Air Asia Flight : എയര്‍ ഏഷ്യാ വിമാനത്തില്‍ പാമ്പ്; അലറിവിളിച്ച് യാത്രക്കാര്‍, വിമാനം താഴെയിറക്കി, വീഡിയോ
മുകള്‍ഭാഗത്ത് ലഗ്ഗേജുകള്‍ വെക്കുന്നതിന് ഉള്ളിലായിരുന്നു പാമ്പിനെ കണ്ടെത്തിയത്. യാത്രക്കാരാണ് പാമ്പിനെ ആദ്യം കണ്ടത്. പാമ്പ് എങ്ങനെയാണ് വിമാനത്തില്‍ കയറിക്കൂടിയതെന്ന് വ്യക്തമല്ല.
ക്വലാലംപുര്‍: യാത്രമധ്യേ എയര്‍ ഏഷ്യാ വിമാനത്തില്‍ (Air Asia Flight) പാമ്പിനെ (Snake) കണ്ടെത്തി. യാത്രക്കാര്‍ ഭയചകിതരായതിനെ തുടര്‍ന്ന് വിമാനം അടിയന്തരമായി നിലത്തിറക്കി. മലേഷ്യയിലെ ക്വലാലംപുരില്‍നിന്ന് തവൗവിലേക്കുള്ള വിമാനത്തിലാണ് കഴിഞ്ഞ വ്യാഴാഴ്ച പാമ്പിനെ കണ്ടെത്തിയത്. വിമാനത്തില്‍ പാമ്പുണ്ടെന്നറിഞ്ഞ് യാത്രക്കാര്‍ ആശങ്കയിലായി. തുടര്‍ന്ന് പൈലറ്റ് വിമാനം വഴിതിരിച്ചുവിട്ട് കുച്ചിങ് വിമാനത്താവളത്തില്‍ ഇറക്കി. ജീവനക്കാര്‍ നടത്തിയ പരിശോധനയില്‍ പാമ്പിനെ പിടികൂടി. അതിനുശേഷമാണ് തവൗവിലേക്കുള്ള യാത്ര തുടര്‍ന്നത്.
യാത്രക്കാരില്‍ ആര്‍ക്കും അപായമൊന്നും സംഭവിച്ചിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. വിമാനത്തിനുള്ളിലെ പാമ്പിന്റെ ദൃശ്യങ്ങള്‍ യാത്രക്കാര്‍ പകര്‍ത്തുകയും സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു. മുകള്‍ഭാഗത്ത് ലഗ്ഗേജുകള്‍ വെക്കുന്നതിന് ഉള്ളിലായിരുന്നു പാമ്പിനെ കണ്ടെത്തിയത്. യാത്രക്കാരാണ് പാമ്പിനെ ആദ്യം കണ്ടത്. പാമ്പ് എങ്ങനെയാണ് വിമാനത്തില്‍ കയറിക്കൂടിയതെന്ന് വ്യക്തമല്ല. ബാഗില്‍ കയറിയ പാമ്പ് വിമാനത്തില്‍ വെച്ച് പുറത്തിറങ്ങിയതാകാമെന്നാണ് നിഗമനം. യാത്രക്കാരില്‍ ആരെങ്കിലും രഹസ്യമായി ബാഗിനുള്ളില്‍ ഒളിപ്പിച്ച് പാമ്പിനെ കടത്താന്‍ ശ്രമിച്ചതാകാനുള്ള സാധ്യതയും അധികൃതര്‍ തള്ളിക്കുളയുന്നില്ല.
അന്വേഷണം നടത്തുമെന്ന് അധികൃതര്‍ പറഞ്ഞു. വിമാനത്തിനുള്ളിലെ പാമ്പിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാണ്.