ഭാര്യയോട് ദേഷ്യപ്പെട്ട് ഭര്‍ത്താവ് ഒറ്റനടത്തം; പിന്നിട്ടത് 450 കിലോമീറ്റര്‍
ദിവസേന 60 കിലോമീറ്റർ ശരാശരി ദൂരം ഒരാഴ്ച കൊണ്ട് ഇയാൾ താണ്ടിയെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
റോം: ഭാര്യ ഭര്‍ത്താക്കന്മാര്‍ തമ്മില്‍ ചെറിയ പിണക്കങ്ങള്‍ പതിവാണ്. എന്നാല്‍ ഇത്തരത്തില്‍ പിണങ്ങിയ ഒരു ഭര്‍ത്താവ് ചെയ്ത കാര്യമാണ് ഇപ്പോള്‍ കൌതുകരമായ വാര്‍ത്തയാകുന്നത്. ഭാര്യയുമായി വഴക്ക് കൂടി വീട്ടില്‍ നിന്നും ഇറങ്ങിയ ഭര്‍ത്താവ് ദേഷ്യത്തിൽ നടന്ന് തീർത്തത് 450 കിലോമീറ്റർ. ഇറ്റലിയിലെ കോമോ എന്ന സ്ഥലത്തു നിന്ന് നടന്നു തുടങ്ങിയ ഇയാളെ ഫാനോ എന്ന ചെറു പട്ടണത്തിൽ വരെ എത്തി.
ദിവസേന 60 കിലോമീറ്റർ ശരാശരി ദൂരം ഒരാഴ്ച കൊണ്ട് ഇയാൾ താണ്ടിയെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കോവിഡ് കർഫ്യൂ ലംഘിച്ചതിന് ഇയാൾക്കെതിരെ പൊലീസ് കേസെടുത്തു. അലഞ്ഞു നടക്കുന്ന ഇയാളെ പൊലീസ് പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് വിചിത്ര തീരുമാനത്തെ കുറിച്ച് അറിയുന്നത്.
48 വയസുകാരനാണ് ദേഷ്യം തീരുന്നത് വരെ നടക്കാൻ തീരുമാനിച്ചത്. വാഹനങ്ങളൊന്നും ഉപയോഗിക്കാതെ ഒറ്റ നടത്തം. നടന്നിട്ടും നടന്നിട്ടും ദേഷ്യം തീരാതെ വന്നപ്പോൾ നടപ്പിന്റെ വേഗവും കൂടി. അങ്ങനെ കിലോമീറ്ററുകൾ ഇയാൾ പിന്നിട്ടു. വിവരം അറിഞ്ഞെത്തിയ ഭാര്യ ഇയാളെ വീട്ടിലേക്ക് കൂട്ടികൊണ്ടുപോയി. വിശക്കുമ്പോൾ വഴിയിൽ കാണുന്നവരോട് വെള്ളവും ഭക്ഷണവും ചോദിച്ചു വാങ്ങി കഴിക്കുകയായിരുന്നു.