വിമാനത്തിൽനിന്ന് ഐഫോൺ താഴെ വീണു, 984 അടി താഴ്ചയിൽ നിന്ന് വീണിട്ടും കേടുപറ്റാതെ സിക്സ് എസ്
റിയോഡി ജനീറോയിലെ കാബോ ഫ്രിയോ ബീച്ചിന് മുകളിൽ നിന്നാണ് അദ്ദേഹത്തിന് തന്റെ ഐഫോൺ സിക്സ് എസ് നഷ്ടമായത്.
റിയോഡി ജനിറോ: ഐഫോൺ ഒക്കെ വിമാനത്തിൽ നിന്ന് താഴേക്ക് പതിക്കുന്നത് സ്വപ്നത്തിൽ പോലും ചിന്തിക്കാനാവില്ല ആർക്കും. എന്നാൽ ബ്രസീലിയൻ ഡോക്യുമെന്ററി സംവിധായകൻ ഏണസ്റ്റോ ഗാലിയോട്ടോ തന്റെ ഫോൺ താഴേക്ക് വീണതോടെ ലഭിച്ചത് അവിസ്മരണീയമായ ദൃശ്യങ്ങളാണ്. ആ വീഴ്ചയിൽ ഐഫോണിന് കേടുപറ്റിയില്ലെന്ന് മാത്രമല്ല, അതുവഴി ലഭിച്ചത് മനോഹരമായ ദൃശ്യങ്ങൾ കൂടിയാണ്.
റിയോഡി ജനീറോയിലെ കാബോ ഫ്രിയോ ബീച്ചിന് മുകളിൽ നിന്നാണ് അദ്ദേഹത്തിന് തന്റെ ഐഫോൺ സിക്സ് എസ് നഷ്ടമായത്. ചെറു വിമാനത്തിൽ നിന്ന് വിൻഡോയിലൂടെ ചിത്രങ്ങളെടക്കുന്നതിനിടെയാണ് ഫോൺ താഴെ വീണത്. ഫോൺ നഷ്ടമായെന്ന് കരുതിയെങ്കിലും ഒരു കേടുപാടുമില്ലാതെ അത് തിരിച്ചുകിട്ടുകയായിരുന്നു.
ജിപിഎസ് ട്രാക്കിംഗ് ഉപയോഗിച്ച് ഫോൺ കിടക്കുന്ന സ്ഥലം കണ്ടുപിടിച്ച അദ്ദേഹത്തിന് വിശ്വസിക്കാനായില്ല. ഫോണിന് യാതൊരു കേടും സംഭവിച്ചിട്ടില്ലായിരുന്നു. 984 അടി താഴ്ചയിലേക്ക് പതിച്ചിട്ടും ഫോണിന് കേടുപറ്റിയില്ലെന്ന് അദ്ദേഹം പറയുന്നു.