കയ്യേറ്റത്തെ കുറിച്ച് പരാതി പറയാനെത്തിയ ആളെ കോഴിയെപ്പോലെ കുനിച്ചിരുത്തി; വീഡിയോ പുറത്ത്, ഉദ്യോഗസ്ഥനെതിരെ നടപടി

പരാതി പറയാനെത്തിയ ആളെ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് കോഴിയെപ്പോലെ നിലത്തിരുത്തി ശിക്ഷിച്ചെന്ന് പരാതി. 

SDM removed from post after punishment video goes viral SSM

ബറേലി: പരാതി പറയാനെത്തിയ ആളെ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് കോഴിയെപ്പോലെ നിലത്തിരുത്തിയെന്ന് പരാതി. ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് സംഭവം. സംഭവത്തിന്‍റെ ദൃശ്യം പുറത്തുവന്നതോടെ മിര്‍ഗഞ്ച് സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് ഉദിത് പവാറിനെ തല്‍സ്ഥാനത്ത് നിന്ന് നീക്കി.   

ശ്മശാന ഭൂമിയില്‍ കയ്യേറ്റം നടക്കുന്നുവെന്ന പരാതിയുമായാണ് മന്ദന്‍പൂര്‍ സ്വദേശി എസ്ഡിഎമ്മിനെ കാണാനെത്തിയത്. എസ്ഡിഎം ഇയാളോട് നിലത്ത് മുട്ടുകുത്തിയിരിക്കാന്‍ പറയുന്ന ദൃശ്യം പുറത്തുവന്നു. താന്‍ മറ്റ് ഗ്രാമീണര്‍ക്കൊപ്പമാണ് എസ്ഡിഎം ഓഫീസില്‍ എത്തിയതെന്ന് പരാതിക്കാരന്‍ പറയുന്നു. ശ്മശാന ഭൂമി വിഷയത്തില്‍ നടപടി വൈകുകയാണെന്ന് പരാതി പറഞ്ഞു. ഉടനെ എസ്ഡിഎം ദേഷ്യപ്പെടുകയും മുറിയില്‍ നിന്ന് പുറത്തുപോകാന്‍ പറയുകയും ചെയ്തു. പരാതി പറയാന്‍ വന്നതിന് ശിക്ഷയായി കൂട്ടത്തില്‍ ഒരാളോട് കോഴിയെപ്പോലെ നിലത്തിരിക്കാന്‍ ആവശ്യപ്പെട്ടെന്നും പരാതിക്കാരന്‍ വിശദീകരിച്ചു.

ഉദിത് പവാറിനെതിരെ വകുപ്പുതല അന്വേഷണം നടക്കുകയാണെന്ന് ബറേലി ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റ് ശിവകാന്ത് ദ്വിവേദി പറഞ്ഞു. എന്നാല്‍ പരാതിക്കാരന്‍ സ്വന്തം ഇഷ്ടപ്രകാരം നിലത്തിരുന്നതാണെന്നാണ് എസ്ഡിഎമ്മിന്‍റെ പ്രതികരണം. പരാതിക്കാരന്‍റെ സുഹൃത്തുക്കള്‍ വീഡിയോ എടുത്ത് സോഷ്യല്‍ മീഡിയയില്‍ വൈറലാക്കുകയായിരുന്നുവെന്നും എസ്ഡിഎം ആരോപിച്ചു. 

മന്ദന്‍പൂരില്‍ ശ്മശാന ഭൂമിയില്‍ കയ്യേറ്റം നടന്നതോടെ രാം ഗംഗ നദിയുടെ തീരത്താണ് അന്ത്യകർമങ്ങൾ നടത്തുന്നതെന്ന് ഗ്രാമവാസികള്‍ പറഞ്ഞു. എന്നാൽ ഇപ്പോള്‍ നദി കരകവിഞ്ഞൊഴുകുന്നതിനാൽ അവിടെ അന്ത്യകർമങ്ങൾ നടത്താൻ കഴിയാത്ത സ്ഥിതിയാണ്. ഇക്കാര്യത്തില്‍ പല തവണ പരാതി പറഞ്ഞിട്ടും നടപടിയുണ്ടാവാത്തതു കൊണ്ടാണ് എസ്ഡിഎമ്മിനെ കാണാന്‍ വന്നത്. അദ്ദേഹം തങ്ങളെ അപമാനിച്ച് ഇറക്കിവിട്ടെന്ന് ഗ്രാമീണര്‍ പറഞ്ഞു. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ എസ്ഡിഎമ്മിനെ ജോലിയില്‍ നിന്ന് പിരിച്ചുവിടണമെന്ന ആവശ്യം സോഷ്യല്‍ മീഡിയയില്‍ ഉയരുകയാണ്.

Latest Videos
Follow Us:
Download App:
  • android
  • ios