വനിതാ എംപിമാർക്ക് നേരെ രാഹുൽ ഗാന്ധി ഫ്ലയിങ് കിസ് അയച്ചോ...; ദൃക്സാക്ഷികൾ പറയുന്നതിങ്ങനെ -റിപ്പോർട്ട്
സ്മൃതി ഇറാനിക്കും മറ്റ് വനിത എംപിമാർക്കും നേരെയാണ് ഫ്ലൈയിങ് കിസ് നല്‍കിയതെന്ന് മന്ത്രി ശോഭ കരന്തലജെയും ആരോപിച്ചു.
ഫോട്ടോ: ഭാരത് ജോഡോ യാത്രക്കിടെ പ്രവർത്തകർക്ക് നേരെ ഫ്ലൈയിങ് കിസ് നൽകുന്ന രാഹുൽ ഗാന്ധി (ഫയൽ ചിത്രം)
ദില്ലി: പാർലമെന്റിൽ വിവാദം തുടർന്ന് രാഹുൽ ഗാന്ധി. നേരത്തെ അപ്രതീക്ഷിതമായി പ്രധാനമന്ത്രിയെ കെട്ടിപ്പിടിച്ചതും കണ്ണിറിക്കിയതിനും ശേഷം ബിജെപി വനിതാ എംപിമാർക്ക് നേരെ ഫ്ലൈയിങ് കിസ് എന്ന പുതിയ ആരോപണമാണ് ഉയർന്നത്. ലോക്സഭ നടക്കുന്നതിനിടെ കോൺഗ്രസ് എംപിയായ രാഹുല്‍ ഗാന്ധി, ബിജെപി വനിത എംപിമാർക്ക് നേരെ ഫ്ലൈയിങ് കിസ് നല്‍കിയെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയാണ് ആരോപണം ആദ്യം ഉന്നയിച്ചത്. പിന്നാലെ സ്മൃതി ഇറാനിക്കും മറ്റ് വനിത എംപിമാർക്കും നേരെയാണ് ഫ്ലൈയിങ് കിസ് നല്‍കിയതെന്ന് മന്ത്രി ശോഭ കരന്തലജെയും ആരോപിച്ചു. ബിജെപി വനിത എംപിമാർ രാഹുലിനെതിരെ പരാതിയും നൽകി.
ബുധനാഴ്ച എംപിയായി തിരിച്ചെത്തിയ ശേഷം പാർലമെന്റിൽ ആദ്യ പ്രസംഗം നടത്തിയ ശേഷം ഇറങ്ങിപ്പോകുമ്പോഴാണ് ഫ്ലയിങ് കിസ് നൽകിയതെന്നാണ് ആരോപണം. എന്നാൽ, കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ പ്രസംഗം നടക്കുന്നതിനാൽ ആരോപണത്തിൽ ഉന്നയിക്കപ്പെട്ട ദൃശ്യങ്ങൾ ക്യാമറയിൽ പതിഞ്ഞിട്ടില്ല. പ്രസംഗം കഴിഞ്ഞ് രാഹുൽ ഗാന്ധി ഇറങ്ങുമ്പോൾ ഫയലുകൾ താഴെ വീണെന്നും അതെടുക്കാൻ അദ്ദേഹം കുനിഞ്ഞപ്പോൾ ബിജെപി എംപിമാർ അദ്ദേഹത്തെ നോക്കി ചിരിച്ചെന്നും ദൃക്സാക്ഷികൾ പറഞ്ഞെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു.
ഈ സമയം രാഹുൽ ഗാന്ധി എംപിമാർക്ക് നേരെ ഫ്ലൈയിങ് കിസ് പറത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു. സ്ത്രീ വിരുദ്ധനായ ഒരാൾക്ക് മാത്രമേ പാർലമെന്റിലെ വനിതാ എംപിമാർക്ക് ഫ്ലൈയിംഗ് കിസ് നൽകാൻ കഴിയൂവെന്നും ഇത്തരമൊരു സംഭവം മുമ്പ് കണ്ടിട്ടില്ലെന്നും രാഹുലിന്റെ പ്രവൃത്തി അശ്ലീലമാണെന്നും സ്മൃതി ഇറാനി ആരോപിച്ചു.
അതേസമയം, മണിപ്പൂര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെയും പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും രാഹുല്‍ ഗാന്ധി ലോക്സഭയില്‍ ആഞ്ഞടിച്ചു. അവിശ്വാസ പ്രമേയ ചർച്ചയുടെ രണ്ടാം നാൾ സംസാരിച്ച രാഹുൽ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും സർക്കാരിനുമെതിരെ മണിപ്പൂർ വിഷയത്തിൽ അതിരൂക്ഷ വിമർശനം ഉയർത്തി. മണിപ്പൂരിൽ മാതാവും ഭാരതമാതാവും കൊലചെയ്യപ്പെട്ടുവെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.