പ്രായം 200ലേറെ, യൂറോപ്പിലെ 2024ലെ മരമെന്ന നേട്ടവുമായി ഈ വൃക്ഷം
കോമൺ ബീച്ച് ഇനത്തിലുള്ള ഈ വമ്പൻ മരം പോളണ്ടിലെ ലോവർ സിലെസിയയിലെ വ്രോക്ലോ സർവ്വകലാശാലയുടെ ബോട്ടാണികൽ ഗാർഡനിലാണ് വലിയൊരു പ്രദേശമാകെ പച്ചപ്പ് വിരിച്ച് നിൽക്കുന്നത്
വാർസോ: 2024ലെ യൂറോപ്പിലെ മരമെന്ന പുരസ്കാര നേട്ടവുമായി 200 വർഷത്തിലേറെ പഴക്കമുള്ള ബീച്ച് മരം. പരിസ്ഥിതി സംഘടനകൾ സംഘടിപ്പിച്ച മത്സരത്തിൽ വിവിധ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നായുള്ള 16 മരങ്ങളാണ് ഫൈനൽ റൌണ്ടിലെത്തിയത്. ഹാർട്ട് ഓഫ് ദി ഗാർഡൻ എന്ന പേരിലാണ് പോളണ്ടിലെ 200 വർഷത്തിലേറെ പ്രായമുള്ള ഈ ബീച്ച് മരം അറിയപ്പെടുന്നത്.
കോമൺ ബീച്ച് ഇനത്തിലുള്ള ഈ വമ്പൻ മരം പോളണ്ടിലെ ലോവർ സിലെസിയയിലെ വ്രോക്ലോ സർവ്വകലാശാലയുടെ ബോട്ടാണികൽ ഗാർഡനിലാണ് വലിയൊരു പ്രദേശമാകെ പച്ചപ്പ് വിരിച്ച് നിൽക്കുന്നത്. സാധാരണ ബീച്ച് മരങ്ങളിൽ നിന്ന് വേറിട്ട രീതിയിലാണ് ഇതിന്റെ ശാഖകൾ. പർപ്പിൾ നിറങ്ങളിലുളള ഇലകൾ കൂടിയാവുമ്പോൾ പ്രദേശത്ത് ഈ ബോട്ടാനിക്കൽ ഗാർഡനിലെ പ്രധാന ആകർഷണവും ഈ മരം തന്നെയാണ്. ഈ അവാർഡ് തുടർച്ചയായി നേടുന്ന മരം കൂടിയാണ് ഹാർട്ട് ഓഫ് ദി ഗാർഡൻ. പരിസ്ഥിതിയുമായുള്ള ബന്ധം ആഘോഷിക്കുന്നത് ലക്ഷ്യമിട്ടാണ് ഈ മത്സരം നടത്തുന്നതെന്നാണ് സംഘാടകർ വിശദമാക്കുന്നത്.
40 മീറ്ററോളം നീളത്തിൽ ചില്ലകൾ വീശി നിൽക്കുന്ന നോർമാൻഡിയിലെ വീപ്പിംഗ് ബീച്ച് ഓഫ് ബേയൂക്സിനാണ് രണ്ടാം സ്ഥാനം. 160 വർഷം പ്രായമുള്ള ഈ മരം ഫ്രാൻസിലെ നോർമാൻഡി പ്രദേശത്തെ ബേയൂക്സിലാണ് സ്ഥിതി ചെയ്യുന്നത്. ഇറ്റലിയിൽ നിന്നുള്ള 3000യിരത്തിലേറെ പ്രായമുള്ള ഒലിവ് മരത്തിനാണ് മൂന്നാം സ്ഥാനം. ഇറ്റലിയിലെ സാർഡീനിയയിലെ ലുറാസിലുള്ള ഈ ഒലിവ് മരം ഈ മേഖലയിലെ ഏറ്റവും പഴക്കമേറിയ മരങ്ങളിലൊന്നാണ്.
ചിത്രത്തിന് കടപ്പാട് ട്രീ ഓഫ് ദി ഇയർ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം