ദമ്പതികളുടെ വ്യാജ സ്വകാര്യ ദൃശ്യങ്ങൾ ഓൺലൈനിൽ, ഉപയോഗിച്ചത് എഐ സാങ്കേതിക വിദ്യ; പിന്നിൽ ജീവനക്കാരി!
സംഭവവുമായി ബന്ധപ്പെട്ട് 23 കാരിയായ സോണിയ എന്ന യുവതിയെ അറസ്റ്റ് ചെയ്തതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇവർ ദമ്പതികളുടെ റസ്റ്റോറന്റിലെ ജീവനക്കാരിയായിരുന്നു.
ദില്ലി: സ്വകാര്യ നിമിഷങ്ങൾ ഓൺലൈനിൽ പ്രചരിച്ചതിൽ വിശദീകരണവുമായി ദമ്പതികൾ. എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് വീഡിയോ മോർഫ് ചെയ്തതാണെന്നും തങ്ങളെ ബ്ലാക്ക് മെയിൽ ചെയ്യാനായി വീഡിയോ കൃത്രിമമായി നിർമിച്ച് പ്രചരിപ്പിച്ചതാണെന്നും ദമ്പതികൾ പറഞ്ഞു. ഇൻസ്റ്റാഗ്രാമിലൂടെയാണ് ദമ്പതികൾ വിശദീകരണവുമായി എത്തിയത്. ജലന്ധറിലെ തങ്ങളുടെ റസ്റ്റോറന്‍റില്‍ 'കുൽഹാദ് പിസ്സ' പാചകം ചെയ്തതിലൂടെ പ്രശസ്തരായ ദമ്പതികളുടെ വീഡിയോയാണ് പ്രചരിച്ചത്. വീഡിയോ പ്രചരിപ്പിക്കരുതെന്ന് ഇരുവരും ആളുകളോട് അഭ്യർത്ഥിച്ചു.
ഒരു വ്യക്തി തന്നെ ബ്ലാക്ക് മെയിൽ ചെയ്താണ് വ്യാജ വീഡിയോ ഓൺലൈനിൽ പ്രചരിപ്പിച്ചതെന്ന് യുവാവ് പറഞ്ഞു. വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോ വ്യാജമാണ്. 15 ദിവസം മുമ്പ് ഇൻസ്റ്റാഗ്രാമിൽ ഒരു സന്ദേശം വന്നു. വീഡിയോ സഹിതമായിരുന്നു മെസേജ്. പണം തന്നില്ലെങ്കിൽ വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. പണം നൽകേണ്ടതില്ലെന്ന് തീരുമാനിച്ച് ജലന്ധറിലെ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെന്നും യുവാവ് പറഞ്ഞു. സംഭവത്തിൽ ചിലരെ പൊലീസ് പിടികൂടിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു കുഞ്ഞ് ജനിക്കുന്നതിനാൽ രണ്ട് മൂന്ന് ദിവസത്തേക്ക് ആശുപത്രി സന്ദർശനങ്ങളുടെ തിരക്കിലായിരുന്നു. അതുകൊണ്ട് കൂടുതൽ ശ്രദ്ധിച്ചില്ല. അതിനിടെ വീഡിയോ പ്രചരിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.
പൂർണ്ണമായും വ്യാജമായ ദൃശ്യങ്ങളാണ് പ്രചരിച്ചത്. എഐ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ദൃശ്യങ്ങൾ നിർമിച്ചതെന്നും യുവാവ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് 23 കാരിയായ സോണിയ എന്ന യുവതിയെ അറസ്റ്റ് ചെയ്തതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇവർ ദമ്പതികളുടെ റസ്റ്റോറന്റിലെ ജീവനക്കാരിയായിരുന്നു. സെപ്റ്റംബർ നാലിന് ഇവരെ ജോലിയിൽ നിന്ന് പുറത്താക്കി. ഈ വർഷം സെപ്തംബർ 4 ന് കുൽഹാദ് പിസ ദമ്പതികൾ യുവതിയെ ജോലിയിൽ നിന്ന് പുറത്താക്കിയെന്നാണ് റിപ്പോർട്ട്. ഐടി ആക്‌ട് സെക്ഷൻ 66 ഇ, 66 (ഡി), ഐപിസി ആക്‌ട് 509, 384 എന്നിവ പ്രകാരമാണ് കേസെടുത്തത്.