കുടുംബാംഗങ്ങൾ വിശ്രമത്തിൽ, പിഞ്ചുകുഞ്ഞിന് നേരെ തിരിഞ്ഞു കുരങ്ങന്മാർ, അലക്സ വച്ച് തുരത്തി 13കാരി
അടുക്കള വഴി വീട്ടിനകത്തേക്ക് കയറിയ കുരങ്ങന്മാർ അലമാരയിലും അടുക്കള സാധനങ്ങളെല്ലാം നശിപ്പിക്കാൻ തുടങ്ങി. ഹാളിലിരുന്ന കുട്ടികളുടെ നേരെയും കുരങ്ങന്മാരെത്തി
ബസ്തി: വീട്ടിനുള്ളിലേക്ക് അതിക്രമിച്ച കയറി കുരങ്ങന്മാരുടെ കൂട്ടം. 13കാരിയേയും സഹോദരന്റെ പതിനഞ്ച് മാസം പ്രായമുള്ള കുഞ്ഞിനേയും കുരങ്ങുകൾ ആക്രമിക്കാൻ ശ്രമിച്ചപ്പോൾ രക്ഷയായത് വെർച്വൽ വോയിസ് അസിസ്റ്റന്റ് ആയ അലക്സ. ഉത്തർ പ്രദേശിലെ ബസ്തിയിലാണ് സംഭവം. ആറോളം കുരങ്ങുകളാണ് സഹോദര പുത്രിയോടൊപ്പം കളിച്ചുകൊണ്ടിരുന്ന 13കാരിക്ക് നേരെ എത്തിയത്. മുകളിലെ മുറിയിൽ കുടുംബാംഗങ്ങൾ വിശ്രമിക്കുമ്പോൾ 15 മാസം പ്രായമുള്ള വാമികയ്ക്കൊപ്പം കളിക്കുകയായിരുന്നു നികിത.
അടുക്കള വഴി വീട്ടിനകത്തേക്ക് കയറിയ കുരങ്ങന്മാർ അലമാരയിലും അടുക്കള സാധനങ്ങളെല്ലാം നശിപ്പിക്കാൻ തുടങ്ങി. ഹാളിലിരുന്ന കുട്ടികളുടെ നേരെയും കുരങ്ങന്മാരെത്തി. ഭയന്നു പോയെങ്കിലും ഫ്രിഡ്ജിന് മുകളിലിരിക്കുന്ന അലക്സയോട് നായ ഉച്ചത്തിൽ കുരയ്ക്കുന്ന ശബ്ദമുണ്ടാക്കാൻ നികിത ആവശ്യപ്പെടുകയായിരുന്നു. പെട്ടന്ന് നായയുടെ ശബ്ദം കേട്ടതോടെ കുരങ്ങുകൾ ഭയന്ന് ഓടുകയായിരുന്നു. ഭക്ഷണ സാധനങ്ങളും മറ്റും കുരങ്ങന്മാർ കുട്ടികൾക്ക് നേരെ എറിയുന്നതിനിടെയായിരുന്നു നികിത മനസാന്നിധ്യം വിടാതെ പ്രവർത്തിച്ചത്.
കഴിഞ്ഞ നവംബർ മാസത്തിൽ ഗുജറാത്തിലെ ഗാന്ധിനഗറിലെ സാല്‍കിയിൽ കൂട്ടുകാർക്കൊപ്പം കഴിച്ചുകൊണ്ടിരുന്ന പത്ത് വയസുകാരൻ കുരങ്ങന്മാരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. പത്ത് വയസുകാരന്റെ ശരീരമാകെ കുരങ്ങുകള്‍ മാന്തിപ്പൊളിച്ചു. നാട്ടുകാര്‍ ഓടിക്കൂടിയപ്പോഴേക്ക് കുട്ടിയുടെ വയര്‍ പിളര്‍ന്ന് കുടലും മറ്റും വെളിയില്‍ വരുന്ന അവസ്ഥയിലായിരുന്നു കുട്ടിയുണ്ടായിരുന്നത്. ഓടിക്കൂടിയവർ എല്ലാം ചേർന്ന് കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും അതിന് മുമ്പേ തന്നെ മരണം സംഭവിച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം