ലോകറെക്കോർഡ് തീർക്കണം, സ്പൈഡർമാൻ വേഷത്തിൽ അർജന്റീനയിൽ ഒത്തുകൂടിയത് ആയിരങ്ങൾ
ജൂണ്‍ മാസത്തില്‍ മലേഷ്യയില്‍ സ്പൈഡർമാന്‍ വേഷധാരികളായ 685 പേർ ഒത്തുകൂടി സൃഷ്ടിച്ച റെക്കോർഡ് തകർക്കാനുള്ള ശ്രമമാണ് ഞായറാഴ്ച ബ്യൂണസ് ഐറിസില്‍ നടന്നത്
ബ്യൂണസ് ഐറിസ്: മാര്‍വെല്‍ സൂപ്പര്‍ ഹീറോ കഥാപാത്രമായ സ്പെഡർമാന്റെ വേഷത്തില്‍ അർജന്റീനയുടെ തലസ്ഥാനത്തേക്ക് എത്തിയത് ആയിരങ്ങള്‍. ഞായറാഴ്ചയാണ് ലോകറെക്കോര്‍ഡ് സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ട് ആയിരക്കണക്കിന് സ്പൈഡർമാന്‍ മാര്‍ ബ്യൂണസ് ഐറിസിലേക്ക് എത്തിയത്. സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറായ യുകി ഡീനാണ് പരിപാടി ആസൂത്രണം ചെയ്തത്. ജൂണ്‍ മാസത്തില്‍ മലേഷ്യയില്‍ സ്പൈഡർമാന്‍ വേഷധാരികളായ 685 പേർ ഒത്തുകൂടി സൃഷ്ടിച്ച റെക്കോർഡ് തകർക്കാനുള്ള ശ്രമമാണ് ഞായറാഴ്ച ബ്യൂണസ് ഐറിസില്‍ നടന്നത്.
ഗിന്നസ് ലോക റെക്കോർഡ് ലഭിക്കുമെന്ന വിലയിരുത്തലിലാണ് യുകി ഡീനുള്ളത്. ബ്യൂണസ് ഐറിസിലെ ചരിത്ര സ്മാരകമായ ഒബേലിസ്കിന് പരിസരത്താണ് ചിലന്തി മനുഷ്യന്മാര്‍ ഒത്തുകൂടിയത്. ചുവന്ന നിറത്തിലുള്ള മുഖം മൂടികളും നീലയും ചുവപ്പും കലർന്ന വേഷവും ധരിച്ച് ആയിരത്തിലധികം പേര്‍ ഇവിടെ എത്തിയതായാണ് ചിത്രങ്ങളുടേയും പരിപാടിയില്‍ പങ്കെടുത്തവരുടെ ഒപ്പുകളുടേയും അടിസ്ഥാനത്തില്‍ സംഘാടകന്‍ വിശദമാക്കുന്നത്. എന്നാല്‍ ഗിന്നസ് റെക്കോര്ഡ് അധികൃതര്‍ ഈ കൂട്ടായ്മയേക്കുറിച്ച് ഇനിയും പ്രതികരിച്ചിട്ടില്ല. സ്പൈഡർമാന്‍ വേഷധാരിയായ 700 പേരെയാണ് പരിപാടിക്ക് ആഹ്വാനം ചെയ്തപ്പോള്‍ പ്രതീക്ഷിച്ചതെന്നും എന്നാല്‍ ആയിരത്തിലധികം പേര്‍ പരിപാടിയില്‍ പങ്കെടുത്തതായാണ് യുകി പ്രതികരിക്കുന്നത്.
വിവിധ പ്രായങ്ങളിലുള്ളവരാണ് ഇവിടെ ഒത്തുകൂടിയത്. സ്പൈഡർമാന്‍ വേഷം വലിയ ഊർജമാണ് നൽകുന്നതെന്നാണ് പ്രാദേശിക മാധ്യമങ്ങളോട് പരിപാടിയില്‍ പങ്കെടുത്ത 33 കാരിയായ യുവതി വിശദമാക്കിയത്. ഗിന്നസ് ലോക റെക്കോർഡ് അധികൃതർക്ക് നൽകാനായി ഒപ്പുകളും ചിത്രങ്ങളും സൂക്ഷിച്ചിട്ടുണ്ടെന്നാണ് യുകി വിശദമാക്കുന്നത്. സ്റ്റാന്‍ ലീയും സ്റ്റീവ് ഡിറ്റ്കോയും സൃഷ്ടിച്ച സൂപ്പർഹീറോ വേഷധാരിയായ നിരവധിപ്പേര്‍ ചരിത്ര സ്മാരകത്തിന് അടുത്തേക്ക് എത്തിയതോടെ നിരവധിപ്പേരാണ് ഇവിടേക്ക് എത്തിയത്. അർജന്റീനയുടെ ഫുട്ബോള്‍ യൂണിഫോം ധരിച്ച സ്പൈഡർമാന്‍ മാർ മുതല്‍ കോട്ടും സ്യൂട്ടും ധരിച്ച സ്പൈഡർമാന്‍ മാർ വരെ പരിപാടിയെ കളറാക്കിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം