സോഷ്യല്‍ മീഡിയയില്‍ തരംഗമായി അജ്ഞാതമായ എസ്എസ്എല്‍സി റിസല്‍ട്ട്
എസ്എസ്എല്‍സി പരീക്ഷയിലെ പത്ത് വിഷയങ്ങളില്‍ ഒന്‍പതിലും ഡി പ്ലസ്, എന്നാല്‍ കണക്കില്‍ മാത്രം എ പ്ലസ്. ഈ മിടുക്കന്‍ അല്ലെങ്കില്‍ മിടുക്കി ആരാണെന്ന് സോഷ്യല്‍ മീഡിയയ്ക്ക് അറിയില്ല
കൊച്ചി: കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയ മുഴുവന്‍ എസ്എസ്എല്‍സി പരീക്ഷയുടെ ഫലപ്രഖ്യാപനമായിരുന്നു. ഫേസ്ബുക്ക് വാളുകളില്‍ തങ്ങളുടെ കുട്ടികളുടെ നേട്ടങ്ങള്‍ ലോകരെ അറിയിക്കാന്‍ മാതാപിതാക്കള്‍ ഫലങ്ങള്‍ പോസ്റ്റ് ചെയ്ത് നിറച്ചു. ചിലര്‍ തങ്ങളുടെ ബന്ധുക്കളുടെ വിജയത്തില്‍ അഭിനന്ദങ്ങള്‍ അറിയിച്ചു. ചിലര്‍ ഇത്തരത്തില്‍ എപ്ലസ് കിട്ടിയവരുടെ വിജയം ആഘോഷിക്കുമ്പോള്‍ തോല്‍വി നേരിട്ടവരെയും ഓര്‍ക്കണം എന്ന് ഓര്‍മ്മിപ്പിച്ചു. ചിലര്‍ ട്രോളുകള്‍ ഉണ്ടാക്കി. ഉന്നതപഠനത്തിന് യോഗ്യത നേടിയവര്‍ക്ക് ഒപ്പം അത് നേടുവാന്‍ കഴിയാതെ വന്നവര്‍ക്ക് ഒപ്പവും നില്‍ക്കുന്നവര്‍ അനവധിയുണ്ടായിരുന്നു. ഈ ബഹളങ്ങള്‍ക്കിടയിലാണ് ഒരു എസ്എസ്എല്‍സി റിസല്‍ട്ട് കാര്‍ഡ‍് സോഷ്യല്‍ മീഡിയയില്‍ തരംഗമായത്.
എസ്എസ്എല്‍സി പരീക്ഷയിലെ പത്ത് വിഷയങ്ങളില്‍ ഒന്‍പതിലും ഡി പ്ലസ്, എന്നാല്‍ കണക്കില്‍ മാത്രം എ പ്ലസ്. ഈ മിടുക്കന്‍ അല്ലെങ്കില്‍ മിടുക്കി ആരാണെന്ന് സോഷ്യല്‍ മീഡിയയ്ക്ക് അറിയില്ല. പക്ഷെ ഈ റിസല്‍ട്ട് അങ്ങ് വൈറലായി. പലരും ഇതില്‍ ട്രോളുണ്ടാക്കി. ഇത് ആരുടെ കുഞ്ഞാണ് എന്നാണ് ചിലര്‍ക്ക് അറിയേണ്ടത്. സാക്ഷല്‍ ശ്രീനിവാസ രാമാനുജന്‍റെ കുടുംബം എന്നാണ് ചിലരുടെ കണ്ടെത്തല്‍. ഭൂഗോളത്തിന്‍റെ സ്പന്ദനം കണക്കില്‍ എന്ന് പറയുന്ന ചാക്കോ മാഷുടെ കുഞ്ഞാണ്, അല്ല ചാക്കോ മാഷ് ട്യൂഷനെടുക്കുന്ന കുട്ടിയാണെന്നും ചിലര്‍ കമന്‍റ് ഇടുന്നു. എന്തായാലും അജ്ഞാതമായ ഈ റിസല്‍ട്ട് തകര്‍ത്തു എന്നതില്‍ ആര്‍ക്കും വലിയ തര്‍ക്കമില്ല.