കാറിന് പിന്നിൽ ട്രക്ക് ഇടിച്ചു, കാർ യാത്രികർ ഇറങ്ങിയോടി; രക്ഷിക്കാനെത്തിയവർക്ക് ഫുൾ ബോട്ടിൽ, ഹാഫ് ബോട്ടിൽ
സംഭവത്തിന്റെ വീഡിയോ കൈവശമുണ്ടെന്ന് പരിശോധിച്ച് കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്നും എക്‌സൈസ് അസിസ്റ്റന്റ് കമ്മീഷണർ പ്രേം പ്രകാശ് പറഞ്ഞു.
ഗയ: അപകടത്തിൽപ്പെട്ട കാറിൽ നിന്ന് മദ്യക്കുപ്പികൾ മോഷ്ടിക്കാൻ ഓടിക്കൂടിയവരുടെ നെട്ടോട്ടം. ബിഹാറിലെ ഗയ ജില്ലയിലാണ് സംഭവം. സംഭവത്തിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായി. ഒക്‌ടോബർ 30ന് ദോബി-ഛത്ര ഹൈവേയിലാണ് സംഭവം. വിദേശമദ്യവുമായി വന്ന കാർ മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. തുടർന്ന് സമീപത്തുള്ളവർ സഹായ വാഗ്ദാനവുമായി എത്തി.
എന്നാൽ, കാറിലുണ്ടായിരുന്നവർ ഓടിയതോടെ രക്ഷിക്കാനെത്തിയവർ കാറിലുണ്ടായിരുന്ന മദ്യക്കുപ്പികൾ കൈക്കലാക്കി. ചിലർ ഒന്നിലേറെ കുപ്പികൾ സ്വന്തമാക്കി സ്ഥലം വിട്ടു. വിവരം ലഭിച്ചതിനെത്തുടർന്ന് ദോഭി പൊലീസ് എത്തിയെങ്കിലും ആളുകളുടെ തിരക്ക് വർധിച്ചതിനാൽ ആദ്യം ഒന്നും ചെയ്യാനായില്ല. പിന്നീട് പണിപ്പെട്ടാണ് ആളുകളെ റോഡിൽ നിന്ന് മാറ്റിയതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സംഭവത്തിന്റെ വീഡിയോ കൈവശമുണ്ടെന്ന് പരിശോധിച്ച് കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്നും എക്‌സൈസ് അസിസ്റ്റന്റ് കമ്മീഷണർ പ്രേം പ്രകാശ് പറഞ്ഞു. കാറും കാറിൽ നിന്ന് 245 ലിറ്റർ മദ്യവും പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു. മദ്യം കടത്തിയവരെക്കുറിച്ച് അന്വേഷണം നടക്കുന്നതായി പൊലീസ് വ്യക്തമാക്കി. സമീപത്ത് ഏറെ നേരം ഗതാഗതക്കുരുക്കുമുണ്ടായി. മുഖ്യമന്ത്രി നിതീഷ് കുമാർ സർക്കാർ 2016ലാണ് സംസ്ഥാനത്ത് മദ്യത്തിന് സമ്പൂർണ നിരോധനമേർപ്പെടുത്തിയത്.