കനത്ത മഴയിൽ വെള്ളം പൊങ്ങിയതറിഞ്ഞില്ല, 20 അടിയോളം വെള്ളക്കെട്ടിലേക്ക് കാർ ഓടിച്ചിറക്കി; രക്ഷകരായി നാട്ടുകാർ
പാലത്തിന് സമീപം 20 അടിയിലധികം വരുന്ന വെള്ളക്കെട്ടിലേക്ക് യുവാവ് ഓടിച്ച കാർ അകപ്പെടുകയായിരുന്നു. സംഭവം കണ്ടുകൊണ്ടിരുന്ന പ്രദേശവാസികൾ ഓടിയെത്തി വെള്ളത്തിൽ മുങ്ങാൻ തുടങ്ങിയ കാറിനെയും യുവാവിനെയും സുരക്ഷിതമായി കരയ്ക്കടുപ്പിച്ചു.
സൂറത്ത്: ഗുജറാത്തിൽ കനത്ത മഴയെതുടർന്നുണ്ടായ വെള്ളക്കെട്ടിലേക്ക് കാർ ഓടിച്ച് കയറിയ യുവാവിന് രക്ഷകരായി നാട്ടുകാർ. സൂറത്തിലെ ആൽത്താൻ പാലത്തിന് സമീപമാണ് യുവാവ് ഓടിച്ച കാർ വെള്ളക്കട്ടിൽ അകപ്പെട്ടത്. 20 അടിയോളം വെള്ളത്തിലേക്ക് മുങ്ങിയ കാറിൽ മരണത്തെ മുഖാമുഖം കണ്ട യുവാവിനെ പ്രദേശവാസികൾ രക്ഷപ്പെടുത്തി. കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് വസ്ത്രവ്യാപാരിയായ രൂപേഷ് സാദ് ആൽത്താൻ പാലത്തിന് സമീപം വെള്ളക്കെട്ടിൽ അകപ്പെട്ടത്.
കഴിഞ്ഞ രണ്ടാഴ്ചയായി സൂറത്തിൽ കനത്ത മഴയാണ്. നിർത്താത പെയ്യുന്ന മഴയിൽ പല പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. ബുധനാഴ്ച വൈകുന്നേരം രൂപേഷ് സാദ് ജോലിക്കായി അൽതാൻ ഏരിയയിൽ നിന്ന് ബംറോളിയിലേക്ക് കാറിൽ പോകുമ്പോഴാണ് പാലത്തിന് സമീപം രൂപേഷ് ഓടിച്ചിരുന്ന ഫോക്സ് വാഗൺ പോളോ കാർ വെള്ളത്തിൽ മുങ്ങുന്നത്. ഇവിടെ വെള്ളക്കെട്ട് രൂപപ്പെട്ട വിവരം രൂപേഷ് അറിഞ്ഞിരുന്നില്ല. പാലത്തിന് സമീപം 20 അടിയിലധികം വരുന്ന വെള്ളക്കെട്ടിലേക്ക് ഇയാൾ ഓടിച്ച കാർ അകപ്പെടുകയായിരുന്നു.
സംഭവം കണ്ടുകൊണ്ടിരുന്ന പ്രദേശവാസികൾ ഓടിയെത്തി വെള്ളത്തിൽ മുങ്ങാൻ തുടങ്ങിയ കാറിനെയും യുവാവിനെയും സുരക്ഷിതമായി കരയ്ക്കടുപ്പിച്ചു. ഏറെ പണിപ്പെട്ടാണ് നാട്ടുകാർ കാർ കരയ്ക്കെത്തിച്ചത്.. രൂപേഷിനെ കാറിൽ നിന്നും രക്ഷപ്പെടുത്താൻ നാട്ടുകാർ നടത്തുന്ന ശ്രമങ്ങളുടെ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.
Read More : ഗുരുവായൂരിലേക്ക് പോകുന്ന കാർ, ഉള്ളിൽ 2 യുവാക്കൾ; തടഞ്ഞ് പൊലീസ്, കിട്ടിയത് 2 കിലോ ഹാഷിഷ് ഓയിലും എംഡിഎംഎയും