വന്ദേഭാരതിൽ 'സന്തോഷത്തിന്‍റെ സിംഫണി'യെന്ന് റെയിൽവേ; ഇതെന്തൊരു ശല്യമെന്ന് നെറ്റിസണ്‍സ് !
വീഡിയോക്ക് താഴെ അത്ര സുഖകരമായ കമന്‍റുകളല്ല വന്നുകൊണ്ടിരിക്കുന്നത്.
ചെന്നൈ: വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിൽ സംഘം ചേർന്ന് പാട്ട് പാടുന്ന യാത്രക്കാരുടെ ദൃശ്യം പങ്കുവെച്ച് റെയിൽവേ. 'സന്തോഷത്തിന്‍റെ സിംഫണി' എന്ന പേരിലാണ് ദക്ഷിണ റെയില്‍വെ വീഡിയോ പങ്കുവെച്ചത്. എന്നാൽ വീഡിയോക്ക് താഴെ അത്ര സുഖകരമായ കമന്‍റുകളല്ല വന്നുകൊണ്ടിരിക്കുന്നത്.
ചെന്നൈയിൽ നിന്ന് മൈസൂരിലേക്കുള്ള വന്ദേഭാരത് എക്‌സ്‌പ്രസിലെ യാത്രയിൽ 12 സ്ത്രീകൾ ചേർന്ന് ഗാനമാലപിക്കുന്ന ദൃശ്യമാണ് റെയില്‍വെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ഒരു മിനിറ്റിലധികം ദൈർഘ്യമുള്ള ദൃശ്യത്തിൽ തെലുങ്ക് ഗാനം പാടുന്ന യാത്രക്കാരികളെ കാണാം- "ചെന്നൈ മൈസൂർ വന്ദേ ഭാരത് എക്‌സ്‌പ്രസിൽ സന്തോഷത്തിന്‍റെ സിംഫണി! ഈ യുവതികൾ അവരുടെ മധുര ഗാനങ്ങളാൽ യാത്രയെ ഹൃദ്യമായ സംഗീത യാത്രയാക്കി മാറ്റുന്ന മോഹിപ്പിക്കുന്ന നിമിഷങ്ങൾ കാണൂ" എന്നാണ് വീഡിയോയുടെ അടിക്കുറിപ്പ്.
എന്നാൽ വീഡിയോയ്ക്ക് താഴെ നെഗറ്റീവ് കമന്‍റുകളാണ് കൂടുതൽ. ഇത് ശല്യമാണെന്നും അത്തരം വീഡിയോകൾ പ്രചരിപ്പിക്കരുതെന്നുമാണ് ചില നെറ്റിസണ്‍സ് റെയിൽവേയോട് ആവശ്യപ്പെട്ടത്. മര്യാദയില്ലാതെ മറ്റ് യാത്രക്കാരെ ശല്യപ്പെടുത്തുകയാണിവർ എന്നാണ് ഒരു കമന്‍റ്. 'ശല്യമുണ്ടാക്കുന്ന ഇത്തരം യാത്രക്കാരുടെ വായടപ്പിക്കാൻ ഞാൻ എത്ര തുക അധികമായി നൽകണം? നിങ്ങൾ ഈ പെരുമാറ്റത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ടോ? ഈ ട്രെയിനിൽ ആരെങ്കിലും ഉറങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ എന്തുചെയ്യും?" എന്നാണ് ചിലരുടെ ചോദ്യം.
"ഹെഡ്‌ഫോൺ വെച്ച് അവരവർക്ക് ഇഷ്ടമുള്ള പാട്ട് കേൾക്കാം, അല്ലെങ്കിൽ ഇറങ്ങിയ ശേഷം ഗ്രൂപ്പായി ഇഷ്ടമുള്ളത് ചെയ്യാം. യാത്രയിൽ എനിക്ക് നന്നായി ഉറങ്ങണം. ഹെഡ്‌ഫോണിലൂടെ എനിക്ക് ഇഷ്ടമുള്ള സംഗീതം കേള്‍ക്കണം. ഇതൊരു പുതിയ പതിവ് ആകരുത്"- എന്നാണ് മറ്റൊരാള്‍ അഭിപ്രായപ്പെട്ടത്. ''എന്തൊരു ശല്യമാണിത്? നിശബ്ദമായി യാത്ര ചെയ്യാനുള്ള മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തെ മാനിക്കാനുള്ള സാമൂഹിക മര്യാദകൾ നമ്മളെന്ന് പഠിക്കും? ജപ്പാനിലാണ് ഇത് ചെയ്തതെങ്കിൽ ട്രെയിനിൽ നിന്ന് നേരെ പുറത്താക്കപ്പെടും" എന്നാണ് വീഡിയോയുടെ താഴെ മറ്റൊരു അഭിപ്രായം ഉയർന്നത്.