എങ്ങനെ രുചികരമായ ചമ്പാരൻ മട്ടൻ കറി ഉണ്ടാക്കാം; ചീഫ് കുക്കായി ലാലു, ശിഷ്യനായി രാഹുൽ ഗാന്ധി -വീഡിയോ
പാചകത്തിന് ശേഷം എല്ലാവരും ഒരുമിച്ച് ഭക്ഷണം കഴിക്കുകയും രുചിയൂറുന്ന ചമ്പാരൻ മട്ടൻ പാഴ്സലാക്കി പ്രിയങ്കാ ഗാന്ധിക്ക് നൽകണമെന്ന് പറഞ്ഞ് രാഹുലിനെ ഏൽപ്പിക്കുകയും ചെയ്തു.
പതിവിൽ നിന്ന് വ്യത്യസ്തമായി രാഷ്ട്രീയം വിട്ട് പാചക വീഡിയോയുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും ആർജെഡി നേതാവും ബിഹാർ മുൻ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവും. ബിഹാറിന്റെ പ്രശസ്ത വിഭവമായ ചമ്പാരൻ മട്ടൻ എങ്ങനെ പാചകം ചെയ്യാമെന്ന് ലാലു രാഹുലിനെ പഠിപ്പിക്കുന്ന വീഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്. ശനിയാഴ്ചയാണ് കോൺഗ്രസ് നേതാവ് പാചക വീഡിയോ പുറത്തുവിട്ടത്.എനിക്ക് പാചകം ചെയ്യാനറിയാമെങ്കിലും താനൊരു വിദഗ്‌ദ്ധനല്ലെന്ന് രാഹുൽ പറയുന്നു.
യൂറോപ്പിൽ പഠിച്ച കാലത്ത് പാചകം പഠിക്കേണ്ടിവന്നു. ഒറ്റയ്ക്കായിരുന്നു ജീവിതം. അതുകൊണ്ടുതന്നെ പാചകം പഠിക്കേണ്ടിവന്നു. എനിക്ക് അത്യാവശ്യം കാര്യങ്ങൾ അറിയാം. പക്ഷേ പാചകത്തിൽ വൈദഗ്ധ്യമില്ല. എന്നാൽ പാചകകലയിൽ ലാലു യാദവ് വിദഗ്ധനാണെന്നും രാഹുൽ വീഡിയോയിൽ പറഞ്ഞു. എപ്പോഴാണ് പാചകം പഠിച്ചതെന്ന് രാഹുൽ ലാലുവിനോട് ചോദിച്ചു. ഞാൻ ആറോ ഏഴോ ക്ലാസിൽ പഠിക്കുമ്പോൾ തന്നെ പാചകത്തിൽ ശ്രദ്ധിച്ചിരുന്നെന്ന് ലാലു പറയുന്നുയ. ജോലി ചെയ്യുന്ന സഹോദരങ്ങളെ കാണാൻ ഞാൻ പട്‌നയിൽ പോയിരുന്നു. അപ്പോൾ അവർ അവർക്കായി പാചകം ചെയ്യുകയും വിറക് ശേഖരിക്കുകയും പാത്രങ്ങൾ കഴുകുകയും സുഗന്ധവ്യഞ്ജനങ്ങൾ പൊടിക്കുകയും ചെയ്യുമായിരുന്നുവെന്നും അവിടെ നിന്നാണ് പാചകത്തിന്റെ ബാലപാഠങ്ങൾ പഠിച്ചതെന്നും ലാലു പ്രസാദ് രാഹുലിന് മറുപടി നൽകി.
ഏഴ് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയാണ് രാഹുൽ ഗാന്ധി പുറത്തുവിട്ടത്. എങ്ങനെയാണ് ചമ്പാരൻ മട്ടൻ തയ്യാറാക്കുന്നതെന്ന് ലാലു പ്രസാദ് വിശദമായി രാഹുലിനെ പഠിപ്പിച്ചു. സുഗന്ധവ്യഞ്ജനങ്ങൾ ചേർക്കുക, മാംസം മാരിനേറ്റ് ചെയ്യുക, തുടർന്ന് എല്ലാം കാര്യവും ലാലു രാഹുലിന് നിർദേശം നൽകി. വിഭവം തയ്യാറാക്കുന്നതിനിടെ, രാഹുൽ രാഷ്ട്രീയവും ചർച്ച ചെയ്തു. രാഷ്‌ട്രീയത്തിൽ ലാലു പ്രസാദിന്റെ രഹസ്യക്കൂട്ടിനെക്കുറിച്ചും രാഹുൽ ചോദ്യമുന്നയിച്ചു. കഠിനാധ്വാനവും അനീതിക്കെതിരെ പോരാട്ടവുമാണ് തന്റെ രാഷ്ട്രീയത്തിലെ വിജയകരമായ ചേരുവയെന്ന് ലാലു പ്രസാദ് രാഹുലിനോട് വ്യക്തമാക്കി. അടുത്ത തലമുറയിലെ രാഷ്ട്രീയക്കാർക്കുള്ള അദ്ദേഹത്തിന്റെ ഉപദേശം എന്താണെന്നും രാഹുൽ ലാലുവിനോട് ചോദിച്ചു.
നിങ്ങളുടെ മാതാപിതാക്കളും മുത്തശ്ശിയും രാജ്യത്തെ ഒരു പുതിയ പാതയിലേക്ക്, നീതിയുടെ പാതയിലേക്ക് നയിച്ചു . നിങ്ങൾ ഒരിക്കലും അക്കാര്യം മറക്കരുതെന്നും ലാലു രാഹുലിന് ഉപദേശം നൽകി. ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവും സഹോദരി മിസ ഭാരതിയും ഇരുവർക്കുമൊപ്പം കൂടെക്കൂടി. പാചകത്തിന് ശേഷം എല്ലാവരും ഒരുമിച്ച് ഭക്ഷണം കഴിക്കുകയും രുചിയൂറുന്ന ചമ്പാരൻ മട്ടൻ പാഴ്സലാക്കി പ്രിയങ്കാ ഗാന്ധിക്ക് നൽകണമെന്ന് പറഞ്ഞ് രാഹുലിനെ ഏൽപ്പിക്കുകയും ചെയ്തു.