'പാലം വലിക്കുന്നു! ശൂന്യാകാശത്താണ്', 'പുതുപ്പള്ളി പാലത്തി'ൽ വിശദീകരിച്ച് മുരളി തുമ്മാരുകുടി
പുതുപ്പള്ളിയിലെ പാലം എന്നെഴുതി ചോദ്യ ചിഹ്നമിട്ട് തുടങ്ങി മുരളി തുമ്മാരുകുടി എഴുതിയ കുറിപ്പ് വ്യാപക വിമർശനത്തിന് വിധേയിരുന്നു. ഇതിന് പിന്നാലെ ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹം.
തിരുവനന്തപുരം: പുതുപ്പള്ളിയിലെ പാലം എന്നെഴുതി ചോദ്യ ചിഹ്നമിട്ട് തുടങ്ങി മുരളി തുമ്മാരുകുടി എഴുതിയ കുറിപ്പ് വ്യാപക വിമർശനത്തിന് വിധേയമായിരുന്നു. ഇതിന് പിന്നാലെ ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹം. പാലത്തിനെ കുറിച്ച് പുതുപ്പള്ളിയിലാണെന്ന് തോന്നിപ്പിക്കുന്ന തരത്തിൽ എന്റെ പോസ്റ്റ് വ്യാഖ്യാനിക്കുമെന്ന് കരുതിയില്ലെന്നും ആ പോസ്റ്റ് പിൻവലിക്കുന്നുവെന്നും അദ്ദേഹം കുറിച്ചു. തിരുവാർപ്പ് പഞ്ചായത്തിലാണ് പാലം സ്ഥിതി ചെയ്യുന്നതെന്നും,ഇത് ഏറ്റുമാനൂർ നിയോജകണ്ഡലത്തിലാണെന്നും കോൺഗ്രസ് വിശദീകരിച്ചിരുന്നു. ഇവിടത്തെ എംഎൽഎ സഹകരണ വകുപ്പ് മന്ത്രിയായ വിഎൻ വാസവന്റെ മണ്ഡലത്തിലെ പാലമാണ് പുതുപ്പള്ളിയിലേതെന്ന തരത്തിൽ പ്രചരിക്കുന്നതെന്നും കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ വിശദീകരിച്ചിരുന്നു.
മുരളി തുമ്മാരുകുടിയുടെ പുതിയ കുറിപ്പ്
പാലം വലിക്കുന്നു !! ശൂന്യാകാശത്താണ്... ഇന്നലത്തെ പോസ്റ്റിനോടൊപ്പം ഇട്ട ചിത്രം ആണ് ഇത്തവണ കുഴപ്പത്തിൽ ആക്കിയത്. ആ ചിത്രം പുതുപ്പള്ളിയിലെ ആണെന്ന് ഞാൻ പറഞ്ഞിരുന്നില്ല. കണ്ടപ്പോൾ ഫോട്ടോഷോപ്പ് ആണെന്നാണ് തോന്നിയത്, ആ സാധ്യത പറയുകയും ചെയ്തിരുന്നു. വാസ്തവത്തിൽ പാലം എവിടെ ആണെന്നുള്ളത് പോലും ആയിരുന്നില്ല എൻ്റെ വിഷയം.
പക്ഷെ ഒരു തെരഞ്ഞെടുപ്പ് സമയത്ത് ഇഞ്ചോടിഞ്ച് പോരാടുമ്പോൾ എന്ത് എഴുതി എന്നതിനേക്കാൾ ആളുകൾ എന്ത് മനസ്സിലാക്കി എന്നതിനാണ് പ്രസക്തി. ആ പാലം ആലപ്പുഴ ആണെന്നൊക്കെ രാവിലെ തന്നെ കമന്റ് കണ്ടിരുന്നു. പിന്നെ ഏറ്റുമാനൂരിൽ ആണ്, അവിടെ തന്നെ തിരുവാർപ്പിൽ ആണെന്ന് ഒക്കെ കമന്റ് വന്നു.
ഇപ്പോൾ ആ ചിത്രം എടുത്ത ആൾ തന്നെ അതിനെപ്പറ്റി എഴുതിയിട്ടുണ്ട്. ഇപ്പോഴത്തെ സാഹചര്യവും കാണിച്ചിട്ടുണ്ട്. പുതുപ്പള്ളിയിൽ ആണ് ആ പാലം എന്ന് ആർക്കെങ്കിലും തെറ്റിദ്ധാരണ ഉണ്ടായെങ്കിൽ ഖേദിക്കുന്നു. ഇത്രയും പബ്ലിസിറ്റി കിട്ടിയ നിലക്ക് അടുത്ത തിരഞ്ഞെടുപ്പ് ആകുമ്പോഴെക്കെങ്കിലും അതൊക്കെ മാറി നല്ലൊരു പാലം ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു..
ഒരു ഇഞ്ച് അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാൽ കുഴപ്പമാകുന്ന നൂൽ പാലമാണ് സോഷ്യൽ മീഡിയയിലെ എഴുത്തെന്ന് ഒരിക്കൽ കൂടി ഓർമ്മപ്പെടുത്തുന്നു ! ഫോട്ടോ പോസ്റ്റ് ചെയ്ത സുഹൃത്തിന് നന്ദി. ശൂന്യാകാശത്ത് ഉൽക്ക മഴ കണ്ടിരിക്കുന്നു.
മുരളി തുമ്മാരുകുടിയുടെ പഴയ കുറിപ്പ്
പുതുപ്പള്ളിയിലെ പാലം ? ശ്രീ ഉമ്മൻചാണ്ടിയുടെ മരണശേഷം ഒട്ടും താമസിയാതെ പുതുപ്പള്ളിയിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് ഒരു കണക്കിന് വിഷമമായി. കേരള രാഷ്ട്രീയത്തിൽ ആറ് പതിറ്റാണ്ട് നിറഞ്ഞു ജീവിച്ച ഒരാളെപ്പറ്റി നല്ലതൊക്കെ പറഞ്ഞു തീരുന്നതിന് മുൻപ് തന്നെ രാഷ്ട്രീയകരണങ്ങളാൽ കുറ്റപ്പെടുത്തേണ്ടി വരുന്നത് വിഷമമല്ലേ.
മുഖ്യമന്ത്രി ആയിരുന്ന ശ്രീ ഉമ്മൻ ചാണ്ടിയുടെ മണ്ഡലത്തിൽ റോഡുകളും പാലങ്ങളും ഒക്കെ വേണ്ടത്ര വികസിക്കപ്പെട്ടിട്ടില്ല എന്നതാണ് ഒരു മുഖ്യമായ കുറവായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇത് സത്യമാണോ എന്നൊന്നും എനിക്കറിയില്ല. ഇക്കാലത്ത് ഒരു ചിത്രം കണ്ടാൽ തന്നെ അത് സത്യമാണോ ഫോട്ടോഷോപ്പ് ആണോ എന്നൊന്നും അറിയാൻ പറ്റില്ല.
പക്ഷെ അറിയാവുന്ന ഒന്നുണ്ട്. ഒരാൾ മുഖ്യമന്ത്രി ആയാൽ അയാളെ അളക്കേണ്ടത് സ്വന്തം മണ്ഡലത്തിൽ എത്രമാത്രം വികസനം കൊണ്ടുവന്നു എന്ന അളവുകോൽ വച്ചിട്ടല്ല. സത്യത്തിൽ ഒരു മന്ത്രിയുടെയോ മുഖ്യമന്ത്രിയുടെയോ മണ്ഡലത്തിൽ ചുറ്റുമുള്ള പ്രദേശങ്ങളെക്കാൾ കൂടുതൽ വികസനം ഉണ്ടെങ്കിൽ അത് തെറ്റായ കീഴ്വഴക്കമാണ്. കാരണം ആരും അങ്കമാലിയുടെ പ്രധാനമന്ത്രിമാർ അല്ലല്ലോ, മൊത്തം സംസ്ഥാനത്തിന്റെ മന്ത്രിയും മുഖ്യമന്ത്രിയും ഒക്കെ അല്ലേ? അപ്പോൾ സ്വന്തം മണ്ഡലത്തോട് പക്ഷപാതം കാണിക്കാമോ? സ്വന്തം സംസ്ഥാനത്തേക്ക് ട്രെയിൻ അനുവദിച്ചും സ്വന്തം മണ്ഡലത്തിലേക്ക് ബസ് ട്രിപ്പ് അനുവദിച്ചും ഒക്കെ ക്രെഡിറ്റ് നേടുന്ന മന്ത്രിമാരെ കണ്ടു കണ്ടാണ് ഇത് നമുക്ക് സ്വാഭാവികമായി തോന്നി തുടങ്ങിയത്. നാടിൻറെ മൊത്തമായി വികസനം ആയിരിക്കണം മന്ത്രിമാരും മുഖ്യമന്ത്രിമാരും ഒക്കെ ലക്ഷ്യമിടേണ്ടത്. അത് വച്ചാണ് അവരെ അളക്കേണ്ടത്.
"നിയമസഭാ" സമാജികരെ പാലം വച്ച് അളക്കുന്നതാണ് അതിലും അതിശയം. നിയമസഭാ സാമാജികരുടെ ഏറ്റവും അടിസ്ഥാനമായ കർത്തവ്യം നിയമ നിർമ്മാണം ആണ്. ഒരാൾ അമ്പത് വർഷം നിയമസഭാ സാമാജികൻ ആയിട്ടുണ്ടെങ്കിൽ ചോദിക്കേണ്ട ന്യായമായ ചോദ്യം എത്ര നിയമങ്ങളുടെ നിർമ്മാണത്തിന് അദ്ദേഹം നേതൃത്വം നൽകിയിട്ടുണ്ടെന്നാണ്. ഇത് നമ്മൾ തിരഞ്ഞു വിടുന്ന ഓരോ നിയമസഭാ സാമാജികരോടും ചോദിക്കേണ്ടതാണ്. മറ്റു പല ജനാധിപത്യ രാജ്യങ്ങളിലും സെനറ്റർമാരും എം പി മാരും ഒക്കെ രണ്ടാമത് തിരഞ്ഞെടുപ്പിനു മത്സരിക്കുമ്പോൾ അവരുടെ നിയമ നിർമ്മാണ സഭയിലെ റെക്കോർഡ് ആണ് എടുത്ത് പറയുന്നത്.
ഇതിന് പകരം നമ്മൾ എന്താണ് ചെയ്യുന്നത് ?. നമ്മുടെ നിയമസഭാ സാമാജികരെ പൊതുമരാമത്ത് വകുപ്പിലെ എൻജിനീയർമാരുടെ തൊഴിലിലേക്ക് കുറച്ചു കൊണ്ട് വരികയാണ്. പണ്ടൊക്കെ പൊതുമരാമത്ത് മന്ത്രിയെ കണ്ട് മണ്ഡലത്തിലെ കാര്യങ്ങൾ പറഞ്ഞാൽ മതിയായിരുന്നു. ഇപ്പോൾ സർക്കാരിൽ നിന്നും കിട്ടുന്ന എം എൽ എ ഫണ്ട് ഉപയോഗിച്ച് മണ്ഡലത്തിലെ മരാമത്തുകൾ ചെയ്യാനുള്ള പ്രോജക്റ്റ് ഉണ്ടാക്കി അത് നടപ്പിലാക്കാൻ സമയം ചിലവാക്കണം. മണ്ഡലത്തിലെ എല്ലാ കല്യാണത്തിനും മറ്റാവശ്യങ്ങൾക്കും തല കാണിക്കണം, നമ്മൾ അനാവശ്യത്തിന് പോലും ബന്ധപ്പെട്ടാൽ സഹായിക്കുകയോ സഹായിക്കുമെന്ന് പറയുകയോ ചെയ്യണം.
ഇതൊക്കെ ആണ് നമ്മൾ പ്രതീക്ഷിക്കുന്നത്. ഇതിനിടക്ക് നിയമം നിർമ്മിക്കുന്നോ, ഭരണ സംവിധാനത്തിന്റെ അൽകൗണ്ടബിലിറ്റി ഉറപ്പാക്കുന്നോ എന്നതൊന്നും നമുക്ക് വിഷയമല്ല. സത്യത്തിൽ ഈ എം എൽ എ, എം പി ഫണ്ടുകൾ തന്നെ ഒരു നല്ല പരിപാടി ആണ് എന്ന് എനിക്ക് തോന്നുന്നില്ല. നിയമ നിർമ്മാണ സഭയിലെ ഉത്തരവാദിത്തങ്ങൾക്ക് ഇതൊരു ഡിസ്ട്രക്ഷൻ ആണ്. ഇതൊക്കെ കണ്ടു വളരുന്ന പുതിയ തലമുറയിലെ നേതാക്കൾ ഇതൊക്കെയാണ് നിയമസഭാ സാമാജികരുടെ ഉത്തരവാദിത്തം എന്ന് ചിന്തിക്കുന്നു. കല്യാണങ്ങൾ കൂടുന്നു, എം എൽ എ ഫണ്ട് കൊണ്ട് പാലങ്ങൾ ഉണ്ടാക്കാൻ നോക്കുന്നു. ഇതൊക്കെ കൂടുതൽ ചെയ്യുന്നവരെ നാം തിരഞ്ഞെടുക്കുന്നു. ഇതൊന്നും അടുത്തയിടക്കൊന്നും മാറുമെന്ന് തോന്നുന്നില്ല. എന്നാലും പറയാനുള്ളത് പറയണമല്ലോ.
പാലത്തെ കുറിച്ച് വിശദീകരിച്ച് ചിത്രം എടുത്തയാളുടെ കുറിപ്പും അദ്ദേഹം പങ്കുവയ്ക്കുന്നു
ഇതാണ് പുതുപ്പള്ളിയുടെ വികസനം എന്ന് പറഞ്ഞ് ഉമ്മൻ ചാണ്ടി ഒരു ഒറ്റത്തടി പാലത്തിലൂടെ നടന്നു വരുന്ന പടം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കയും അതിന് പ്രചരണം നടത്തുകയും ചെയ്യുന്ന സഹോദരങ്ങളോട്... ആടിനെ പട്ടിയാക്കുന്നവരാണ് നിങ്ങൾ എന്ന് എനിക്കറിയാം എന്നാലും, പറയട്ടെ.
ഉമ്മൻ ചാണ്ടി പാലത്തിലൂടെ നടക്കുന്ന പടം 2016 നവംബർ 27 ന് എൻറ്റെ മോബലിൽ ഞാനെടുത്തതാണ്. ഞങ്ങളുടെ സഹപ്രവർത്തകൻ എം ഐ വേലുവിൻ്റെ മകളുടെ വിവാഹത്തിൽ അദ്ദേഹത്തിൻ്റെ വീട്ടിലെത്തി വധുവിനെ ആശംസകൾ അറിയിയ്ക്കാനാണ് അദ്ദേഹം എത്തിയത്.തിരുവാർപ്പ് പഞ്ചായത്തിലെ മലരിക്കലിൽ നിന്ന് ഇറമ്പത്തേക്ക് പോകുന്ന വഴിയിലാണ് ഈ പാലം
നീണ്ട വർഷം കോട്ടയം എം.പി.യായും പിന്നീട് അവിടുത്തെ എം.എൽ .യുമായി 20 21 വരെ തുടർന്നിരുന്ന സുരേഷ് കുറുപ്പ് ആയിരുന്നു ഈ കാലത്ത് അവിടുത്തെ എം.എൽ.എ. 21 മുതൽ മന്ത്രി വാസവനും. വികസനം നടത്താൻ വരുന്നവർക്കായി 20l 6 ലെ പടവും,ഇപ്പോൾ ആ പാലത്തിൻ്റെ പടവും ഞാൻ പ്രസിദ്ധീകരിക്കുന്നു. വലിയ വികസനം തന്നെയാണല്ലോ. അല്ലേ. താഴോട്ടാണെന്ന് മാത്രം. പടവലങ്ങ പോലെ2023ലെ പാലത്തിൻ്റെ പടത്തിൽ ,പാലത്തിലൂടെ സഞ്ചരിക്കുന്ന വ്യക്തിയാണ്. വേലു. ഗീബൽസിൻ്റെ പിതാക്കളായി സത്യം കുഴിച്ചു മൂടുന്ന ചിലർക്കും., അറിഞ്ഞും, അറിയാതെയും, ഇത് പ്രചരിപ്പിക്കയും ചെയ്യുന്ന വിവരദോഷികൾക്കുമായി ഞാൻ സമർപ്പിക്കുന്നു
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം