ചുവന്ന ഷര്‍ട്ട്, തലയില്‍ പെട്ടി ചുമന്ന് പോര്‍ട്ടറായി രാഹുല്‍; വീഡിയോ വൈറല്‍
രാഹുലിനെ പരിഹസിച്ച് ബിജെപി രംഗത്തെത്തി. ചക്രങ്ങളുള്ള സ്യൂട്ട് കേസ് എന്തിനു തലയില്‍ ചുമന്നു നടന്നു എന്നാണ് ബിജെപിയുടെ ചോദ്യം.
ദില്ലി: തലയില്‍ പെട്ടി ചുമന്ന് റെയില്‍വെ സ്റ്റേഷനിലൂടെ നടന്നു നീങ്ങുന്ന കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധിയുടെ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറലായി. ചുവന്ന ഷര്‍ട്ട് ധരിച്ച് പോര്‍ട്ടറുടെ വേഷത്തിലാണ് രാഹുല്‍ ഈസ്റ്റ് ദില്ലിയിലെ ആനന്ദ് വിഹാര്‍ റെയില്‍വെ സ്റ്റേഷനിലൂടെ നടന്നത്.
റെയിൽവേ സ്റ്റേഷനിലെ പോർട്ടർമാരുമായി കൂടിക്കാഴ്ച നടത്താനാണ് രാഹുല്‍ ഗാന്ധി എത്തിയത്. അവർ നൽകിയ ചുവന്ന യൂണിഫോം ഷർട്ടും ബാഡ്ജും ധരിച്ച് പെട്ടി തലയിൽ ചുമന്ന് രാഹുല്‍ അവർക്കൊപ്പം നടന്നു. രാഹുല്‍ ഗാന്ധിക്കായി പോര്‍ട്ടര്‍മാര്‍ മുദ്രാവാക്യം വിളിക്കുന്നതും വീഡിയോയിലുണ്ട്.
രാഹുല്‍ പോര്‍ട്ടര്‍മാരുമായി സംസാരിക്കുന്ന ചിത്രങ്ങള്‍ കോണ്‍ഗ്രസ് സമൂഹ മാധ്യമമായ എക്സില്‍ പങ്കുവെച്ചു. പോര്‍ട്ടര്‍മാര്‍ രാഹുലുമായി കൂടിക്കാഴ്ച നടത്താന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കി.
"രാഹുൽ ഗാന്ധി വരണമെന്നും ഒരു അഞ്ച് മിനിറ്റ് സംസാരിക്കണമെന്നും ഞങ്ങള്‍ ആഗ്രഹിച്ചിരുന്നു"- പോർട്ടർമാരിൽ ഒരാള്‍ പറയുന്ന ദൃശ്യം പുറത്തുവന്നു. "രാഹുല്‍ പാവപ്പെട്ടവര്‍ക്ക് ഒപ്പമാണെന്ന് ഞാന്‍ കരുതുന്നു. അദ്ദേഹം അവരോടൊപ്പം നടക്കുന്നു. കഠിനാധ്വാനം തുടരുക എന്നാണ് അദ്ദേഹത്തോട് എനിക്ക് പറയാനുള്ളത്. ഭാരത് ജോഡോ യാത്രയുടെ പ്രയോജനം അറിയാന്‍ പോകുന്നു"- മറ്റൊരു പോർട്ടർ പറഞ്ഞു.
അതിനിടെ രാഹുലിനെ പരിഹസിച്ച് ബിജെപി രംഗത്തെത്തി. ചക്രങ്ങളുള്ള സ്യൂട്ട് കേസ് എന്തിനു തലയില്‍ ചുമന്നു നടന്നു എന്നാണ് ബിജെപിയുടെ ചോദ്യം.
രാഹുല്‍ ഗാന്ധി ഇതിനു മുന്‍പും വിവിധ മേഖലകളില്‍ തൊഴിലെടുക്കുന്നവരുമായി സംവദിച്ചിരുന്നു. പഴം, പച്ചക്കറി മാർക്കറ്റിലെ വ്യാപാരികളുമായും കര്‍ഷകരുമായും മെക്കാനിക്കുകളുമായും രാഹുല്‍ ഗാന്ധി സംവദിക്കുന്ന ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. തൊഴിലിടങ്ങളില്‍ എത്തി തൊഴിലാളികള്‍ക്കൊപ്പം ജോലി ചെയ്താണ് രാഹുല്‍ അവരുടെ അനുഭവങ്ങള്‍ നേരിട്ടറിഞ്ഞത്.