ആകാശത്ത് പിങ്ക് നിറം വിതറുന്നതിനിടെ തകര്‍ന്നുവീണ് വിമാനം; ജെന്‍ഡര്‍ റിവീല്‍ പാര്‍ട്ടിക്കിടെ ദുരന്തം, വീഡിയോ
'ഓ ബേബി' എന്ന് എഴുതിയിരിക്കുന്ന ബോർഡിന് മുന്നിൽ സന്തോഷത്താൽ തിളങ്ങുന്ന മുഖവുമായി ദമ്പതികള്‍...

മെക്സിക്കോ സിറ്റി: ജനിക്കാന്‍ പോകുന്ന കുഞ്ഞിന്‍റെ ജെന്‍ഡര്‍ വെളിപ്പെടുത്തുന്ന പാര്‍ട്ടിക്കിടെ ദുരന്തം. ആഘോഷത്തിനായി വാടകയ്ക്കെടുത്ത വിമാനം തകര്‍ന്നുവീണ് പൈലറ്റ് മരിച്ചു. ഇതോടെ സന്തോഷത്തിന്‍റെ നിമിഷങ്ങള്‍ ദുരന്തത്തിന് വഴിമാറി. മെക്സിക്കോയിലെ സാൻ പെഡ്രോയിലാണ് സംഭവം. സംഭവത്തിന്‍റെ ദൃശ്യം സോഷ്യല്‍ മീഡിയയിലെത്തി.
'ഓ ബേബി' എന്ന് എഴുതിയിരിക്കുന്ന ബോർഡിന് മുന്നിൽ സന്തോഷത്താൽ തിളങ്ങുന്ന മുഖവുമായി ദമ്പതികള്‍. പിന്നില്‍ നിന്നും ഒരു വിമാനം പതിയെ ആകാശത്തേക്ക് ഉയരുന്നത് ദൃശ്യത്തില്‍ കാണാം. വിമാനം ആകാശത്ത് പിങ്ക് നിറം വിതറുന്നതിനിടെയാണ് നിയന്ത്രണം വിട്ടത്. പാര്‍ട്ടിക്ക് എത്തിയവരുടെ മുന്നില്‍ വിമാനം തകര്‍ന്നുവീണു.
പൈപ്പർ പിഎ-25-235 പവ്നി വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ലൂയിസ് ഏഞ്ചൽ എന്ന 32കാരനായിരുന്നു പൈലറ്റ്. വിമാന അവശിഷ്ടങ്ങൾക്കിടയിൽ അദ്ദേഹത്തെ കണ്ടെത്തി. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
വലിയ ആഡംബരത്തോടെ നടത്തുന്ന ജെന്‍ഡര്‍ റിവീല്‍ പാര്‍ട്ടികളുണ്ടാക്കുന്ന സുരക്ഷാപ്രശ്നങ്ങള്‍ മുന്‍പും ചര്‍ച്ചയായിരുന്നു. പാര്‍ട്ടിയില്‍ ഉപയോഗിച്ച സ്മോക്ക് ബോംബ് കാരണം കാട്ടുതീ പടരുകയും 22000 ഏക്കര്‍ വനം കത്തിനശിക്കുകയും ചെയ്ത സംഭവം കാലിഫോര്‍ണിയയില്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. വരണ്ട കാലാവസ്ഥയില്‍ ഉഷ്ണക്കാറ്റിനൊപ്പം തീ ആളിപ്പടരുകയായിരുന്നു.
ദക്ഷിണ കാലിഫോര്‍ണിയയിലാണ് സംഭവമുണ്ടായത്. കാട്ടുതീ തടയാനുള്ള ശ്രമങ്ങള്‍ക്കിടെ ഒരു അഗ്നിശമനസേനാംഗം മരിച്ചു. റഫ്യൂജിയോ മാനുവല്‍ ജിമനേസ് ജൂനിയറിന്‍റെയും ഭാര്യ ഏയ്ഞ്ചല റെനെ ജിമനേസിന്‍റെയും കുഞ്ഞിന്‍റെ ജെന്‍ഡര്‍ റിവീല്‍ പാര്‍ട്ടിക്കിടെയായിരുന്നു സംഭവം. ഇരുവര്‍ക്കും എതിരെ മനപ്പൂര്‍വ്വമല്ലാതെയുള്ള നരഹത്യാക്കുറ്റം ചുമത്തി. 2020 സെപ്തംബര്‍ 5ന് യുകാപിയക്ക് സമീപമുള്ള എല്‍ ഡൊറാഡോ പാര്‍ക്കിലാണ് അഗ്നിബാധ ആരംഭിച്ചത്. 23 ദിവസമാണ് ഈ കാട്ടുതീ നീണ്ടുനിന്നത്.
