നേരിട്ടത് ഇവർ ഒറ്റയ്ക്കാണ് വീട്ടിൽ താമസിക്കുന്നത്.
ഹൈദരാബാദ്: മറഞ്ഞുനിന്ന് കത്തി കൊണ്ട് കുത്തിയ കള്ളനെ നേരിട്ട് വീട്ടമ്മ. തെലങ്കാനയിലെ സിർസില ജില്ലയിലെ വെമുലവാഡയിൽ കഴിഞ്ഞ ദിവസം പുലർച്ചെ നാല് മണിയോടെയാണ് സംഭവം. കോളിംഗ് ബെല്ലടിച്ച ശേഷം കള്ളൻ പതുങ്ങി നിൽക്കുകയായിരുന്നു. വാതിൽ തുറന്ന് പുറത്തേക്ക് വന്ന വീട്ടമ്മയെ കള്ളൻ കത്തി കൊണ്ടാക്രമിച്ചു. നിലവിളിച്ച് ആക്രമണം തടുത്ത വീട്ടമ്മ കള്ളനെ നേരിട്ടു. ഒടുവിൽ കള്ളൻ രക്ഷപ്പെടുകയായിരുന്നു.
സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തായി. വെമുലവാഡ സ്വദേശിയായ പിള്ളി ശ്രീലത എന്ന സ്ത്രീയാണ് ധൈര്യപൂർവം കള്ളനെ നേരിട്ടത് ഇവർ ഒറ്റയ്ക്കാണ് വീട്ടിൽ താമസിക്കുന്നത്. അർദ്ധരാത്രി ആരോ കോളിംഗ് ബെല്ലടിച്ചത് കേട്ടാണ് വാതിൽ തുറന്നത്. തുടർച്ചയായി പട്ടി കുരയ്ക്കുകയും ചെയ്തിരുന്നു. വാതിൽ തുറന്നതോടെ അപ്രതീക്ഷിതമായി കള്ളൻ കത്തിയുമായി ഇവരെ ആക്രമിക്കുകയായിരുന്നു. പിടിവലിക്കിടെ ഇവരുടെ സ്വർണമാല പൊട്ടിച്ചാണ് കള്ളൻ കടന്നുകളഞ്ഞത്.
കുറ്റവാളിയെ പിടികൂടാൻ ആറ് പ്രത്യേക സംഘങ്ങളെ ജില്ലാ പൊലീസ് രൂപീകരിച്ചു. ഞായറാഴ്ച പുലർച്ചെയാണ് സംഭവം നടന്നതെന്ന് പൊലീസ് സൂപ്രണ്ട് അഖിൽ മഹാജൻ പറഞ്ഞു. അക്രമിയെ കണ്ടെത്തുന്നതിനായി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വിശദീകരിച്ചു.