പാലത്തിൽനിന്ന് സെൽഫിയെടുക്കുന്നതിനിടെ കുത്തിയൊഴുകുന്ന പുഴയിലേക്ക്, അവിശ്വസനീയം ഈ രക്ഷാപ്രവർത്തനം- വീഡിയോ
ശക്തമായ നീരൊഴുക്കുണ്ടായിരുന്നിട്ടും യുവാവ് പാറക്കെട്ടുകൾക്കിടയിൽ അള്ളിപിടിച്ചുകിടന്നു. വെള്ളം കുത്തിയൊലിച്ച് വരുമ്പോൾ യുവാവ് അൽപം നീങ്ങിപോകുന്നതും പിടിവിടാതെ കിടക്കുന്നതും വീഡിയോയിൽ കാണാം.
ഛണ്ഡിഗഢ്: പാലത്തിൽനിന്ന് സെൽഫിയെടുക്കുന്നതിനിടെ കുത്തിയൊഴുകുന്ന പുഴയിലേക്ക് പതിച്ച തീർഥാടകനെ അതിസാഹസികമായി രക്ഷപ്പെടുത്തി. കേദാർനാഥ് ക്ഷേത്രത്തിലേക്ക് പോവുകയായിരുന്ന തീർഥാടകനായ യുവാവാണ് അപകടത്തിൽപ്പെട്ടത്. യുവാവിനെ രക്ഷപ്പെടുത്തുന്നതിൻെറ വീഡിയോ സാമൂഹിക മാധ്യമങ്ങളിലും വൈറലായി. മരണത്തിനും ജീവിതത്തിനുമിടയിലെ നൂൽപാലത്തിൽനിന്നും സുഹൃത്തുക്കളും പ്രദേശവാസികളും ചേർന്നാണ് യുവാവിനെ അതിനാടകീയമായ രക്ഷാദൗത്യത്തിനൊടുവിൽ കരയിലെത്തിച്ചത്.
ഉത്തരാഖണ്ഡിലെ കേദാർനാഥ് ക്ഷേത്രത്തിലേക്കുള്ള ട്രക്കിങ് പാതയിൽ റംബദയിൽ വെച്ചാണ് അപകടമുണ്ടായത്. മന്ദാകിനി നദിക്ക് കുറുകെയുള്ള പാലത്തിൽനിന്ന് മൊബൈൽ ഫോണിൽ സെൽഫിയെടുക്കുന്നതിനിടെ ബാലൻസ് തെറ്റി തീർഥാടകനായ യുവാവ് താഴേക്ക് പതിക്കുകയായിരുന്നു. ശക്തമായ നീരൊഴുക്കുണ്ടായിരുന്നിട്ടും യുവാവ് പാറക്കെട്ടുകൾക്കിടയിൽ അള്ളിപിടിച്ചുകിടന്നു. വെള്ളം കുത്തിയൊലിച്ച് വരുമ്പോൾ യുവാവ് അൽപം നീങ്ങിപോകുന്നതും പിടിവിടാതെകിടക്കുന്നതും വീഡിയോയിൽ കാണാം.
ഇതിനിടയിൽ കരയിൽനിന്നിരുന്നവരിൽ ഒരാൾ അതിസാഹസികമായി കയറുമായി യുവാവിന്റെ സമീപത്തെ പാറക്കെട്ടിലേക്ക് ചാടി. തുടർന്ന് മറ്റു സുഹൃത്തുക്കളും ചേർന്ന് യുവാവിനെ കയറിൽ ബന്ധിച്ചശേഷം ഒഴുക്കിൽനിന്നും രക്ഷപ്പെടുത്തി. സംസ്ഥാന ദുരന്ത പ്രതികരണ വിഭാഗമെത്തി പ്രദേശവാസികളുടെ സഹായത്തോടെ പിന്നീട് യുവാവിനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയായിരുന്നു.
വീഡിയോ കാണാം-