ദുരന്തത്തിന്‍റെ ഓര്‍മ്മയായി അവസാന സെല്‍ഫി; ശ്രീലങ്കന്‍ ഭീകരാക്രമണത്തില്‍ കണ്ണീരണിഞ്ഞ് ലോകം
പ്രിയപ്പെട്ടവര്‍ക്കൊപ്പം ചേര്‍ന്ന് ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്ന ചിത്രം ചാവേറാക്രമണത്തിന് അല്‍പ്പം മുമ്പാണ് പെണ്‍കുട്ടി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്
കൊളംബോ: മരണത്തിന് നിമിഷങ്ങള്‍ക്ക് മുമ്പ് ഇനിയെന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് അറിയാതെ, ഏറെ സന്തോഷത്തോടെ ചിരിച്ചു കൊണ്ട് ഈസ്റ്റര്‍ ദിനം ആഘോഷിക്കുന്ന ഒരു പെണ്‍കുട്ടിയും കുടുംബവും. അടുത്ത നിമിഷം എന്താണ് സംഭവിക്കുകയെന്ന് അറിയാതെ ക്യാമറയ്ക്ക് മുന്നില്‍ സന്തോഷത്തോടെ പോസ് ചെയ്യുന്നു. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഈ ചിത്രം ഏറെ വേദനയോടെ മാത്രമേ കാണാന്‍ സാധിക്കൂ.
ശ്രീലങ്കയില്‍ ഇന്നലെ നടന്ന ചാവേറാക്രമണത്തില്‍ മരിച്ച ഒരു പെണ്‍കുട്ടിയുടേയും അവരുടെ സുഹൃത്തുക്കളുടേയും കുടുംബത്തിന്‍റേയും ചിത്രമാണിത്. ബ്രിട്ടനില്‍ നിന്നുള്ള വിനോദ സഞ്ചാരി നിസംഗാ മായാദുന്‍ എന്ന പെണ്‍കുട്ടിയാണ് കൊളംബോയില്‍ ഈസ്റ്റര്‍ ദിനം ആഘോഷിക്കുന്നതിന്‍റെ സെല്‍ഫി പോസ്റ്റ് ചെയ്തത്.
പ്രിയപ്പെട്ടവര്‍ക്കൊപ്പം ചേര്‍ന്ന് ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്ന ചിത്രം ചാവേറാക്രമണത്തിന് അല്‍പ്പം മുമ്പാണ് പെണ്‍കുട്ടി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. ഈസ്റ്റര്‍ ദിനത്തിലെ പ്രഭാത ഭക്ഷണം കുടുംബത്തിനൊപ്പം എന്ന ക്യാപ്ഷനില്‍ ഫേസ്ബുക്കില്‍ ചിത്രം പോസ്റ്റ് ചെയ്ത് അല്‍പ്പം സമയത്തിന് ശേഷം ഹോട്ടലില്‍ വെച്ച് ചാവേറ്‍ പൊട്ടിത്തെറിക്കുകയും ഇവര്‍ മരിക്കുകയും ചെയ്തു.
ശ്രീലങ്കയില്‍ നൂറുകണക്കിന് സാധാരണക്കാരുടെ മരണത്തിന് കാരണമായ ചാവേറാക്രമണങ്ങളില്‍ ഒന്ന് ഇവര്‍ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന ഹോട്ടലിലായിരുന്നു നടന്നത്. ദുരന്തത്തിന്‍റെ ചിരിക്കുന്ന ഓര്‍മ്മയായ ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്.