സ്വർഗം താണിറങ്ങി വന്നതോ..; നഗരത്തിലെ റോഡില്‍ കുത്തിയൊഴുകി വൈൻ നദി, അത്ഭുതപ്പെട്ട് ജനം, സംഭവമിങ്ങനെ-വീഡിയോ ..
20 ലക്ഷം ലിറ്റർ റെഡ് വൈൻ സൂക്ഷിച്ച ബാരലുകൾ അപ്രതീക്ഷിതമായി പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
വൈൻ സൂക്ഷിച്ച ടാങ്ക് പൊട്ടിയതിനെ തുടർന്ന് റോഡിൽ വൈൻ കുത്തിയൊലിച്ചൊഴുകി. പോർച്ചുഗലിലെ സാവോ ലോറെൻകോ ഡി ബെയ്‌റോ എന്ന ചെറിയ പട്ടണത്തിലാണ് സംഭവം. തെരുവിലൂടെ റെഡ് വൈൻ കുത്തിയൊലിച്ചൊഴുകുന്നത് പ്രദേശവാസികൾക്ക് അത്ഭുതക്കാഴ്ചയായി. പട്ടണത്തിലെ കുത്തനെയുള്ള ഇറക്കത്തിലേക്കാണ് ദശലക്ഷക്കണക്കിന് ലിറ്റർ വീഞ്ഞ് ഒഴുകിയെത്തിയത്. സംഭവത്തിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായി. പട്ടണത്തിലെ ഡിസ്റ്റിലറിയിൽ വൈൻ സൂക്ഷിച്ച ബാരലുകൾ പൊട്ടിത്തെറിച്ചാണ് വൈൻ ഒഴുകിയെത്തിയത്.
20 ലക്ഷം ലിറ്റർ റെഡ് വൈൻ സൂക്ഷിച്ച ബാരലുകൾ അപ്രതീക്ഷിതമായി പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ഒളിമ്പിക്‌സ് മത്സരങ്ങൾ നടത്തുന്ന നീന്തൽക്കുളം നിറയ്ക്കാൻ കഴിയുന്ന അത്രയും വൈൻ ഒലിച്ചുപോയി. വൈൻ സമീപത്തെ നദിയിലേക്ക് ഒഴുകിയതിനാൽ പ്രാദേശിക ഭരണകൂടം ജാഗ്രത പുറപ്പെടുവിച്ചു. ബാരലുകൾ പൊട്ടി ഡിസ്റ്റിലറിക്ക് സമീപമുള്ള വീട്ടിലെ ബേസ്‌മെന്റിലും വൈൻ നിറഞ്ഞു. വൈൻ വെള്ളപ്പൊക്കം തടയാൻ അഗ്നിശമനസേന രംഗത്തെത്തി. വഴിതിരിച്ചുവിട്ട് അടുത്തുള്ള വയലിലേക്ക് ഒഴുക്കിവിട്ടതായി ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.
സംഭവത്തിൽ ലെവിറ ഡിസ്റ്റിലറി ക്ഷമാപണം നടത്തുകയും പട്ടണത്തിലെ വീഞ്ഞ് കുതിർന്ന ഭൂമി ഡ്രെഡ്ജ് ചെയ്തതായി ഉറപ്പുനൽകുകയും ചെയ്തു. കേടുപാടുകൾ വൃത്തിയാക്കുന്നതിനും നന്നാക്കുന്നതിനുമുള്ള ചെലവുകളുടെ പൂർണ ഉത്തരവാദിത്തം ഞങ്ങൾ ഏറ്റെടുക്കുന്നുവെന്നും ഡിസ്റ്റിലറി പ്രസ്താവനയിൽ പറഞ്ഞു.